സൂരജ്​ സന്തോഷ്

ഇ​പ്പോ​ൾ സം​സാ​രി​ച്ചി​ല്ലെ​ങ്കി​ൽ പി​ന്നെ എ​പ്പോഴാണ്​?

മലയാളത്തിലെ പ്രശസ്​ത യുവഗായകനും മിക​ച്ച ഗാ​യ​ക​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര​പു​ര​സ്​​കാ​ര​മടക്കം നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്​ത സൂരജ്​ സന്തോഷ്​ സംസാരിക്കുന്നു -സമകാലിക വിവാദത്തെപ്പറ്റി, ഇന്ത്യയിലെ വർത്തമാന അവസ്ഥകളെപ്പറ്റി, സംഗീതത്തെപ്പറ്റി, ത​ന്റെ ജീവിതയാത്രയെപ്പറ്റി.

‘‘ഉ​യി​രി​ൽ തൊ​ടും ത​ളി​ർ

വി​ര​ലാ​വ​ണേ നീ...

​അ​രി​കേ ന​ട​ക്ക​ണേ... അ​ല​യും

ചു​ടു​കാ​റ്റി​നു കൂ​ട്ടി​ണ​യാ​യ്​

നാ​മൊ​രു നാ​ൾ കി​നാ​ക്കു​ടി​ലി​ൽ

ചെ​ന്ന​ണ​യു​മി​രു​നി​ലാ​വ​ല​യാ​യ്...’’

മ​ന​സ്സി​ൽ പ്ര​ണ​യ​മു​ള്ള ഏ​തൊ​രാ​ളും അ​ത്ര​മേ​ൽ പ്ര​ണ​യ​ത്തോ​ടെ മൂ​ളി​പ്പോ​കു​ന്ന വ​രി​ക​ൾ. 2019ൽ ​പു​റ​ത്തി​റ​ങ്ങി ഹി​റ്റാ​യി മാ​റിയ​ ‘കു​മ്പ​ള​ങ്ങി നൈ​റ്റ്സ്’​ എ​ന്ന സി​നി​മ​യി​ലെ അ​തി​ലും വ​ലി​യ ഹി​റ്റാ​യ പാ​ട്ട്​. അ​സ്ഥി​യി​ൽ തൊ​ടും പ്ര​ണ​യ​ത്തിന്റെ ആ​ർ​ദ്ര​ത തു​ളു​മ്പു​ന്ന യു​ഗ്മ​ഗാ​നം. പാ​ടി​യ​ത് പ്ര​മു​ഖ യു​വ​ഗാ​യ​ക​ൻ സൂ​ര​ജ് സ​ന്തോ​ഷാ​ണ്, കൂ​ടെ ആ​ൻ ആ​മി​യും. ഭാ​വ​സാ​ന്ദ്ര​വും പ്ര​ണ​യാ​ർ​ദ്ര​വു​മാ​യ മെ​ല​ഡി പ്രേ​ക്ഷ​ക ഹൃ​ദ​യ​ങ്ങ​ളി​ലെ ലോ​ല​ത​ന്ത്രി​ക​ളെ തൊ​ട്ടു​ണ​ർ​ത്തു​ന്ന​താ​യി​രു​ന്നു. ഒ​രു ഭാ​വ​ഗാ​യ​ക​നെ​ന്ന നി​ല​യി​ൽ സൂ​ര​ജി​ന്റെ സ്വ​ര​മു​ദ്ര പ​തി​ഞ്ഞ​തും.​

എ​ന്നാ​ൽ, അ​തേ ഗാ​യ​ക​ൻ അ​ടു​ത്തി​ടെ​​ ഒ​രു സാ​മൂ​ഹി​ക​​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു. അ​തി​ന്​ പ​ക്ഷേ, ഈ ​ലോ​ല​ഭാ​വ​മു​ണ്ടാ​യി​രു​ന്നി​ല്ല, ചി​ന്ത​യെ പ്ര​കോ​പി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ​ദി​ന​ത്തി​ല്‍ എ​ല്ലാ​വ​രും വീ​ടു​ക​ളി​ല്‍ വി​ള​ക്ക് തെ​ളി​യി​ക്ക​ണ​മെ​ന്നും രാ​മ​നാ​മം ജ​പി​ക്ക​ണ​മെ​ന്നു​മു​ള്ള ചി​ത്ര​യു​ടെ ആ​ഹ്വാ​ന​ത്തി​നെ​തി​രെ​യാ​യി​രു​ന്നു ആ ​ചാ​ട്ടു​ളി. സൂ​ര​ജ്​ സ​ന്തോ​ഷ്​ ഇ​ൻ​സ്​​റ്റഗ്രാം സ്​​റ്റോ​റി​യി​ൽ ഇ​ങ്ങ​നെ കു​റി​ച്ചു​; ‘‘ഹൈ​ലൈ​റ്റ് എ​ന്താ​ണെ​ന്ന് വെ​ച്ചാ​ല്‍, സൗ​ക​ര്യ​പൂ​ര്‍വം ച​രി​ത്രം മ​റ​ന്നു​കൊ​ണ്ട്, പ​ള്ളി പൊ​ളി​ച്ചാ​ണ് അ​മ്പ​ലം പ​ണി​ത​തെ​ന്ന വ​സ്തു​ത സൈ​ഡി​ലേ​ക്ക് മാ​റ്റി​​െവ​ച്ചി​ട്ട് ലോ​കാ സ​മ​സ്ത സു​ഖി​നോ ഭ​വ​ന്തു​െവന്നൊ​ക്കെ പ​റ​യു​ന്ന ആ ​നി​ഷ്‌​ക​ള​ങ്ക​ത​യാ​ണ്. വി​ഗ്ര​ഹ​ങ്ങ​ള്‍ ഇ​നി എ​ത്ര ഉ​ട​യാ​ന്‍ കി​ട​ക്കു​ന്നു ഓ​രോ​ന്നാ​യ്. എ​ത്ര​യെ​ത്ര കെ.​എ​സ്. ചി​ത്ര​മാ​ര്‍ ത​നി സ്വ​രൂ​പം കാ​ട്ടാ​നി​രി​ക്കു​ന്നു. ക​ഷ്​​ടം, പ​ര​മ ക​ഷ്​​ടം...’’

സൂ​ര​ജി​നെ​തി​രെ ചി​ല കോ​ണു​ക​ളി​ൽ​നി​ന്ന്​ രൂ​ക്ഷ​മാ​യ സൈ​ബ​റാ​ക്ര​മ​ണ​മു​ണ്ടാ​യി. പ​ക്ഷേ, സൂ​ര​ജ്​ കു​ലു​ങ്ങി​യി​ല്ല. എ​ല്ലാ​റ്റി​നും നി​ല​പാ​ടി​ന്റെ ദൃ​ഢ​ത​യു​ള്ള ഒ​റ്റ മ​റു​പ​ടി. ‘‘തീ​ർ​ച്ച​യാ​യും പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ചുനി​ൽ​ക്കു​ന്നു. ഭ​ര​ണ​ഘ​ട​ന എ​നി​ക്ക് ന​ൽ​കു​ന്ന അ​വ​കാ​ശ​മു​ണ്ട്. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഞാ​നെ​ന്റെ പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഞാ​ൻ വി​മ​ർ​ശി​ച്ച​ത് ചി​ത്ര​യു​ടെ സം​ഗീ​ത​ത്തെ​യ​ല്ല നി​ല​പാ​ടി​നെ​യാ​ണ്. എ​ന്നി​ലെ നീ​തി​ബോ​ധ​മാ​ണ്​ അ​തി​ന്​ പ്രേ​രി​പ്പി​ച്ച​ത്. ഞാ​ന​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു.’’ ​

വി​മ​ർ​ശി​ക്കാ​ൻ ആ​രാ​ണ്​ ഈ ​സൂ​ര​ജ്​ എ​ന്ന്​ ചോ​ദി​ച്ചു​വ​ന്ന​വ​ർ​ക്കു​ള്ള ഉ​ഗ്ര​ൻ​ മ​റു​പ​ടി മി​ക​ച്ച ഗാ​യ​ക​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര​പു​ര​സ്​​കാ​ര​മ​ട​ക്കം നേ​ടി​യ ആ ​ഗാ​യ​ക​ൻ​ പാ​ടി​യ നൂ​റു​ക​ണ​ക്കി​ന്​ പാ​ട്ടു​ക​ൾ ത​ന്നെ​യാ​യി​രു​ന്നു. അ​ബ​ദ്ധം തി​രി​ച്ച​റി​ഞ്ഞ അ​വ​രി​ലെ ത​രി​െ​മ്പ​ങ്കി​ലും​ വി​വേ​ക​മു​ള്ള​വ​ർ ജാ​ള്യ​ത​യോ​ടെ പി​ൻ​വാ​ങ്ങി. അ​തു​കൂ​ടി​യി​ല്ലാ​ത്ത​വ​ർ ആ​ക്ര​മ​ണം തു​ട​ർ​ന്നു. ആ ​വി​വാ​ദ​ത്തെ​യും പ്ര​ത്യാ​ഘാ​ത​ത്തെ​യും ഒ​പ്പം ത​ന്റെ സം​ഗീ​തസ​പ​ര്യ​യെ​യും കു​റി​ച്ച്​ സം​സാ​രി​ക്കു​ക​യാ​ണ്​ സൂ​ര​ജ്​ സ​ന്തോ​ഷ്.

അ​യോ​ധ്യ​യി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ സ​മ​യ​ത്ത് വി​ള​ക്ക് കൊ​ളു​ത്ത​ണ​മെ​ന്നും രാ​മ​നാ​മം ജ​പി​ക്ക​ണ​മെ​ന്നും കെ.​എ​സ്. ചി​ത്ര ആ​വ​ശ്യ​പ്പെ​ട്ട​ത് വി​ശ്വാ​സി​ക​ളോ​ട​ല്ലേ? എ​ന്തു​കൊ​ണ്ടാ​ണ് അ​ത്​ വി​മ​ർ​ശി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്​ എ​ന്ന്​ തോ​ന്നിയത്?

വി​ശ്വാ​സി​ക​ളോ​ട​ല്ല ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ല്ലാ​വ​രോ​ടും എ​ന്ന നി​ല​യി​ലാ​ണ്​ ചി​ത്ര അ​ത്​ പ​റ​ഞ്ഞ​ത്. അ​ത്​ വേ​ണ​മെ​ങ്കി​ൽ വി​ശ്വാ​സി​ക​ളോ​ടാ​ണ്​ എ​ന്ന്​ വി​വ​ക്ഷി​ക്കാം. എ​ന്നി​രു​ന്നാ​ൽ കൂ​ടി അ​തൊ​രു നീ​തി​ബോ​ധ​മി​ല്ലാ​ത്ത സ്​​റ്റേ​റ്റ്​​മെ​ന്റാ​യി​ട്ടാ​ണ്​ തോ​ന്നി​യ​ത്. ച​രി​ത്രം എ​ന്ന്​ പ​റ​യു​ന്ന​ത്​ ന​മു​ക്ക്​ അ​ങ്ങ​നെ മ​റ​ക്കാ​ൻ പ​റ്റി​ല്ല​ല്ലോ. അ​ത​റി​യു​ന്ന എ​ല്ലാ​വ​ർ​ക്കുംത​ന്നെ അ​റി​യാം. ബാ​ബരി എ​ന്ന പ​ള്ളി പൊ​ളി​ച്ചി​ട്ടാ​ണ്​ അ​വി​ടെ​യൊ​രു അ​മ്പ​ലം വ​രു​ന്ന​തെ​ന്ന​ത്​. സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ലെ രാ​ഷ്​​ട്രീ​യം പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സ്സി​ലാ​കും, ഒ​രു ഭൂ​രി​പ​ക്ഷ സ​മു​ദാ​യം ഒ​രു ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തെ എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്​ അ​ടി​ച്ച​മ​ർ​ത്തു​ന്ന​​തെ​ന്ന്​.

അ​പ്പോ​ൾ അ​തി​ന്റെ​യൊ​ന്നും ഭാ​ഗ​മാ​യി നി​ൽ​ക്കാ​ൻ ഇൗ ​നീ​തി​ബോ​ധ​വും ജ​നാ​ധി​പ​ത്യ​ബോ​ധ​വു​മൊ​ക്കെ​യു​ള്ള മ​നു​ഷ്യ​ർ​ക്ക്​ പ​റ്റി​ല്ല. ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന കു​റ​ച്ച്​ ഉ​റ​പ്പു​ക​ളു​ണ്ട്. ഒ​രു പൗ​ര​നാ​യി ത​ന്നെ ഇ​ന്ത്യ​യി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്​ ഭ​ര​ണ​ഘ​ട​ന​യു​ള്ള​തു​കൊ​ണ്ടാ​ണ്. അ​തി​ന്റെ ക​ട​യ്​​ക്ക​ൽ ക​ത്തി​വെ​ക്കു​ന്ന പ​ല പ​രി​പാ​ടി​ക​ളു​മാ​യി​ട്ട്​ ഇ​ന്ത്യ​യി​ലെ ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ മു​ന്നേ​റു​േ​മ്പാ​ൾ ന​മു​ക്ക്​ അ​തി​നെ ചെ​റു​ത്തു​നി​ൽ​ക്കേ​ണ്ടു​ന്ന​തി​ന്റെ ആ​വ​ശ്യ​മു​ണ്ട്.

അ​തി​പ്പോ​ൾ ബാ​ബ​രി​യു​ടെ കാ​ര്യ​ത്തി​ലാ​ണെ​ങ്കി​ൽ അ​തൊ​രു പൊ​ളി​റ്റി​ക്ക​ൽ സ്​​റ്റ​ണ്ടാ​ക്കി മാ​റ്റി. ബാ​ബ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്തും രാ​ഷ്​​ട്രീ​യ അ​ജ​ണ്ട​യോ​ട്​ കൂ​ടി ന​ട​ത്തു​ന്ന​താ​യി മാ​റി. ആ​ത്മീ​യ​ത​യു​ടെ​യും ഭ​ക്തി​യു​ടെ​യും പേ​രി​ലാ​ണ്​ സ്​​റ്റ​ണ്ട്​ ന​ട​ത്തു​ന്ന​ത്. അ​ത്​ ആ​ത്മാ​ർ​ഥ​മാ​യ ആ​ത്മീ​യ​ത​യോ ഭ​ക്തി​യോ ഒ​ന്നു​മ​ല്ല. ഇ​വി​ടെ ഇ​തി​ന്​ മു​മ്പ്​ ത​ന്നെ പ​ല അ​മ്പ​ല​ങ്ങ​ളും പ​ണി​ത​പ്പോ​ൾ ഭ​ര​ണ​കൂ​ടം നേ​രി​ട്ട്​ പോ​യി കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന പ​രി​പാ​ടി​യൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.

ഭ​ര​ണ​കൂ​ട​ത്തി​ന്റെ സ​മീ​പ​നം മ​താ​ധി​ഷ്ഠി​ത​മാ​കു​ന്നോ?

ന​മ്മു​ടെ രാ​ജ്യം ഇ​പ്പോ​ഴും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ രാ​ജ്യം ത​ന്നെ​യാ​ണ്. അ​വി​ടെ ഒ​രു മ​താ​ധി​ഷ്​​ഠി​ത​മാ​യ കാ​ര്യ​ങ്ങ​ൾ, ഒ​രു പ്ര​ത്യേ​ക അ​ജ​ണ്ട​യോ​ട്​ കൂ​ടി ന​ട​പ്പാ​ക്കി, ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തെ ന്യൂ​ന​പ​ക്ഷ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കേ​ണ്ട​തു​ണ്ട്. അ​ങ്ങ​നെ​യു​ള്ള സ്​​റ്റേ​റ്റ്മെ​ന്റു​ക​ൾ ആ​രു പ​റ​ഞ്ഞാ​ലും വി​മ​ർ​ശി​ക്കേ​ണ്ട​തു​ണ്ട്, ആ​രു പ​റ​ഞ്ഞാ​ലും! സ​ഭ്യ​മാ​യ ഭാ​ഷ​യി​ൽ മാ​ന്യ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. നീ​തി​യി​ല്ലാ​ത്ത കാ​ര്യം ആ​രു പ​റ​ഞ്ഞാ​ലും അ​തും കേ​ട്ട്​ അ​ങ്ങ​നെ മാ​റി​നി​ൽ​ക്കേ​ണ്ട ആ​വ​ശ്യ​മൊ​ന്നു​മി​ല്ല.

പ​ക​രം നി​ർ​ഭ​യ​മാ​യി ത​ന്നെ പ​റ​യ​ണം. ഇ​പ്പോ​ൾ സം​സാ​രി​ച്ചി​ല്ലെ​ങ്കി​ൽ പി​ന്നെ എ​പ്പോ സം​സാ​രി​ക്കാ​നാ​ണ്​? ക​ത്തി ക​ഴു​ത്തി​ന്റെ അ​ടു​ത്തെ​ത്തി. ഇ​നി​യൊ​ന്ന്​ കു​ത്തി​യ​മ​ർ​ത്തി​യാ​ൽ മാ​ത്രം മ​തി. അ​മ​ർ​ത്തി​ക്ക​ഴി​ഞ്ഞി​ട്ട്​ പി​ന്നെ സം​സാ​രി​ക്കാ​ൻ നാ​വു​ണ്ടാ​വ​ണ​മെ​ന്നി​ല്ല. എ​ല്ലാ​വ​രു​ടെ​യും ക​ട​മ​യാ​ണെ​ന്നാ​ണ്​ തോ​ന്നു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന എ​ല്ലാ​വ​രും പ്ര​ത്യേ​കി​ച്ച്​ ​ഒ​രു പ്രി​വി​ലേ​ജ്​​ഡ്​ ക​മ്യൂണി​റ്റി​യി​ലു​ള്ള എ​ല്ലാ​വ​രും ത​ന്നെ. ജ​ന്മംകൊ​ണ്ട്​ പ്രി​വി​ലേ​ജ്​​ഡാ​യ എ​ല്ലാ​വ​രും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള അ​ജ​ണ്ട​ക​ൾ​ക്കും പ​രി​പാ​ടി​ക​ൾ​ക്കു​മെ​തി​രെ സം​സാ​രി​ക്കു​ക ത​ന്നെ വേ​ണം. അ​തി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​ത്​ ക​ട​മ​യാ​യി​​ട്ട്​ ഏ​റ്റെ​ടു​ക്ക​ണം.

ക​ലാ​കാ​ര​ന്​ രാ​ഷ്​​ട്രീ​യം പാ​ടു​ണ്ടോ? ക​ല സ​മൂ​ഹ​ത്തി​നു വേ​ണ്ടി​യാ​ണെ​ന്ന്​ ക​രു​തു​ന്നു​ണ്ടോ?

തീ​ർ​ച്ച​യാ​യും, ക​ലാ​കാ​ര​ന്​ രാ​ഷ്​​ട്രീ​യം പാ​ടി​ല്ല എ​ന്നൊ​രു ക്ലീ​ഷേ​യാ​യ ചി​ന്ത​യു​ണ്ട്. ഇ​നി ക​ലാ​കാ​ര​ന​ല്ലെ​ങ്കി​ലും എ​ല്ലാ​വ​ർ​ക്കും രാ​ഷ്​​ട്രീ​യമു​ണ്ട്​ എ​ന്നാ​ണ്​ എ​ന്റെ പ​​ക്ഷം. നി​ങ്ങ​ൾ​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ണ്ടെ​ങ്കി​ൽ, ജീ​വി​ത​ത്തി​ൽ എ​ന്തെ​ങ്കി​ലു​മൊ​ക്കെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത്​ നി​ങ്ങ​ളു​ടെ രാ​ഷ്​​ട്രീ​യ​മാ​ണ്. അ​താ​ണ്​ നി​ങ്ങ​ളു​ടെ രാ​ഷ്​​ട്രീ​യം. അ​ല്ലാ​തെ ഏ​തെ​ങ്കി​ലും ക​ക്ഷി​രാ​ഷ്​​ട്രീ​യ​ത്തി​ൽ ചേ​ർ​ന്നാ​ൽ മാ​ത്ര​മേ നി​ങ്ങ​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പ​ഴ​കു​ന്നു​ള്ളൂ എ​ന്ന​ത്​ വ​ള​രെ ഉ​പ​രി​പ്ല​വ​മാ​യ മ​ന​സ്സി​ലാ​ക്ക​ൽ മാ​ത്ര​മാ​ണ്. ക​ല ക​ല​​​ക്ക്​ വേ​ണ്ടി​യെ​ന്നൊ​ക്കെ പ​ല​രും പ​റ​ഞ്ഞു​കേ​ൾ​ക്കാ​റു​ണ്ട്. അ​തൊ​രു ര​ക്ഷ​പ്പെ​ട​ലാ​ണ്. ഒ​ന്നി​ന്റെ​യും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കേ​ണ്ട. അ​ത​ല്ല ശ​രി.

ന​മ്മ​ൾ കു​റ​ച്ചൊ​ക്കെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​വ​രാ​യി​െ​ട്ടാ​ക്കെ ചി​ന്തി​ക്ക​ണം. ക​ല എ​ന്ന​ത്​ സ​മൂ​ഹ​ത്തി​ന്റെ ന​വോ​ത്ഥാ​ന​ത്തി​നുവേ​ണ്ടി​യു​ള്ള ടൂൾത​ന്നെ​യാ​ണ്. അ​തൊ​രു രാ​ഷ്​​ട്രീ​യപ്ര​വ​ർ​ത്ത​നം ത​ന്നെ​യാ​ണ്. പൊ​തു​വി​ൽ പ​റ​യാ​റു​ണ്ട്. റോ​ഡി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​തും രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​കു​ന്ന​തും മാ​ത്ര​മ​ല്ല രാ​ഷ്​​ട്രീ​യം. രാ​ഷ്​​ട്രീ​യ​മെ​ന്ന​ത്​ ന​മ്മു​ടേ​ത്​ കൂ​ടി​യ​ല്ലാ​തെ മ​റ്റു​ള്ള​വ​നേ​യും കൂ​ടി ചേ​ർ​ത്തു​നി​ർ​ത്താ​ൻ സാ​ധി​ക്കു​ന്ന ഒ​രു ഇ​ട​പെ​ട​ൽ കൂ​ടി​യാ​ണ്. ന​മു​ക്കുവേ​ണ്ടി മാ​ത്രം ചി​ന്തി​ക്കാ​തെ, സ്വാ​ർ​ഥ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി മാ​ത്രം നി​ൽ​ക്കാ​തെ മ​റ്റു​ള്ള​വ​രെ കൂ​ടി പ​രി​ഗ​ണി​ച്ചു​കൊ​ണ്ട്​ അ​വ​ർ​ക്ക്​ വേ​ണ്ടി കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വൃ​ത്തി​യെ​യാ​ണ്​ രാ​ഷ്​​ട്രീ​യം എ​ന്ന്​ പ​റ​യു​ന്ന​ത്.

ചി​ത്ര​യെ വി​മ​ർ​ശി​ക്കു​േ​മ്പാ​ൾ, ക​ലാ​കാ​ര​നാ​ണ്, അ​തി​നൊ​രു വാ​ണി​ജ്യവ​ശം കൂ​ടി​യു​ണ്ട​ല്ലോ! അ​തി​നെ കു​റി​ച്ചൊ​ന്നും ചി​ന്തി​ച്ചി​ല്ലേ? പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​വു​മെ​ന്നൊ​ന്നും?

അ​ങ്ങ​നെ ചി​ന്തി​ച്ച്​ ന​മ്മ​ൾ പ​ല അ​ഭി​പ്രാ​യ​ങ്ങ​ളും രൂ​പ​വ​ത്​​ക​രി​ക്കാ​ൻ നി​ന്നാ​ൽ അ​വി​ടെ ന​മ്മ​ൾ സ്വാ​ർ​ഥ​ത​യോ​ടു കൂ​ടി ചി​ന്തി​ക്കു​ന്നു എ​ന്ന അം​ശം വ​രി​ല്ലേ? മാ​ത്ര​മ​ല്ല, എ​ന്ത്​ കാ​ര്യ​ത്തി​ലാ​ണ്​ ന​മ്മ​ൾ പ്ര​തി​ക​രി​ക്കു​ന്ന​ത്​ എ​ന്ന​തും പ്ര​ധാ​ന​മാ​ണ്. ഇൗ ​അ​യോ​ധ്യ വി​ഷ​യം എ​ന്ന​ത്​ അ​ത്ര നി​സ്സാ​ര​മാ​യ ഒ​രു കാ​ര്യ​മ​ല്ല. രാ​ജ്യ​ത്തെ ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന ഒ​രു സ​മൂ​ഹം ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​യ മു​സ്​​ലിം​ക​ളും ക്രി​സ്​​ത്യാ​നി​ക​ളും ദ​ലി​തു​ക​ളു​മ​ട​ക്ക​മു​ള്ള​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ​യൊ​ക്കെ ഹ​നി​ക്കു​ന്ന ഒ​രു കാ​ലാ​വ​സ്ഥ ക​ൺ​മു​ന്നി​ൽ കാ​ണാ​ൻ പ​റ്റു​േ​മ്പാ​ൾ അ​ത്​ ന​മ്മ​ളെ​യൊ​ന്നും ബാ​ധി​ക്കു​ന്നി​ല്ല​ല്ലോ, ന​മ്മ​ൾ ന​ല്ല കം​ഫ​ർ​ട്ട​ബി​ളാ​യി ഇ​രി​ക്കു​ന്നു​ണ്ട​ല്ലോ എ​ന്ന അ​വ​സ്ഥ​യി​ൽ ഇ​രി​ക്കു​ന്ന​ത്​ നി​ങ്ങ​ളു​ടെ പ്രി​വി​ലേ​ജ്​ മാ​ത്ര​മാ​ണ്. നി​ങ്ങ​ളു​ടെ പ്രി​വി​ലേ​ജ്​ നി​ങ്ങ​ൾ​ക്ക്​ മ​ന​സ്സി​ലാ​ക്കാ​ൻ പ​റ്റാ​ത്ത​തു​കൊ​ണ്ടാ​ണ്​ അ​ങ്ങ​നെ നി​ൽ​ക്കാ​ൻ പ​റ്റു​ന്ന​ത്.

അ​ങ്ങ​നെ നി​ൽ​ക്കു​ന്ന​തി​ന്​ പ​ക​രം ന​മ്മ​ളെ​ല്ലാ​വ​രും തോ​ളോ​ടുതോ​ള്​ ചേ​ർ​ന്ന്​ ഇ​തി​നെ​തി​രെ ശ​ബ്​​ദ​മു​യ​ർ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ഇ​ത്​ വ​ലി​യൊ​രു ധ്വ​നി​യാ​യി മാ​റും. അ​തി​ന്​ മാ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യും എ​ന്നാ​ണ്​ വി​ശ്വ​സി​ക്കു​ന്ന​ത്. അ​ങ്ങ​നെ നി​ന്നാ​ൽ, പ്ര​തി​ക​രി​ച്ചാ​ൽ ന​മ്മു​ടെ സ്വാ​ർ​ഥതാ​ൽ​പ​ര്യ​ങ്ങ​ൾ​​ക്ക്​ എ​തി​രാ​വും, വ്യ​ക്തി​പ​ര​മാ​യ ന​ഷ്​​ട​മു​ണ്ടാ​വു​മെ​ന്നൊ​ന്നും അ​പ്പോ​ൾ ഞാ​ൻ ചി​ന്തി​ച്ചി​ല്ല. ഇ​ങ്ങ​നെ​യു​ള്ള സം​ഭ​വ​ങ്ങ​ളി​ൽ മ​നു​ഷ്യ​നാ​യി​ട്ടാ​ണ്​ ന​മ്മ​ൾ പ്ര​തി​ക​രി​ക്കു​ന്ന​ത്. മാ​ന​വി​ക​ത​യാ​ണ്​ ന​മ്മു​ടെ അ​ടി​സ്ഥാ​നം.

കെ.എസ്​. ചിത്ര

 

ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​മാ​ണോ ന​ട​ക്കു​ന്ന​ത്​?

നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന​താ​ണ്​ ന​മ്മു​ടെ സ​വി​ശേ​ഷ​ത. ആ ​വൈ​വി​ധ്യ​ത്തെ​യാ​ണ്, ബ​ഹു​സ്വ​ര​ത​യെ​യാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഒ​ത്താ​ശ​യോ​ടെ​ ഇ​പ്പോ​ൾ ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വൈ​വി​ധ്യ​ത്തെ ന​ശി​പ്പി​ച്ച്​ എ​ല്ലാം ഒ​ന്നെ​ന്ന പ​രി​പാ​ടി​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഒ​ന്നെ​ന്ന​തി​ന്​ എ​ങ്ങ​നെ നി​ല​നി​ൽ​പു​ണ്ടാ​വും? ഇ​ന്ത്യ അ​ടി​മു​ടി വൈ​വി​ധ്യം നി​റ​ഞ്ഞ​താ​ണ്. ഭൂ​മി​ശാ​സ്​​ത്ര​പ​ര​മാ​യി പോ​ലും. ഒാ​രോ പ​ത്ത്​ കി​ലോ​മീ​റ്റ​ർ ക​ഴി​യു​േ​മ്പാ​ഴും ഭാ​ഷ​യും സം​സ്​​കാ​ര​വുംപോ​ലും മാ​റു​ക​യാ​ണ്. ഭാ​ഷ മാ​റു​ന്നു, ഭ​ക്ഷ​ണ​രീ​തി മാ​റു​ന്നു, ശൈ​ലി​ക​ൾ മാ​റു​ന്നു, എ​ല്ലാം മാ​റു​ന്നു. അ​ത്ര​യും ഡൈ​വേ​ഴ്​​സാ​യ സം​സ്​​കാ​ര​ത്തെ എ​ങ്ങ​നെ ഒ​ന്നി​ൽ കെ​ട്ടാ​ൻ ക​ഴി​യും? വൈ​വി​ധ്യ​മാ​ണ്​ സൗ​ന്ദ​ര്യം. ആ ​സൗ​ന്ദ​ര്യ​ത്തെ എ​ന്തി​ന്​ ത​ക​ർ​ക്ക​ണം? ഇ​തി​ന്റെ ഒ​രു ​ആ​ക​ത്തു​ക​യി​ലാ​ണ്​ എ​ല്ലാ​റ്റി​നെ​യും കാ​ണേ​ണ്ട​ത്.

വി​വാ​ദ​ത്തി​ന്റെ പ്ര​ത്യാ​ഘാ​തം എ​ന്താ​യി​രു​ന്നു?

മാ​സീ​വാ​യ ഒാ​ൺ​ലൈ​ൻ അ​റ്റാ​ക്കു​ണ്ടാ​യി. കാ​യി​ക​പ​ര​മാ​യി ഉ​ണ്ടാ​യി​ട്ടി​ല്ല. ഭീ​ഷ​ണി​ കാ​ളു​ക​ൾ വ​ന്നി​ട്ടു​ണ്ടാ​യി​രു​ന്നു, കൊ​ല്ലും എ​ന്ന്​ പ​റ​ഞ്ഞ്. ഒ​ന്നു​ര​ണ്ട്​ ​കാ​ളു​ക​ൾ​ക്കെ​തി​രെ ഡി​.സി.​പി​ക്ക്​ പ​രാ​തി ന​ൽ​കി. ഒ​രാ​ളെ അ​റ​സ്​​റ്റ്​​ ചെ​യ്​​തി​ട്ടു​ണ്ട്. ആ ​കേ​സ്​ മു​ന്നോ​ട്ട്​ പോ​വു​ക​യാ​ണ്. ആ​ർ.​എ​സ്.​എ​സ്-​സം​ഘ്​​പ​രി​വാ​ർ ആ​ളു​ക​ളാ​ണ്​ ഇ​തി​ന്​ പി​ന്നി​ൽ. ഒ​രു​പാ​ട്​ വ്യാ​ജ​ വാ​ർ​ത്ത​ക​ൾ വ​ന്നു. സം​ഘ്​​പ​രി​വാ​ർ ഹാ​ൻ​ഡി​ലു​ക​ളാ​ണ്​ അ​തു​ണ്ടാ​ക്കി പ്ര​ച​രി​പ്പി​ച്ച​ത്. ഞാ​ൻ പി.​എ​ഫ്.​െ​എ ചാ​ര​നാ​ണ്​ എ​ന്നു​പോ​ലും വ്യാ​ജ​ വാ​ർ​ത്ത വ​ന്നു. ആ​ല​പ്പു​ഴ ശ്രീ​നി​വാ​സ​ൻ കേ​സി​ലെ പ്ര​തി​ക​ളെ എന്റെ വീ​ട്ടി​ലാ​ണ്​ ഒ​ളി​പ്പി​ച്ച്​ താ​മ​സി​പ്പി​ച്ച​ത്​ എ​ന്നും ​പ്ര​ച​രി​പ്പി​ച്ചു.

എന്റെ അച്ഛ​നും അ​മ്മ​​ക്കും അ​നു​ജ​നും എ​തി​രെ അ​റ​യ്​​ക്കു​ന്ന ഭാ​ഷ​യി​ലാ​ണ്​ ഒാ​ൺ​ലൈ​ൻ ക​മ​ന്റു​ക​ൾ വ​ന്നു​കൊ​ണ്ടി​രു​ന്ന​ത്. അ​ത്​ പു​റ​ത്തു​പ​റ​യാ​ൻപോ​ലും പ​റ്റാ​ത്ത ത​ര​ത്തി​ലു​ള്ള​താ​ണ്. വീ​ട്ടി​ലു​ള്ള​വ​ർ​ക്കെ​തി​രെ അ​സ​ഭ്യ​വ​ർ​ഷ​മു​ണ്ടാ​യ​ത്​ വി​ഷ​മ​മു​ണ്ടാ​ക്കി. എ​ന്നാ​ൽ, എ​നി​ക്കെ​തി​രെ വ​ന്ന​തൊ​ന്നും എ​ന്നെ ബാ​ധി​ച്ചി​ട്ടി​ല്ല. എ​ന്റെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​മാ​ണ്. അ​തി​ലേ​ക്ക്​ എ​ന്റെ അച്ഛനെ​യും അ​​മ്മ​യെ​യും വ​ലി​ച്ചി​ട്ട​ത് ഒ​ര​ൽ​പം വി​ഷ​മ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ച്ഛ​നും അ​മ്മ​ക്കും അ​ത്​ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന​താ​യി​രു​ന്നു. എ​ന്തി​നാ​ണ്​ ഞാ​ന​ത്​ പ​റ​ഞ്ഞ​തെ​ന്ന വ്യ​ക്ത​മാ​യ ധാ​ര​ണ അ​വ​ർ​ക്കു​ണ്ട്. ഒ​രു​പ​രി​ധി വ​രെ അ​തി​നെ മ​റി​ക​ട​ക്കാ​ൻ എ​നി​ക്ക്​ ക​ഴി​ഞ്ഞു.

സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ പ​ത​റി​യോ?

പൊ​തു​വെ വി​ഷ​മ​വും രോ​ഷ​വു​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, ചി​ല​യാ​ളു​ക​ളു​ടെ മ​ന​ഃസ്ഥി​തി ഒാ​ർ​ത്ത്​ അ​വ​രോ​ട്​ എ​നി​ക്ക്​ സ​ഹ​താ​പ​മാ​ണ്​ തോ​ന്നി​യ​ത്. മ​നു​ഷ്യ​രെ​ന്തി​നാ​ണ്​ ഇ​ങ്ങ​നെ ഇ​ടു​ങ്ങി​യ മ​ന​ഃസ്ഥി​തി​യി​ൽ ചി​ന്തി​ക്കു​ന്ന​ത്​? കു​റ​ച്ചു​കൂ​ടി വി​ശാ​ല​മാ​യി ചി​ന്തി​ച്ചു​കൂ​ടെ? എ​ല്ലാ​വ​രും മ​നു​ഷ്യ​ര​ല്ലേ? ഒാ​രോ​രു​ത്ത​രും ഒാ​രോ പ്ര​തി​കൂ​ല​ സാ​ഹ​ച​ര്യ​ങ്ങ​ളോ​ട്​ ഏ​റ്റു​മു​ട്ടി എ​ങ്ങ​നെ​യെ​ങ്കി​ലും ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കുേ​മ്പാ​ൾ മ​ത​ത്തി​ന്റെ​യും ജാ​തി​യു​ടെ​യും വ​ർ​ഗ​ത്തി​ന്റെ​യും ഭാ​ഷ​യു​ടെ​യും വ​ർ​ണ​ത്തി​ന്റെ​യു​മൊ​ക്കെ കാ​ര്യം പ​റ​ഞ്ഞ്​ ന​മ്മ​ള​േ​ങ്ങാ​ട്ടു​മി​ങ്ങോ​ട്ടും ത​ല്ലി​പ്പി​രി​ഞ്ഞ്​ ഇ​രി​ക്കു​ന്ന​ത്​ എ​ത്ര ദുഃ​സ്ഥി​തി​യാ​ണ്! ഇൗ ​പ്ര​പ​ഞ്ച​മെ​ന്ന​ത്​ ഒ​രു ക​ണി​ക​യി​ൽ​നി​ന്നു​ണ്ടാ​യ​താ​ണ്​. അ​ത്ര​യേ​യു​ള്ളൂ! അ​ടു​ത്ത​നി​മി​ഷം എ​ന്ത്​ സം​ഭ​വി​ക്കും എ​ന്ന അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്​ ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത്!

പി​ന്തു​ണ​​​ക്കാ​ൻ ആ​ളു​ണ്ടാ​യി​ല്ലേ?

അ​റ്റാ​ക്കി​നെ കു​റി​ച്ച്​ പ​റ​യു​േ​മ്പാ​ൾ ല​ഭി​ച്ച പി​ന്തു​ണ​യെ​ കു​റി​ച്ചും പ​റ​യേ​ണ്ട​തു​ണ്ട്. അ​നു​കൂ​ല​മാ​യി ഒ​രു വേ​വ്​ ത​ന്നെ​യു​ണ്ടാ​യി. അ​താ​ണ്​ എ​ന്റെ പ്ര​തീ​ക്ഷ​യും. ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ, മ​തേ​ത​ര പ​ക്ഷ​ത്തു​ള്ള​വ​ർ കു​റെ ആ​ളു​ക​ൾ പി​ന്തു​ണ ത​ന്നു. സം​ഗീ​തരം​ഗ​ത്ത്​ നി​ന്ന്​ കു​റെ​യാ​ളു​ക​ൾ പേ​ഴ്​​സ​നൽ മെ​സേ​ജു​ക​ൾ അ​യ​ച്ച്​ പി​ന്തു​ണ​ച്ചു. ഒ​രു​പ​ക്ഷേ പ​ല​ർ​ക്കും പു​റ​​ത്ത്​ ഉ​റ​ക്കെ പ​റ​ഞ്ഞ്​ പി​ന്തു​ണ ന​ൽ​കാ​നാ​യി​ട്ടി​ല്ല. അ​വ​രു​ടെ അ​വ​സ്ഥ​യെ​യും ന​മ്മ​ൾ കാ​ണ​ണം. അ​തി​ജീ​വ​ന രാ​ഷ്​​ട്രീ​യ​ത്തി​നി​ട​യി​ൽ അ​തി​ന്​ ക​ഴി​ഞ്ഞെ​ന്നു​വ​രി​ല്ല. അ​തൊ​ന്നും ഞാ​ൻ​ കു​റ്റ​മാ​യി കാ​ണു​ന്നു​മി​ല്ല. പി​ന്തു​ണ കി​ട്ടാ​ൻ വേ​ണ്ടി​യൊ​ന്നു​മ​ല്ല ഞാ​ന​തൊ​ന്നും പ​റ​ഞ്ഞ​ത്.

ഒ​രു അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​ന്​​ ന​മ്മ​ൾ ഏ​തെ​ങ്കി​ലും ഒ​രു പൊ​സി​ഷ​നി​ൽ വ​ന്നി​ട്ട്​ വേ​ണ്ട. ഞാ​നി​ത്ര പാ​ട്ടു​പാ​ടി​യാ​ലും പാ​ടി​യി​ല്ലെ​ങ്കി​ലും അ​ത്​ ഒ​രു കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ​വി​യാ​കു​ന്നി​ല്ല. ഒ​രാ​ൾ എ​ത്ര ഉ​യ​ര​ത്തി​ലു​ള്ള ആ​ളാ​യാ​ലും ശ​രി, അ​യാ​ൾ പ​റ​ഞ്ഞ ഒ​രു ശ​രി​കേ​ടി​നെ വി​മ​ർ​ശി​ക്കാ​ൻ ന​മ്മ​ളും അ​തേ ഉ​യ​ര​ത്തി​ലെ​ത്ത​ണ​മെ​ന്ന്​ പ​റ​യു​ന്ന​ത്​ ബാ​ലി​ശ​മാ​ണ്. ന​മ്മ​ൾ വി​മ​ർ​ശി​ക്കു​ന്ന​ത്​ ഒ​രാ​ളു​ടെ വ്യ​ക്തി​ത്വ​ത്തെ​യോ ക​ല​യെ​യോ അ​ല്ല, മ​റി​ച്ച്​ അ​യാ​ൾ മു​ന്നോ​ട്ടു വെ​ക്കു​ന്ന രാ​ഷ്​​ട്രീ​യ​ത്തെ​യാ​ണ്, പ്ര​സ്​​താ​വ​ന​യെ​യാ​ണ്.

ഇ​ന്ത്യ​യി​ലാ​യാ​ലും ലോ​ക​ത്തി​ൽ മൊ​ത്ത​ത്തി​ലാ​യാ​ലും മാ​ന​വി​ക​ത നേ​രി​ടു​ന്ന നി​ല​വി​ലെ ബു​ദ്ധി​മു​ട്ടേ​റി​യ അ​വ​സ്ഥ​ക്ക് മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും കൂ​രി​രു​ൾ മാ​റി പു​ല​രി വി​ട​രു​മെ​ന്നും പ്ര​തീ​ക്ഷ​യു​ണ്ടോ?

പ്ര​തീ​ക്ഷ​യാ​ണ്​ ന​മ്മെ എ​ല്ലാ​വ​രെ​യും മു​ന്നോ​ട്ട്​ ന​യി​ക്കു​ന്ന​ത്. അ​ങ്ങ​നെ പ​റ​യു​േ​മ്പാ​ൾ ഞാ​നും ശു​ഭ​പ്ര​തീ​ക്ഷ​യു​ള്ള​യാ​ൾ ത​ന്നെ​യാ​ണ്. പ​ക്ഷേ, ഇ​ന്ത്യ​യി​ലെ അ​വ​സ്ഥ പോ​ലെ​ത​ന്നെ​യാ​ണ്​ ലോ​ക​ത്താ​കെ ന​ട​ക്കു​ന്ന​തും... പ്ര​ത്യേ​കി​ച്ച്​ ഗ​സ്സ​യി​ലെ അ​വ​സ്ഥ കാ​ണു​േ​മ്പാ​ൾ അ​ങ്ങ​നെ​യൊ​രു ശു​ഭപ്ര​തീ​ക്ഷ വെ​ക്കാ​ൻ എ​നി​ക്ക്​ ക​ഴി​യു​ന്നി​ല്ല. മു​െ​മ്പാ​ന്നും ഫ​ല​സ്​​തീ​നി​ൽ എ​ന്താ​ണ്​ സം​ഭ​വി​ക്കു​ന്ന​തെ​ന്ന്​ ന​മു​ക്ക്​ കാ​ണാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ൾ ന​മ്മു​ടെ ക​ൺ​മു​ന്നി​ൽ കാ​ണു​ക​യാ​ണ്. ഇ​ൻ​സ്​​റ്റ​ഗ്രാം തു​റ​ന്നാ​ൽ ഗ​സ്സ​യി​ലു​ള്ള റി​പ്പോ​ർ​േ​ട്ട​ഴ്​​സി​നെ ഫോ​ളോ ചെ​യ്​​താ​ൽ അ​വി​ടെ എ​ന്താ​ണ്​ സം​ഭ​വി​ക്കു​ന്ന​തെ​ന്ന്​ കാ​ണാ​ൻ ക​ഴി​യും. ലോ​കം കൃ​ത്യ​മാ​യി ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​വി​ടെ 40 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന കു​ട്ടി​ക​ളു​ടെ ജ​ന​സം​ഖ്യ ഇ​ല്ലാ​താ​യിക്ക​ഴി​ഞ്ഞു. ഒ​ാേ​രാ മി​നി​റ്റി​ലും കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ചു​വീ​ഴു​ക​യാ​ണ്. അ​വ​ർ എ​ന്ത്​ തെ​റ്റ്​ ചെ​യ്​​തി​ട്ടാ​ണ്​ ഇ​ങ്ങ​നെ കൊ​ല്ല​പ്പെ​ടു​ന്ന​ത്​? ഇ​ത്​ ലോ​കം കാ​ണു​ന്നി​ല്ലേ? എ​ല്ലാ​വ​രും കാ​ണു​ന്ന​ത​ല്ലേ?

പി​ന്നെ​​ങ്ങ​നെ ശു​ഭാ​പ്​​തിവി​ശ്വാ​സ​ത്തോ​ടെ മു​ന്നോ​ട്ടുപോ​കാ​ൻ ക​ഴി​യു​ന്ന​ത് എ​ന്നൊ​രു ചോ​ദ്യം അ​വി​ടെ​യു​ണ്ട്. വാ​സ്​​ത​വ​ത്തി​ൽ ഇ​പ്പോ​ഴ​ത്തെ ഫ​ല​സ്​​തീ​ൻ വി​ഷ​യ​ത്തോ​ടുകൂ​ടി​യാ​ണ്​ എ​നി​ക്ക്​ ഇൗ ​പ്ര​തീ​ക്ഷ​യെ​ന്ന​ത്​ ഇ​ല്ല എ​ന്ന്​ തോ​ന്നി​ത്തു​ട​ങ്ങി​യ​ത്. ന​മ്മ​ളി​പ്പോ​ൾ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​േ​മ്പാ​ഴും അ​വി​ടെ കു​ഞ്ഞു​ങ്ങ​ൾ മ​രി​ക്കു​ക​യാ​ണ്. അ​ത്​ വ​ലി​യ ലോ​ക​രാ​ജ്യ​ങ്ങ​ൾ വ​രെ കാ​ണു​ക​യാ​ണ്. പ​ക്ഷേ ഒ​ന്നും ചെ​യ്യാ​ൻ പ​റ്റു​ന്നി​ല്ല. പി​ന്നെ​ങ്ങ​നെ ശു​ഭ​പ്ര​തീ​ക്ഷ വെ​ക്കാ​നാ​വും? ന​മ്മ​ൾ സ്വ​യം ആ​ശ്വ​സി​ക്കാ​ൻ വേ​ണ്ടി പ​റ​യു​ന്ന വാ​ക്കാ​ണ്​ പ്ര​തീ​ക്ഷ​യോ​ടെ മു​ന്നോ​ട്ട്​ പോ​കാം എ​ന്ന​ത്. എ​ന്നാ​ലും ച​രി​ത്രം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​ത്ത​രം ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യു​ള്ള എ​ല്ലാ സാ​മ്രാ​ജ്യ​ങ്ങ​ളും ത​ക​ർ​ന്ന ച​രി​ത്ര​മേ​യു​ള്ളൂ. ആ ​ത​ല​ത്തി​ൽ ചി​ന്തി​ക്കു​േ​മ്പാ​ൾ അ​തെ, ഇൗ ​കാ​ല​വും ക​ഴി​ഞ്ഞു​പോ​കും ഒ​രു പു​തി​യ പു​ല​രി വ​രും എ​ന്ന്​ പ്ര​ത്യാ​ശി​ക്കാം.

 

വി​വാ​ദ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​വ​സ്ഥ എ​ങ്ങ​നെ​യാ​യി​രു​ന്നു? അ​വ​ർ പി​ന്തു​ണ​ച്ചോ?

എ​ന്റെ അ​ച്ഛ​നും അ​മ്മ​യും അ​നു​ജ​നും ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​​ശ്വ​സി​ക്കു​ന്ന ആ​ളു​ക​ൾ ത​ന്നെ​യാ​ണ്. പു​രോ​ഗ​മ​ന​പ​ര​മാ​യി ചി​ന്തി​ക്കു​ന്ന​വ​രാ​ണ്. എ​ന്നി​രു​ന്നാ​ലും മാ​താ​പി​താ​ക്ക​ളെ​ന്ന നി​ലയി​ലു​ള്ള ആ​ശ​ങ്ക സ്വാ​ഭാ​വി​മാ​യു​മു​ണ്ടാ​കു​മ​ല്ലോ. ഇ​നി​യെ​ന്താ​വും എ​ന്നൊ​ക്കെ. ഞാ​ൻ അ​വ​രെ സ​മാ​ധാ​നി​പ്പി​ച്ചു. ഇ​പ്പോ​ൾ ആ ​അ​വ​സ്ഥ​യി​ൽനി​ന്ന് അ​വ​ർ മു​ക്ത​രാ​യി​ട്ടു​ണ്ട്. അ​നു​ജ​ൻ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. അ​നു​ജ​നാ​ണ്​ അ​ച്ഛ​നോ​ടും അ​മ്മ​യോ​ടും സം​സാ​രി​ച്ച​ത്. അ​വ​ൻ അ​വ​രോ​ട്​ ചോ​ദി​ച്ചു, നി​ങ്ങ​ൾ ന​മ്മ​ളെ വ​ള​ർ​ത്തി​യ​ത്​ ഇ​ങ്ങ​നെ​യ​ല്ലേ, പി​ന്നെ ഇ​ങ്ങ​നെ ത​ന്നെ​യ​ല്ലേ ജീ​വി​ക്കേ​ണ്ട​ത്​ എ​ന്ന്​​​?

സം​ഗീ​ത​ത്തി​ലേ​ക്കു​ള്ള ക​ട​ന്നു​വ​ര​വ്​ എ​ങ്ങ​നെ​യാ​യി​രു​ന്നു? പാ​ര​മ്പ​ര്യ​മാ​യി അ​ങ്ങ​നെ​യെ​ന്തെ​ങ്കി​ലും?

അ​ച്ഛനും അ​മ്മ​യു​മൊ​ന്നും ക​ലാ​രം​ഗ​ത്തു​ള്ള ആ​ളു​ക​ളാ​യി​രു​ന്നി​ല്ല. ​അ​ങ്ങ​നെ​യൊ​രു പാ​ര​മ്പ​ര്യ​മൊ​ന്നും ഞ​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട്​ ത​ന്നെ ഇൗ ​പാ​ര​മ്പ​ര്യം വേ​ണം എ​ന്നു​ പ​റ​യു​ന്ന​തി​ലൊ​ന്നും വി​ശ്വ​സി​ക്കു​ന്നു​മി​ല്ല. ഞാ​ൻ വ​ള​രെ ചെ​റു​പ്പ​ത്തി​ൽ വെ​റു​തെ പാ​ടി​ത്തു​ട​ങ്ങി​യ​താ​ണ്. എ​ന്റെ അ​മ്മ അ​ധ്യാ​പി​ക​യാ​ണ്.

ഒ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​േ​മ്പാ​ൾ ഒ​രുദി​വ​സം അ​മ്മ​യു​ടെ സ്​​കൂ​ളാ​യ ചാ​ല യു.​പി.​എ​സി​ൽ എ​ന്നെ കൊ​ണ്ടു​പോ​യി. അ​പ്പോ​ൾ അ​വി​ടത്തെ സം​ഗീ​ത അ​ധ്യാ​പി​ക അ​മ്മാ​ൾ ടീ​ച്ച​ർ എ​ന്നെ പാ​ടി​പ്പി​ച്ച്​ നോ​ക്കു​ക​യും ഇ​വ​നെ പാ​ട്ടു​ പ​ഠി​ക്കാ​ൻ കൊ​ണ്ടാ​ക്ക​ണം എ​ന്ന്​ പ​റ​യു​ക​യും ചെ​യ്​​തു. അ​ങ്ങ​നെ അ​ച്ഛ​നും അ​മ്മ​യും എ​ന്നെ കൊ​ണ്ടു​പോ​യി ഒ​രു സം​ഗീ​ത വി​ദ്യാ​ല​യ​ത്തി​ൽ ചേ​ർ​ത്തു. തു​ട​ക്ക​ത്തി​ൽ ഞാ​ന​ത​ത്ര ആ​സ്വ​ദി​ച്ചൊ​ന്നു​മ​ല്ല പ​ഠി​ച്ചു​തു​ട​ങ്ങി​യ​ത്. പി​ന്നീ​ട്​ പ​ലപ​ല ഗു​രു​ക്ക​ന്മാ​രു​ടെ കീ​ഴി​ൽ സം​ഗീ​തം അ​ഭ്യ​സി​ക്കു​ക​യു​ണ്ടാ​യി. കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ, സ്​​കൂ​ൾ​പ​ഠ​ന​ത്തി​ന്റെ അ​വ​സാ​ന​കാ​ല​മാ​യ​പ്പോ​ഴേ​ക്കും ഞാ​ൻ സം​ഗീ​തം ആ​സ്വ​ദി​ക്കാ​ൻ തു​ട​ങ്ങി.

ക​ലോ​ത്സ​വ​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ചു നോ​ക്കി​യി​ല്ലേ?

എ​ട്ട്​ മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ സം​സ്ഥാ​ന യു​വ​​ജ​നോ​ത്സ​വ​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ത്തു. പ്ല​സ്​​ടു​വി​ന്​ പ​ഠി​ക്കു​​േ​മ്പാ​ൾ സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി. അ​തി​ന്​ മു​മ്പ്​ ര​ണ്ടും​ മൂ​ന്നും സ്ഥാ​ന​ങ്ങ​ളൊ​ക്കെ നേ​ടി​യി​രു​ന്നു. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളൊ​ക്കെ​യാ​യി​രു​ന്നു കൂ​ടു​ത​ലും കി​ട്ടി​യി​രു​ന്ന​ത്. അ​വ​സാ​ന​മാ​ണ്​ ഒ​ന്നാം സ്ഥാ​നം കി​ട്ടു​ന്ന​ത്. പി​ന്നീ​ടാ​ണ്​ മ​ന​സ്സി​ലാ​ക്കു​ന്ന​ത്​ സ്ഥാ​ന​ത്തി​നൊ​ന്നും ഒ​രു കാ​ര്യ​വു​മി​ല്ലെ​ന്ന്. തൈ​ക്കാ​ട്​ ഗ​വ​ൺ​മെ​ന്റ്​ മോ​ഡ​ൽ ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലാ​ണ്​ പ​ഠി​ച്ച​ത്. അ​വി​ടെ​നി​ന്ന്​ കി​ട്ടി​യ പ്രോ​ത്സാ​ഹ​നം അ​തി​ഗം​ഭീ​ര​മാ​യി​രു​ന്നു എ​ന്ന​ത്​ പ​റ​യാ​തി​രി​ക്കാ​നാ​വി​ല്ല. ഒ​രു സ​ർ​ക്കാ​ർ സ്​​കൂ​ളാ​യി​ട്ടും അ​വി​ടെ ക​ല​യെ അ​വ​ർ ഒ​രു​പാ​ട്​ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. അ​ന്ന്​ അ​വി​ടെ പ​ഠി​ച്ചി​രു​ന്ന ഒ​രു​പാ​ട്​ പേ​ർ പി​ന്നീ​ട്​ ക​ലാ​രം​ഗ​ത്ത്​ ശ്ര​ദ്ധേ​യ​രാ​യി മാ​റി​യി​ട്ടു​ണ്ട്. വി​ഷ്​​ണു വി​ജ​യ്​ എ​ന്ന സം​ഗീ​തസം​വി​ധാ​യ​ക​ൻ, വ​യ​ലി​നി​സ്​​റ്റ്​ ബാ​ല​ഭാ​സ്​​ക​ർ അ​ങ്ങ​നെ നി​ര​വ​ധി പ്ര​തി​ഭ​ക​ൾ അ​വി​ടെ​നി​ന്നു​ണ്ടാ​യി.

ഒ​രു സ​ർ​ക്കാ​ർ സ്​​കൂ​ളി​ൽ അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നോ?

സ​ർ​ക്കാ​ർ സ്​​കൂ​ളി​ൽ​നി​ന്ന്​ അ​ങ്ങ​നെ പ്ര​തി​ഭ​ക​ൾ​ക്ക്​ വ​ള​ർ​ന്നു​വ​രാ​ൻ ത​ക്ക പ്രേ​ാത്സാ​ഹ​ന​ജ​ന​ക​മാ​യ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​വു​മോ എ​ന്നാ​ണെ​ങ്കി​ൽ ആ ​സ്​​കൂ​ളി​ലെ അ​ധ്യാ​പ​ക​രും അ​ന്ത​രീ​ക്ഷ​വും അ​തി​ന്​ സ​ഹാ​യി​ക്കു​ന്ന​താ​യി​രു​ന്നു. പ​ക്ഷേ, പ്ര​തി​കൂ​ല ഘ​ട​ക​ങ്ങ​ളി​ല്ലെ​ന്ന​ല്ല. ഫ​ണ്ടി​ന്റെ പ്ര​ശ്​​ന​മു​ണ്ട്. മ​ത്സ​ര​ങ്ങ​ൾ​ക്ക്​ പോ​കു​േ​മ്പാ​ൾ അ​തി​ന്​ ചെ​ല​വ​ഴി​ക്കാ​ൻ ത​ക്ക പ​ണ​മൊ​ന്നു​മു​ണ്ടാ​വി​ല്ല. സ​ർ​ക്കാ​ർ സ്​​കൂ​ളി​ൽ അ​ത്ര​യൊ​ക്കെ​യ​ല്ലേ പ്ര​തീ​ക്ഷി​ക്കാ​നാ​വൂ. ന​ല്ല സ്​​ട്ര​ഗി​ൾ ചെ​യ്യേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. പ​ക്ഷേ, ആ ​ഒ​രു സ്​​പി​രി​റ്റും അ​വിട​ത്തെ അ​ധ്യാ​പ​ക​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഒ​ത്തൊ​രു​മ​യും ഭ​യ​ങ്ക​രംത​ന്നെ​യാ​യി​രു​ന്നു. ആ ​അ​ന്ത​രീ​ക്ഷ​മാ​ണ്​ എ​ന്നെ​യും വ​ള​രാ​ൻ സ​ഹാ​യി​ച്ച​ത്. ഒ​രു സം​ഗീ​ത​ജ്ഞ​നാ​യി മാ​റ​ണ​മെ​ന്ന പ്ര​ചോ​ദ​ന​മാ​യി മാ​റി​യ​ത്. സ്​​കൂ​ളി​ൽ ചെ​റി​യൊ​രു മ്യൂസി​ക്​ ബാ​ൻ​ഡ്​ ഉ​ണ്ടാ​യി​രു​ന്നു. അ​തി​ൽ സ്ഥി​രാം​ഗ​മാ​യി​രു​ന്നു.

കോ​ള​ജി​ലെ​ത്തി​യ​പ്പോ​ൾ?

ഡി​ഗ്രി തി​രു​വ​ന​ന്ത​പു​രം എം.​ജി കോ​ള​ജി​ലാ​യി​രു​ന്നു. പി.​ജി മാ​ർ ഇ​വാനി​യോസ്​ കോ​ള​ജി​ലും. എം.​കോ​മാ​ണ്​ പ​ഠി​ച്ച​ത്. കോ​ള​ജി​ൽ മ്യൂ​സി​ക്​ ബാ​ൻ​ഡു​ണ്ടാ​ക്കി. ഇ​ന്റ​ർ​കൊ​ള​ീജിയ​റ്റ്​ മ​ത്സ​ര​ങ്ങ​ളി​ൽ പ​തി​വാ​യി പ​​​െ​ങ്ക​ടു​ക്കാ​ൻ തു​ട​ങ്ങി. ന​ല്ല പ്രൈ​സ്​ മ​ണി കി​ട്ടും. മൂവാ​യി​ര​വും നാ​ലാ​യി​ര​വും രൂ​പ​യൊ​ക്കെ കി​ട്ടും. ന​മ്മു​ടെ ചെ​ല​വൊ​ക്കെ ക​ഴി​ഞ്ഞു​പോ​കും. അ​തു​ത​ന്നെ​യാ​യി​രു​ന്നു അ​തി​ന്റെ പ്ര​ചോ​ദ​ന​ഘ​ട​കം. യൂ​നി​വേ​ഴ്​​സി​റ്റി യൂ​ത്ത്​​ ഫെ​സ്​​റ്റി​വ​ലി​ലും വി​ന്ന​റാ​യി​രു​ന്നു.

സൗ​ത്ത്​ സോ​ൺ ഇ​ന്റ​ർ​യൂ​നി​വേ​ഴ്​​സി​റ്റി, നാ​ഷ​ന​ൽ യൂ​നി​വേ​ഴ്​​സി​റ്റി യൂ​ത്ത്​ ഫെ​സ്​​റ്റി​വ​ലു​ക​ളി​ൽ പ​ല​യി​ന​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ത്ത്​ വി​ന്ന​റാ​വാ​ൻ സാ​ധി​ച്ചു. അ​തൊ​ക്കെ വ​ലി​യ എ​ക്​​സ്​​പീ​രി​യ​ൻ​സാ​യി​രു​ന്നു. നോ​ർ​ത്ത്​ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രെ പ​രി​ച​യ​പ്പെ​ടാ​നും വ്യ​ത്യ​സ്​​ത സം​ഗീ​ത​ങ്ങ​ളെ കു​റി​ച്ച്​ അ​റി​യാ​നും അ​ത്​ സ​ഹാ​യി​ച്ചു. അ​ത്ത​രം ഇ​ട​പ​ഴ​കലു​ക​ൾ മ​ന​സ്സി​നെ കൂ​ടു​ത​ൽ ഓ​പ​ണ​പ്​ ചെ​യ്​​തു. സം​ഗീ​തം എ​ല്ലാ​വ​രി​ലും സ്വാ​ധീ​നംചെ​ലു​ത്തു​ന്ന ഒ​രു ക​ല ത​ന്നെ​യാ​ണ​ല്ലോ. പാ​ട്ട്​ എ​ന്ന​ത്​ ഒ​രു അ​പ്ലൈ​ഡ്​ ആ​ർ​ട്ടാ​ണ്. സം​ഗീ​ത​വു​മു​ണ്ട്​ സാ​ഹി​ത്യ​വു​മു​ണ്ട്. മ​നു​ഷ്യമ​ന​സ്സി​നെ സ്വാ​ധീ​നി​ക്കു​ക​യും പ​രി​വ​ർ​ത്ത​ന​ത്തി​ന്​ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യും. മ​നു​ഷ്യ​നെ ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യും.

എ​ന്നാ​ൽ, ക​ർ​ണാ​ട​ക സം​ഗീ​തം മ​താ​തീ​ത​മാ​ണെ​ങ്കി​ലും അ​തി​ലെ കൃ​തി​ക​ൾ മ​താ​ധി​ഷ്ഠി​ത​മാ​ണ്. ഒ​രു മ​ത​ത്തി​ലെ ദൈ​വ​ങ്ങ​ളെ കു​റി​ച്ചു​ള്ള സ്​​തു​തി​ക​ളാ​ണ്. ലി​ബ​റ​ൽ സ്വ​ഭാ​വ​ത്തി​ലു​ള്ള​ത്​ ഇ​ല്ല. അ​തേ​സ​മ​യം ഹി​ന്ദു​സ്താ​നി സം​ഗീ​ത​വും അ​തി​ലെ കൃ​തി​ക​ളും മ​താ​തീ​ത​മാ​ണ്. പ്ര​കൃ​തി, സ്​​നേ​ഹം, ബ​ന്ധം എ​ന്നി​വ​യെ കു​റി​ച്ചെ​ല്ലാ​മെ​ല്ലാ​മു​ള്ള​താ​ണ്​ അ​തി​ലെ കൃ​തി​ക​ൾ. ലി​ബ​റ​ലാ​ണ്. ഗ​സ​ലും അ​തു​പോ​ലെ​യാ​ണ്. ഹി​ന്ദു​സ്താ​നി കേ​ൾ​ക്കാ​ൻ വ​ള​രെ ഇ​ഷ്​​ട​മാ​ണ്. ഗ​സ​ൽ വ​ള​രെ ഇ​ഷ്​​ട​മാ​ണ്. ഗു​ലാം അ​ലി ഫാ​നാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത്​ പോ​യി അ​ദ്ദേ​ഹ​ത്തെ നേ​രി​ട്ട്​ ക​ണ്ടു. റൂ​മി​ൽ പോ​യി പ​രി​ച​യ​പ്പെ​ട്ടു. ഖ​വാ​ലി​ക​ൾ കേ​ൾ​ക്കാ​റു​ണ്ട്. അ​ജ്​​മീ​റി​ൽ പോ​യി നേ​രി​ട്ട്​ കേ​ൾ​ക്ക​ണ​മെ​ന്നു​ണ്ട്.

എ​പ്പോ​ഴാ​ണ്​ പി​ന്ന​ണി​ഗാ​ന​ രം​ഗ​ത്തേ​ക്ക്​ ക​ട​ന്ന​ത്​?

പി.​ജി ക​ഴി​ഞ്ഞയുട​നെ ചെ​ന്നൈ​യി​ലേ​ക്ക്​ പോ​യി. 2008ൽ ​പി​.ജി​ക്ക്​ പ​ഠി​ക്കു​േ​മ്പാ​ൾത​ന്നെ എ.​ആ​ർ. റ​ഹ്മാന്റെ അ​ന​ന്ത​ര​വ​ൻ ജി.​വി. പ്ര​കാ​ശി​ന്റെ ഒ​രു തെ​ലു​ഗു ചി​ത്ര​ത്തി​ൽ പാ​ടി​യി​രു​ന്നു. അ​ത്​ യാ​ദൃ​ച്ഛിക​മാ​യി കി​ട്ടി​യ അ​വ​സ​ര​മാ​ണ്. ആ ​സ​മ​യ​ത്ത്​ ഞാ​ൻ ചെ​ന്നൈ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​ൻ ചു​മ്മാ പോ​യ​താ​ണ്. ഫാ​സി​നേ​ഷ​ൻ തോ​ന്നി​യ ന​ഗ​ര​മാ​ണ്​ അ​ത്. റ​ഹ്മാ​ൻ സം​ഗീ​തം അ​ന്നേ എ​ന്നെ വ​ല്ലാ​തെ പ്ര​ചോ​ദി​പ്പി​ച്ചി​ട്ടു​ണ്ട്. മ്യൂ​സി​ക്കും ടെ​ക്​​നോ​ള​ജി​യും കൂ​ടി ചേ​രു​േ​മ്പാ​ൾ അ​തൊ​രു വ​ല്ലാ​ത്ത അ​നു​ഭ​വ​മാ​യി മാ​റു​ക​യാ​ണ​ല്ലോ. അ​തു​കൊ​ണ്ട്​ അ​ദ്ദേ​ഹം വ​സി​ക്കു​ന്ന ന​ഗ​രം എ​ന്നെ വ​ല്ലാ​തെ ആ​ക​ർ​ഷി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്താ​ണ്​ ജി.​വി. പ്ര​കാ​ശി​ന്റെ ഒ​രു ഒാ​ഡിഷ​ൻ കി​ട്ടു​ന്ന​ത്. അ​ത്​ 2008ലാ​ണ്. 2009ലാ​ണ്​ പാ​ടാ​ൻ വി​ളി​ക്കു​ന്ന​ത്.

ജോ​ർ​ജ്​ പീ​റ്റ​ർ എ​ന്ന സം​ഗീ​ത​ജ്ഞ​നാ​ണ്​ എ​നി​ക്കാ കോ​ൺ​ടാ​ക്​​ട് തന്ന​ത്. അ​വി​ടെ പോ​യി ഒാ​ഡിഷ​ൻ കൊ​ടു​ക്കൂ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ്​ ആ ​അ​വ​സ​രം കി​ട്ടി​യ​ത്. അ​ത്​ ഭാ​ഗ്യ​മ​ല്ല, പ്രി​വി​ലേ​ജ്​ കൊ​ണ്ട്​ കി​ട്ടി​യ​താ​ണ്. ജോ​ർ​ജ്​ പീ​റ്റ​റി​ന്റെ സൗ​ഹൃ​ദം, അ​തി​ലൂ​ടെ കി​ട്ടി​യ ചെ​ന്നൈ​യി​ലെ ബ​ന്ധം അ​ങ്ങ​നെ വ​ന്നു​ചേ​ർ​ന്ന അ​വ​സ​രം. 2009ലാ​ണ്​ പാ​ടി​യ​ത്, 2010ൽ ​ആ പാ​ട്ട്​ പു​റ​ത്തി​റ​ങ്ങി. പ്ര​ഭാ​സി​ന്റെ തെ​ലു​ഗു​ ചി​ത്ര​മാ​യ ‘ഡാ​ർ​ലി​ങ്ങി’​​ന്​ വേ​ണ്ടി​യാ​യി​രു​ന്നു ആ ​പാ​ട്ട്. അ​ത്​ അ​വി​ടെ വ​ലി​യ ഹി​റ്റാ​യി. പോ​പു​ല​റാ​യി. റേ​ഡി​യോ മി​ർ​ച്ചി​യു​ടെ ന​വാ​ഗ​ത ഗാ​യ​ക​നു​ള്ള അ​വാ​ർ​ഡും കി​ട്ടി.

 

മികച്ച പിന്നണി ഗായകനുള്ള സംസ്​ഥാന ചലച്ചിത്ര പുരസ്​കാരം സൂരജ്​ സന്തോഷ്​ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന്​ ഏറ്റുവാങ്ങുന്നു

2010ലാ​ണ്​ ചെ​ന്നൈ​യി​ലേ​ക്ക്​ താ​മ​സം മാ​റ്റി​യ​ത്. 2021 വ​രെ നീ​ണ്ട​കാ​ലം അ​വി​ടെ​യാ​യി​രു​ന്നു. കോ​വി​ഡ്​ സ​മ​യ​ത്ത് മാ​ത്രം​ നാ​ട്ടി​ൽ വ​ന്നു അ​ൽ​പ​കാ​ലം ക​ഴി​ഞ്ഞു. ശേ​ഷം ചെ​ന്നൈ​യി​ലേ​ക്ക്​ ത​ന്നെ മ​ട​ങ്ങി​പ്പോ​യി. അ​വി​ടെ ചെ​ല്ലു​േ​മ്പാ​ൾ പ​രി​ച​യ​ങ്ങ​ളോ ബ​ന്ധ​ങ്ങ​ളോ ഇ​ല്ലാ​യി​രു​ന്നു. എ​ങ്കി​ലും സം​ഗീ​തം പ​ഠി​ക്കാ​നും വ​ള​രാ​നും അ​വ​സ​ര​മു​ള്ള ഒ​രു ന​ഗ​ര​ത്തി​ലേ​ക്ക്​ മാ​റ​ണ​മെ​ന്ന ആ​ഗ്ര​ഹംകൊ​ണ്ടു​ പോ​യ​താ​ണ്. ആ​ദ്യ​കാ​ല​ത്ത്​ അ​വി​ടെ ജീ​വി​ക്കാ​നു​ള്ള വ​രു​മാ​ന​ത്തി​ന്​ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. അ​ച്ഛ​നും അ​മ്മ​​​ക്കും ജോ​ലി​യു​ള്ള​തി​നാ​ൽ വീ​ട്ടു​കാ​രെ സ​പ്പോ​ർ​ട്ട്​ ചെ​യ്യ​ണ​മെ​ന്ന ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നി​ല്ല. ആ ​പ്രി​വി​ലേ​ജു​ണ്ടാ​യി​രു​ന്ന​തുകൊ​ണ്ട്​ മാ​ത്ര​മാ​ണ്​ എ​നി​ക്ക്​ ചെ​ന്നൈ​യി​ലേ​ക്ക്​ പോ​കാ​നാ​യ​ത്. ന​ന്നാ​യി ക​ഠി​നാ​ധ്വാ​നംചെ​യ്​​തു. പ​തി​യെ ​െറ​ക്കോ​ഡി​ങ്ങു​ക​ൾ കി​ട്ടി​ത്തു​ട​ങ്ങി. ഇ​ള​യ​രാ​ജ, ദേ​വി ശ്രീ​പ്ര​സാ​ദ്, ഡി. ​ഇ​മ്മ​ൻ, ത​മ​ൻ എ​സ്​ തു​ട​ങ്ങി​യ പ്ര​ശ​സ്​​ത സം​ഗീ​തസം​വി​ധാ​യ​ക​രോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നാ​യി.

എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി പാ​ട്ടു​ക​ൾ പാ​ടി. ആ ​സ​മ​യ​ത്താ​ണ്​ ‘മ​സാ​ല കോ​ഫി’ എ​​ന്നൊ​രു ബാ​ൻ​ഡ്​ രൂ​പം​കൊ​ള്ളു​ന്ന​ത്. ‘ക​പ്പാ’ ടി.വി​യി​ൽ ‘മ്യൂ​സി​ക്​ മോ​ജോ’ എ​ന്നൊ​രു പ്ലാ​റ്റ്​​ഫോം ഉ​ണ്ടാ​യ സ​മ​യ​മാ​ണ​ത്​. കു​റെ സം​ഗീ​ത​ജ്ഞ​ർ ഒ​ത്തു​കൂ​ടു​ന്നു. അ​തി​ൽ എ​ല്ലാ​വ​രും പാ​ടു​ന്നു. ആ ​പാ​ട്ടു​ക​ൾ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു. സ്വ​ന്ത​മാ​യു​ണ്ടാ​ക്കി​യ പാ​ട്ടു​ക​ളും പോ​പു​ല​ർ ഗാ​ന​ങ്ങ​ളു​ടെ ക​വ​ർ സോ​ങ്ങു​ക​ളു​മാ​യി​രു​ന്നു അ​തെ​ല്ലാം. മ​സാ​ല കോ​ഫി എ​ന്ന ബാ​ൻ​ഡി​ന്​ കീ​ഴി​ൽ എ​ല്ലാ​വ​രും ഒ​രു​മി​ച്ച്​ മു​ന്നോ​ട്ട്​ പോ​കു​ന്നു. നാ​ല​ഞ്ച്​ വ​ർ​ഷം ക​ഴി​ഞ്ഞ​​പ്പോ​ൾ അ​ത​ല്ല എ​ന്റെ മേ​ഖ​ല എ​ന്നെ​നി​ക്ക്​ തോ​ന്നി. പ​ല കാ​ര​ണ​ങ്ങ​ളാ​ൽ എ​നി​ക്ക്​ മ​സാ​ല കോ​ഫി​യോ​ട്​ വി​ട പ​റ​യേ​ണ്ടി​വ​ന്നു.

ഇ​പ്പോ​ൾ സ്വ​ന്തം ബാ​ൻ​ഡു​ണ്ടോ?

അ​തെ, ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ർ​ഷ​മാ​യി ‘സൂ​ര​ജ് സ​ന്തോ​ഷ്​​ ലൈ​വ്’​ എ​ന്ന പേ​രി​ൽ സ്വ​ന്ത​മാ​യൊ​രു ബാ​ൻ​ഡ്​ ഉ​ണ്ടാ​ക്കി ലൈ​വ്​ കൺ​േ​സ​ർ​ട്ടു​ക​ൾ ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​മാ​യി ന​ട​ത്തി​വ​രി​ക​യാ​ണ്. ‘ജി​പ്​​സി സ​ൺ’ എ​ന്ന പേ​രി​ൽ ആ​ദ്യ പാ​ട്ടു​ക​ളു​ടെ ഒ​രു ആ​ൽ​ബം ഇ​റ​ക്കി​യി​രു​ന്നു. തെ​ലു​ഗുവി​ൽ തു​ട​ങ്ങി ത​മി​ഴി​ലേ​ക്കാ​ണ്​ വ​ന്ന​ത്. ഇൗ ​ര​ണ്ടു ഭാ​ഷ​ക​ളി​ലാ​യി 200ലേ​റെ പാ​ട്ടു​ക​ൾ അ​ക്കാ​ല​ത്ത്​ പാ​ടി. അ​തി​നു​ശേ​ഷ​മാ​ണ്​ മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശനം. ‘സെ​ക്ക​ൻ​ഡ്​ ​ഷോ’ ​എ​ന്ന സി​നി​മ​യി​ലാ​ണ്​ ആ​ദ്യ​മാ​യി പാ​ടു​ന്ന​ത്. ദു​ൽ​ഖ​റി​ന്റെ​യും സ​ണ്ണി വെ​യ്​​നി​ന്റെയും ആ​ദ്യ സി​നി​മ.

അ​തി​ന്റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ നി​ഖി​ൽ രാ​ജ​ൻ വി​ളി​ച്ചാ​ണ്​ ആ ​സി​നി​മ​യി​ൽ പാ​ടാ​നെ​ത്തി​യ​ത്. അ​ത്​ 2013ലാ​ണ്​. ആ ​സി​നി​മ ശ്ര​ദ്ധി​​ക്ക​പ്പെ​ട്ടു. അ​തി​ല​ങ്ങ​നെ​യൊ​രു പാ​ട്ടു​ണ്ട്​ എ​ന്ന്​ എ​ല്ലാ​വ​രും അ​റി​ഞ്ഞു. വ​ലി​യ ഹി​റ്റ്​ എ​ന്ന്​ പ​റ​യാ​നാ​വി​ല്ലെ​ങ്കി​ലും ആ​ളു​ക​ൾ അ​റി​ഞ്ഞു. പി​ന്നീ​ട്​ ഒ​രു​പാ​ട്​ സി​നി​മ​ക​ളി​ൽ പാ​ടി. ‘ഗ​പ്പി’ എ​ന്ന സി​നി​മ​യി​ലെ ‘‘ത​നി​യെ മി​ഴി​ക​ൾ...’’ എ​ന്ന പാ​ട്ടാ​ണ്​ ബ്രേ​ക്കെ​ന്നനി​ല​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത്​ അ​ന്ന്​ സി​നി​മാ സ്വ​പ്​​ന​ങ്ങ​ളു​മാ​യി ന​ട​ന്നി​രു​ന്ന ഞ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലെ ഒ​രാ​ളാ​യി​രു​ന്ന ജോ​ൺ​ പോ​ൾ എ​ന്ന സം​വി​ധാ​യ​ക​ന്റെ ആ​ദ്യ​ത്തെ സി​നി​മ​യാ​യി​രു​ന്നു ‘ഗ​പ്പി’. അ​തേ കൂ​ട്ട​ത്തി​ലെ വി​ഷ്​​ണു വി​ജ​യ​നാ​യി​രു​ന്നു സം​ഗീ​തസം​വി​ധാ​നം. അ​ങ്ങ​നെ​യാ​ണ്​ ഞാ​ന​തി​ലൊ​രു പാ​ട്ടു​ പാ​ടു​ന്ന​ത്. അ​ത്​ വ​ലി​യനി​ല​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

അ​തി​നു​ശേ​ഷം മ​ല​യാ​ള​ത്തി​ൽ കു​റെ​യ​ധി​കം പാ​ട്ടു​ക​ൾ പാ​ടി. പി​ന്നീ​ടു​ള്ള എ​ല്ലാ വ​ർ​ഷ​വും പാ​ടി. ‘അ​മ്പി​ളി’ എ​ന്ന സി​നി​മ​യി​ലെ ‘‘ആ​രാ​ധി​കെ...’’ പോപു​ല​റാ​യി. എ​ന്നാ​ൽ, ‘കു​മ്പ​ള​ങ്ങി നൈ​റ്റ്​​സി’​ലെ ‘‘ഉ​യി​രി​ൽ തൊ​ടും...’’ എ​ന്ന പാ​ട്ടാ​ണ്​ ഏ​റ്റ​വും വ​ലി​യ ഹി​റ്റാ​യി മാ​റി​യ​ത്. ‘സ്​​പോ​ട്ടി​ഫൈ’ ലി​സ്​​റ്റി​ൽ റേ​റ്റി​ങ്ങി​ൽ വ​ലി​യ ഉ​യ​ര​ത്തി​ലെ​ത്തി​യ പാ​ട്ടാ​ണ​ത്​. ഒ​.ടി​.ടി​യി​ൽ വ​ന്ന​തു​കൊ​ണ്ട്​ ത​ന്നെ ‘കു​മ്പ​ള​ങ്ങി നൈ​റ്റ്​​സ്​’ ഒ​രു പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യാ​യി മാ​റി​യി​രു​ന്നു. കോ​വി​ഡ്​ കാ​ല​ത്താ​യ​തി​നാ​ൽ വീ​ട്ടി​ലി​രു​ന്ന എ​ല്ലാ​വ​രും ആ ​സി​നി​മ ക​ണ്ടു. ലോ​ക​ത്താ​ക​മാ​നം അ​ങ്ങ​നെ പ്രേ​ക്ഷ​ക​രു​ണ്ടാ​യി. വെ​ൽ ക്രാ​ഫ്​​റ്റ​ഡ്​ സി​നി​മ​യാ​യി​രു​ന്നു അ​ത്. ശ്യാം ​പു​ഷ്​​ക​ര​ന്റെ ര​ച​ന! അ​ദ്ദേ​ഹം ര​ച​ന നി​ർ​വ​ഹി​ച്ച​ ‘മ​ഹേ​ഷി​ന്റെ പ്ര​തി​കാ​രം’ ഒ​രു ക്ലാ​സി​ക്​ സി​നി​മ​യാ​ണ​ല്ലോ!

മ​ല​യാ​ള​ത്തി​ൽ വ​ന്നശേ​ഷം തെ​ലു​ഗുവിലും ത​മി​ഴി​ലും പാ​ടി​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ മു​മ്പ​ത്തെ പോ​ലെ അ​ത്ര​യി​ല്ല. ഇ​ട​​​ക്കൊ​ക്കെ പാ​ടു​ന്നു​ണ്ട്​ എ​ന്നു​മാ​ത്രം. സ്​​റ്റേ​ജി​ൽ പാ​ടു​ന്ന​താ​ണ്​ ഇ​ഷ്​​ടം. അ​തും എ​ന്റെ ബാ​ൻ​ഡി​ൽ ത​ന്നെ ചെ​യ്യാ​നാ​ണ്​ കൂ​ടു​ത​ൽ ഇ​ഷ്​​ടം. സം​ഗീ​ത​ജ്ഞ​രും ടെ​ക്​​നീ​ഷ്യ​ന്മാ​രു​മ​ട​ക്കം 10​ പേ​രാ​ണ് സൂ​ര​ജ്​ ലൈ​വ്​ എ​ന്ന​ ബാ​ൻ​ഡി​ലു​ള്ള​ത്. പാ​ടു​ന്ന​ത്​ ഞാ​നാ​ണ്. ര​ണ്ട്​ മ​ണി​ക്കൂ​ർ ഷോ. ​കേ​ര​ള​ത്തി​ലെ ഏ​താ​ണ്ട്​ എ​ല്ലാ കാ​മ്പ​സു​ക​ളി​ലും പാ​ടി. ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂരു, മി​ഡി​ലീ​സ്​​റ്റ്​ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സ്​​റ്റേ​ജ്​ ഷോ​ക​ൾ ചെ​യ്​​തു.

കു​റ​ച്ചു​ കാ​ല​മാ​യി സ്ഥി​ര​താ​മ​സം ധ​രം​ശാ​ല​യി​ലാ​ണെ​ന്ന്​ അ​റി​ഞ്ഞു. അ​വി​ടെ എ​ന്താ​ണ്​​ ചെ​യ്യു​ന്ന​ത്​​?

കോ​വി​ഡ് കാ​ലം​ ക​ഴി​ഞ്ഞ​പ്പോ​ൾ​ ഒ​രു സം​ഗീ​തപ​ഠ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഹി​മാ​ച​ലി​ലെ ധ​രം​ശാ​ല​യി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്നു. ഹി​മാ​ല​യ​ൻ അ​ക്കാ​ദ​മി ഒാ​ഫ്​ മ്യൂ​സി​ക് ടെ​ക്​​നോ​ള​ജി​ (എ​ച്ച്.​എ.​എം.​ടി) എ​ന്ന മ്യൂ​സി​ക്​ ടെ​ക്​​നോ​ള​ജി സ്ഥാ​പ​ന​ത്തി​ലാ​ണ്​ ചേ​ർ​ന്ന​ത്. ഒ​രു ഹ്ര​സ്വ​കാ​ല കോ​ഴ്​​സാ​ണ്. ര​ണ്ട്​ മാ​സ​ത്തെ കോ​ഴ്​​സ്. 2022​ന്റെ അ​വ​സാ​ന​മാ​ണ് അ​വി​ടെ പോ​യ​ത്​. കോ​വി​ഡ്​ ക​ഴി​ഞ്ഞയുട​നെ ആ​ദ്യം ധ​രം​ശാ​ല​യി​ൽ പോ​യി ഒ​രു മാ​​സ​ത്തോ​ളം താ​മ​സി​ച്ചു. അ​പ്പോ​ൾ ആ ​സ്ഥ​ലം എ​നി​ക്കി​ഷ്​​ട​മാ​യി. അ​തു​പോ​ലെ ചെ​യ്​​തു​കൊ​ണ്ടി​രി​ക്കു​ന്ന ജോ​ലി​യി​ൽ​നി​ന്ന് ഒ​രു​ മാ​റ്റം വേ​ണം എ​ന്നും​ തോ​ന്നി.

വേ​റെ എ​ന്തെ​ങ്കി​ലും ചി​ന്തി​ക്കാ​ൻ സ്​​പേ​സ്​ വേ​ണം. അ​ങ്ങ​നെ​യാ​ണ്​ എ​ച്ച്.​എ.​എം.​ടി​യി​ൽ എ​ത്തു​ന്ന​ത്. മാ​ത്ര​മ​ല്ല, ഇൗ ​കോ​ഴ്സി​ൽ വ​ള​രെ താ​ൽ​പ​ര്യം തോ​ന്നി. അ​ടി​സ്ഥാ​ന​പ​ര​മാ​യി അ​ത്​ മ്യൂ​സി​ക്​ പ്രൊഡ​ക്ഷ​നെ കു​റി​ച്ച്​ വി​ശ​ദ​മാ​യി പ​ഠി​പ്പി​ക്കു​ന്ന കോ​ഴ്​​സാ​ണ്. ‘എ​ബി​ൾ ടെ​ൻ’ എ​ന്ന സോ​ഫ്​​റ്റ്​​വെ​യ​റാ​ണ്​ പ​രി​ശീ​ലി​ക്കു​ന്ന​ത്. ‘മോ​ഡു​ലാ​ർ സി​ൻ​ത്’ എ​ന്ന​തും പ​ഠി​ക്കു​ന്നു. ഇൗ ​അ​ക്കാ​ദ​മി​യെ ചു​റ്റി​പ്പ​റ്റി ഒ​രു ക​മ്യൂ​ണി​റ്റി അ​വി​ടെ രൂ​പംകൊ​ണ്ടി​ട്ടു​ണ്ട്. ലോ​ക​ത്തി​ന്റെ പ​ല​ഭാ​ഗ​ത്തു​നി​ന്ന്​ ഇൗ ​കോ​ഴ്​​സ്​ പ​ഠി​ക്കാ​നെ​ത്തി​യ​വ​രാ​ണ്. കോ​ഴ്​​സ്​ ക​ഴി​ഞ്ഞാ​ലും പോ​കാ​തെ പ​ഠി​ക്കാ​ൻ വ​ന്ന​വ​െ​​രാ​ക്കെ അ​വി​ടെ കൂ​ടും. പോ​യും വ​ന്നു​മി​രി​ക്കു​ന്ന ഒ​രു വൈ​ബ്ര​ന്റ്​ ക​മ്യൂ​ണി​റ്റി​യാ​ണ് അ​വി​ടെ​യു​ള്ള​ത്​.

എ​ന്താ​ണ് ഈ ​മ്യൂ​സി​ക് ടെ​ക്​​നോ​ള​ജി​?

ഒ​രു സ്വ​ത​ന്ത്ര സ്​​കൂ​ളാ​ണ് എ​ച്ച്.​എ.​എം.​ടി. വ​ള​രെ ചെ​റി​യൊ​രു ക​മ്യൂ​ണി​റ്റി​യാ​ണ് അ​വി​ടെ​യു​ള്ള​ത്​. ഇ​ല​ക്​​ട്രോ​ണി​ക്​ മ്യൂ​സി​ക്​ ഇ​ൻ​സ്​​ട്രു​മെ​ന്റി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഒ​രു കോ​ഴ്​​സാ​ണ്. ശ​രി​ക്കു പ​റ​ഞ്ഞാ​ൽ മ്യൂ​സി​ക്​ പ്രൊ​ഡ​ക്ഷ​നെ കു​റി​ച്ചാ​ണ്​ പ​ഠി​ക്കു​ന്ന​ത്​. സി​ന്ത​സൈ​സേ​ഴ്​​സ്​ ഉ​പ​യോ​ഗി​ച്ച്​ എ​ങ്ങ​നെ സൗ​ണ്ട്​ മാ​നി​പ്പുലേ​റ്റ്​ ചെ​യ്യാം, എ​ങ്ങ​നെ പു​തി​യ സൗ​ണ്ട്​ സ്​​കേ​പ്​​സ്​ ഉ​ണ്ടാ​ക്കാം, എ​ങ്ങ​നെ അ​തു​വ​ഴി പു​തി​യൊ​രു ആ​സ്വാ​ദ​നത​ലം സൃ​ഷ്​​ടി​ക്കാം ഇ​തൊ​ക്കെ​യാ​ണ്​ അ​വി​ടെ പ​ഠി​ക്കു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും ഇ​ഷ്​​ട​പ്പെ​ടു​ന്ന ഒ​രു സം​ഗീ​ത​മ​ല്ല ഇ​ത്. പ​ക്ഷേ, എ​ന്റെ താ​ൽ​പ​ര്യം ഇ​തി​ലാ​ണ്. ഇ​തി​ന്റെ ഹ​യ​ർ​കോ​ഴ്സാ​യ​ ‘സോ​ണോ​ള​ജി’ ഏ​തെ​ങ്കി​ലും വി​ദേ​ശ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ ചെ​യ്യ​ണ​മെ​ന്നു​ണ്ട്. യ​ഥാ​ർ​ഥത്തി​ൽ ഈ ​സം​ഗീ​ത​ത്തി​ൽ വോ​ക്ക​ൽ ഇ​ല്ല.

എ​ന്നാ​ൽ, ഞാ​ൻ പാ​ട്ടു​ പാ​ടു​ന്ന​ത്​ അ​വ​സാ​നി​പ്പി​ച്ചി​ട്ടി​ല്ല. അ​ത്​ സ​മാ​ന്ത​ര​മാ​യി ത​ന്നെ കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. പ​ക്ഷേ, സം​ഗീ​തം എ​ന്ന​ത്​ ‘പാ​ടു​ക’ എ​ന്ന​തി​ൽ മാ​ത്രം ഒ​തു​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. കമ്പോസ്​ ചെ​യ്യു​ക, ഒാ​ർ​ക്ക​സ്​​ട്രേ​റ്റ്​ ചെ​യ്യു​ക, ഒ​രു സം​ഗീ​തം ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക എ​ന്ന പ്രോ​സ​സ്​ എ​നി​ക്കി​ഷ്​​ട​മാ​ണ്. പ്രോ​സ​സാ​ണ്​ ഞാ​ൻ എ​ൻ​ജോ​യ്​ ചെ​യ്യു​ന്ന​ത്. ടെ​ക്​​നോ​ള​ജി ഇ​ൻ​വോ​ൾ​വ്​ ചെ​യ്യ​ു​േ​മ്പാ​ൾ അ​തി​ൽ ഞാ​ൻ കൂ​ടു​ത​ൽ ഇ​ന്റ​റ​സ്​​റ്റ​ഡാ​വു​ന്നു. ഈ ​മ്യൂ​സി​ക്​ ടെ​ക്​​നോ​ള​ജി​യി​ൽ ഇ​പ്പോ​ൾ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സും ഉ​പ​യോ​ഗി​ച്ചുതു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഈ ​മ്യൂ​സി​ക്​ ടെ​ക്​​നോ​ള​ജി​ക്കും വാ​ണി​ജ്യമൂ​ല്യ​മു​ണ്ട്. ഇ​തി​നും വി​പ​ണി​യു​ണ്ട്. ‘മോ​ഡു​ല​ർ സി​ൻ​ത്’​ ആ​ർ​ട്ടി​സ്​​റ്റു​ക​ൾ ഇ​ന്ന്​ ലോ​ക​മൊ​ട്ടു​ക്കു​ണ്ട്. ന​മ്മു​ടെ നാ​ട്ടി​ൽ അ​ത്ര വി​പു​ല​മാ​യി വ​ന്നി​ട്ടി​ല്ല എ​ന്നേ​യു​ള്ളൂ. ഇ​തി​ന്റെ സ്​​റ്റേ​ജ്​ ഷോ ​വ​രെ​യു​ണ്ട്. ഡി.​ജെ ഒ​ക്കെ ഇ​തി​ന്റെ പാ​ർ​ട്ടാ​യി വ​രും. ഡി.​ജെ​യി​ൽ പ്ലേ ​ചെ​യ്യു​ന്ന മ്യൂ​സി​ക്​ ഇ​ങ്ങ​നെ ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. ഫോ​ർ​ട്ട്​ കൊ​ച്ചി​യി​ൽ കു​റ​ച്ചു​പേ​രു​ണ്ട്. ‘ഫോ​ർ​പ്ലേ സൊ​സൈ​റ്റി’ എ​ന്ന പേ​രി​ൽ. കു​റെ സൗ​ണ്ടു​ക​ളാ​ണ്​ കേ​ൾ​ക്കു​ന്ന​ത്. അ​ത്​ കേ​ട്ടു​ പ​രി​ച​യി​ച്ച മ്യൂ​സി​ക്​ ത​ന്നെ​യാ​വ​ണ​മെ​ന്നി​ല്ല. സം​ഗീ​ത​ത്തി​ൽ ആ​കെ 12 സ്വ​ര​ങ്ങ​ള​ല്ലേ​യു​ള്ള​ത്. അ​ത് ഇ​തി​ന്റെ​യും​ അ​ടി​സ്ഥാ​നംത​ന്നെ​യാ​ണ്. നോ​യ്​​സ്​ ഉ​പ​യോ​ഗി​ച്ചുപോ​ലും മ്യൂ​സി​ക്​ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ എ​ച്ച്.​എ.​എം.​ടി​യി​ൽ വ​ന്ന​പ്പോ​ൾ മ​ന​സ്സി​ലാ​യി.

 

നിഖിൽ രാജൻ,ജി.വി. പ്രകാശ്​ കുമാർ,ജോൺ പോൾ ജോർജ്​

എ​ന്താ​ണ്​ മ​റ്റു ഭാ​വിപ​രി​പാ​ടി​ക​ൾ?

കു​റ​ച്ചു​കാ​ലം ധ​രം​ശാ​ല​യി​ൽത​ന്നെ തു​ട​രാ​നാ​ണ്​ തീ​രു​മാ​നം. ആ​ൽ​ബ​മൊ​ക്കെ ഇ​വി​ടെ​നി​ന്ന്​ ചെ​യ്യു​ന്നു. ‘സൂ​ര​ജ്​ ലൈ​വ്​ ഷോ’​ക്ക്​ വേ​ണ്ടി​യും മ​റ്റ്​ സ്​​റ്റേ​ജ്​ ഷോ​ക​ൾ​ക്കു​വേ​ണ്ടി​യു​മാ​ണ്​ അ​വി​ടെനി​ന്ന്​ പു​റ​ത്തു​വ​രു​ക. സി​നി​മ​ക്കു​വേ​ണ്ടി​യു​ള്ള പാ​ട്ടു​ക​ൾ ധ​രം​ശാ​ല​യി​ൽ​നി​ന്ന്​​ പാ​ടി അ​യ​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. കോ​വി​ഡി​നുശേ​ഷം എ​വി​ടെ​നി​ന്നും പാ​ടി അ​യ​ക്കാ​ൻ സാ​ധി​ക്കു​ന്ന സം​വി​ധാ​ന​മു​ണ്ടാ​യ​ല്ലോ. പാ​ട്ടു​ പാ​ടു​ക, സം​ഗീ​തസം​വി​ധാ​ന​ത്തി​ലും ആ​ദ്യം മു​ത​ലേ ഒ​രു കൈ ​നോ​ക്കി​യി​രു​ന്നു. ‘ചീ​ന ട്രോ​ഫി’ എ​ന്ന സി​നി​മ​ക്കാ​യി ഞാ​നും സു​ഹ​​ൃ​ത്ത്​ വ​ർ​ക്കി​യും ചേ​ർ​ന്ന്​ സം​ഗീ​തസം​വി​ധാ​നം ചെ​യ്​​തി​രു​ന്നു.

സൂ​ര​ജ് സ​ന്തോ​ഷ്​ ആ​ൻ​ഡ്​​ വ​ർ​ക്കി എ​ന്ന പേ​രി​ൽ. നാ​ല​ഞ്ച്​ പാ​ട്ടു​ക​ൾ അ​ങ്ങ​നെ ചെ​യ്​​തു. മ​സാ​ല കോ​ഫി ബാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​േ​മ്പാ​ൾ ‘ഉ​റി​യ​ടി’, ‘ക​ണ്ണും ക​ണ്ണും കൊ​ള്ള​യ​ടി​ത്താ​ൽ’ എ​ന്നീ സി​നി​മ​ക​ൾ​ക്കുവേ​ണ്ടി സം​ഗീ​തസം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രു​ന്നു. ആ ​പാ​ട്ടു​ക​ൾ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ‘ആ​വാ​സ​വ്യൂ​ഹം’ എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ കൃ​ഷാ​ന്ത്​ സോ​ണി ലി​വി​നു​വേ​ണ്ടി ചെ​യ്യു​ന്ന ‘സം​ഭ​വ വി​വ​ര​ണം, നാ​ല​ര സം​ഘം’ എ​ന്ന വെ​ബ്​ സീ​രീ​സി​നാ​യി​ ഞാ​നും വ​ർ​ക്കി​യും ചേ​ർ​ന്ന്​ പാ​ട്ടു​ക​ൾ ഒ​രു​ക്കു​ന്നു​ണ്ട്. ട്രി​വാ​ൻ​ഡ്രം ഗാ​ങ്​​സ്​​റ്റ​ർ ക​ഥ​യാ​ണ്​ ഈ ​വെ​ബ്​ സീ​രീ​സ്.

കു​ടും​ബം, രാ​ഷ്​​ട്രീ​യം?

അ​ച്ഛ​നും അ​മ്മ​യും അ​നു​ജ​നുമ​ട​ങ്ങി​യ​താ​ണ്​ കു​ടും​ബം. അ​ച്ഛൻ സ​ന്തോ​ഷ്​ കു​മാ​ർ വ​നം​വ​കു​പ്പി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യി​രു​ന്നു. അ​മ്മ ജ​യ​കു​മാ​രി അ​ധ്യാ​പി​ക​യും. കോ​ട്ട​ൺ​ഹി​ൽ സ്​​കൂ​ളി​ലാ​യി​രു​ന്നു കൂ​ടു​ത​ൽ കാ​ലം ജോ​ലിചെ​യ്​​തി​രു​ന്ന​ത്. അ​നു​ജ​ൻ ധീ​ര​ജ്​ എ​ൻ​ജി​നീ​യ​റാ​ണ്. എ​ല്ലാ​വ​രും തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്​ സ്ഥി​ര​താ​മ​സം. എ​ല്ലാ മാ​സ​വും ഞാ​ൻ നാ​ട്ടി​ൽ വ​രും. അ​ച്ഛനെ​യും അ​മ്മ​യെ​യും അ​നു​ജ​നെ​യും കാ​ണും. കാ​മ്പ​സ്​ രാ​ഷ്​​ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു. എ​സ്.​എ​ഫ്.​െ​എ​യി​ലു​ണ്ടാ​യി​രു​ന്നു. യൂ​നി​വേ​ഴ്​​സി​റ്റി യൂ​നി​യ​ൻ കൗ​ൺ​സി​ല​റാ​യി​രു​ന്നു. അ​തി​നു​ ശേ​ഷം ക​ക്ഷി​രാ​ഷ്​​ട്രീ​യ​ത്തി​ൽ ഇ​ല്ല. ഇ​ട​തു​പ​ക്ഷ​ രാ​ഷ്​​ട്രീ​യം പി​ന്തു​ട​രു​ന്ന​വ​രെ ഞാ​ൻ ശ്ര​ദ്ധി​ക്കാ​റു​ണ്ട്. സം​ഘ​ട​ന​യി​ലൊ​ന്നും മെ​ംബ​റ​ല്ല.

Tags:    
News Summary - weekly interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.