മലിനീകരണ തട്ടിപ്പ്: ഫോക്സ് വാഗണെ ഇനി മുള്ളര്‍ നയിക്കും

ഫ്രാങ്ക്ഫൂര്‍ട്ട്: മലിനീകരണ പരിശോധനയില്‍നിന്ന് രക്ഷപ്പെടാന്‍ കാറുകളില്‍ പ്രത്യേക സോഫ്റ്റ്വെയര്‍ ഘടിപ്പിച്ചതായി കണ്ടത്തെിയതിനെ തുടര്‍ന്ന് വിഖ്യാത കാര്‍നിര്‍മാണ കമ്പനിയായ ഫോക്സ് വാഗണില്‍ നേതൃമാറ്റം. വിവാദത്തെ തുടര്‍ന്ന് ചീഫ് എക്സിക്യൂട്ടിവ് പദവിയില്‍നിന്ന് രാജിവെച്ച മാര്‍ട്ടിന്‍ വിന്‍റര്‍കോണിന്‍െറ പിന്‍ഗാമിയായി മത്യാസ് മുള്ളര്‍ നിയമിക്കപ്പെടും. വെള്ളിയാഴ്ച ചേര്‍ന്ന 20 അംഗ നിര്‍വാഹക സമിതിയാണ് 62കാരനായ മുള്ളറെ പുതിയ തലവനായി പ്രഖ്യാപിച്ചത്.
ഫോക്സ് വാഗണിന്‍െറ സ്പോര്‍ട്സ് കാര്‍ നിര്‍മാണ വിഭാഗമായ പോര്‍ഷെയുടെ അമരക്കാരനായി സേവനംചെയ്തുവരികയായിരുന്നു മുള്ളര്‍.
ലോകത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാണ കമ്പനിയായ ഫോക്സ് വാഗണ്‍ വിവിധ രാജ്യങ്ങളില്‍ വിറ്റഴിച്ച 1.1 കോടി കാറുകളിലാണ് പുകപരിശോധന നടത്തുമ്പോള്‍ മലിനീകരണം കുറവാണെന്ന് കാണിക്കുന്ന സോഫ്റ്റ്വെയര്‍ ഘടിപ്പിച്ചത്. അന്താരാഷ്ട്ര ക്ളീന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സമിതിയാണ് (ഐ.സി.സി.ടി) കമ്പനിയുടെ തട്ടിപ്പ് കണ്ടത്തെിയത്. ഇതേതുടര്‍ന്ന് കമ്പനി കുറ്റം സമ്മതിക്കുകയും മാര്‍ട്ടിന്‍ വിന്‍റര്‍കോണ്‍ സി.ഇ.ഒ പദവി രാജിവെക്കുകയും ചെയ്തു.
അമേരിക്കയിലായിരുന്നു കമ്പനിക്കെതിരെ ആദ്യ അന്വേഷണം നടന്നത്. പുതിയ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. യൂറോപ്പില്‍ കമ്പനിയുടെ ഓഹരിവില മൂന്നിലൊന്നായി ഇടിഞ്ഞെങ്കിലും വെള്ളിയാഴ്ച നേരിയ വര്‍ധന രേഖപ്പെടുത്തി. ഫോക്സ് വാഗണ്‍ യൂറോപ്പിലും മലിനീകരണ പ്രതിരോധ തട്ടിപ്പ് നടത്തിയതായി ജര്‍മന്‍ ഗതാഗതമന്ത്രി അറിയിച്ചു. മലിനീകരണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കാര്‍നിര്‍മാതാക്കള്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടും നടപടികള്‍ക്ക് തയാറാകാത്ത സര്‍ക്കാറിനെതിരെ ബ്രിട്ടനിലെ ‘ക്ളയന്‍റ് എര്‍ത്ത്’ പരിസ്ഥിതി ഗ്രൂപ് പ്രതിഷേധം രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.