ഈജിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 14 കുട്ടികളടക്കം 38 മരണം

മ്യൂണിക്: അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് ഈജിയന്‍ കടലില്‍ മുങ്ങി 14 കുട്ടികള്‍ ഉള്‍പ്പെടെ 38 മരണം. 30 പേര്‍ നീന്തി രക്ഷപ്പെട്ടു. 68 പേരെ ഗ്രീസ് തീരസംരക്ഷണ സേന കരക്കെത്തിച്ചു.


തുര്‍ക്കിയില്‍ നിന്ന് ഗ്രിസീലേക്ക് പോയ തടി കൊണ്ട് നിര്‍മിച്ച മത്സ്യബന്ധന ബോട്ടാണ് ഈജിയന്‍ കടലില്‍ മുങ്ങിയത്. ഗ്രീസ് ദ്വീപായ ഫര്‍മാകോനിസിലായിരുന്നു സംഭവം. അപകട സമയത്ത് 130 അഭയാര്‍ഥികള്‍ ബോട്ടിലുണ്ടായിരുന്നു.

മരിച്ച 14 കുട്ടികളില്‍ നാല് പിഞ്ചുകുഞ്ഞുങ്ങളും അഞ്ച് വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്നതായി ഏതന്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ഥി പ്രശ്നം ആരംഭിച്ച ശേഷം നടന്ന വലിയ ദുരന്തങ്ങളിലൊന്നാണിത്. ദുരന്തത്തില്‍ കാണാതയവര്‍ക്ക് വേണ്ടി തീരസംരക്ഷണ സേന തെരച്ചില്‍ നടത്തുന്നുണ്ട്.

അതേസമയം, അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനെ സംബന്ധിച്ച് ആശങ്ക തുടരുന്നതിനിടയിലും യൂറോപ്പിലേക്ക് അഭയം തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. അഭയാര്‍ഥിപ്രവാഹം വര്‍ധിച്ചതോടെ ഓസ്ട്രിയയില്‍ നിന്നുള്ള തീവണ്ടി സര്‍വീസുകള്‍ ജര്‍മനി താല്‍കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

യൂറോപിലേക്കുള്ള പലായനത്തിനിടെ ഗ്രീസില്‍ അഞ്ച് കുഞ്ഞുങ്ങളടക്കം 28 അഭയാര്‍ഥികളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.