കുര്‍ദിഷ് പട്ടണങ്ങളിലെ മേയര്‍മാരെ ജയിലിലടച്ചു


ഇസ്തംബൂള്‍: സ്വയംഭരണം അവകാശപ്പെട്ടെന്ന് ആരോപിച്ച് കുര്‍ദ് സ്വാധീനമേഖലയായ തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ മൂന്ന് മേയര്‍മാരെ തുര്‍ക്കി ജയിലിലടച്ചു. കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിക്കെതിരെ (പി.കെ.കെ) തുര്‍ക്കി ആരംഭിച്ച ശക്തമായ നടപടിയുടെ ഭാഗമാണ് പുതിയ സംഭവം. മേഖലയിലെ വലിയ പട്ടണമായ ദിയാര്‍ബാകിര്‍, സെയിദ് നരിന്‍, ഫാത്മ സിസ് ബറൂത് മേയര്‍മാരെയാണ് അറസ്റ്റ് ചെയ്തതെന്ന് അനത്തോളിയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റ് ചെയ്തവരെ കോടതി റിമാന്‍ഡ് ചെയ്തു. സില്‍വന്‍ മേയറെയും മറ്റു നഗരസഭാ ഉദ്യോഗസ്ഥരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
അറസ്റ്റിലായവരെല്ലാം കുര്‍ദിഷ് പാര്‍ട്ടിയായ പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്.ഡി.പി) യുമായി സഖ്യമുള്ള ഡെമോക്രാറ്റിക് റീജിയന്‍സ് പാര്‍ട്ടി (ഡി.ബി.പി) അംഗങ്ങളാണ്. രാജ്യത്തിന്‍െറ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവരാണിവര്‍ എന്ന് തുര്‍ക്കി അധികൃതര്‍ ആരോപിച്ചു. ബുധനാഴ്ച ഇവരെ കസ്റ്റഡിയിലെടുത്തതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുര്‍ദുകള്‍ക്കെതിരായ പുതിയ നടപടിയില്‍ 812 പി.കെ.കെ വിമതരും 56 തുര്‍ക്കി സൈനികരും കൊല്ലപ്പെട്ടതായി അനത്തോളിയ റിപ്പോര്‍ട്ട് ചെയ്തു. സിവിലിയന്മാരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവുമെന്ന് ആരോപണമുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.