യമന്‍: പ്രശ്നപരിഹാര ചര്‍ച്ചയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി

സന്‍ആ: യമനില്‍ ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ ഐക്യരാഷ്ട്രസഭയുടെ പിന്തുണയില്‍ നടക്കുന്ന ചര്‍ച്ചയില്‍നിന്ന് യമന്‍ സര്‍ക്കാര്‍ പിന്മാറി. ശിയാ സംഘമായ ഹൂതികളും മുന്‍ പ്രധാനമന്ത്രി അലി അബ്ദുല്ല സാലിഹിന്‍െറ ജനറല്‍ പീപ്ള്‍സ് കോണ്‍ഗ്രസും (ജി.പി.സി) ചേര്‍ന്ന് സഖ്യകക്ഷി സര്‍ക്കാറുണ്ടാക്കുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പ്രശ്നപരിഹാര ചര്‍ച്ചയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയാണെന്ന് പ്രധാനമന്ത്രി അബ്ദുറബ്ബു മന്‍സൂര്‍ ഹാദി അറിയിച്ചത്. രാജ്യത്തെ സംഘര്‍ഷാവസ്ഥക്ക് പരിഹാരം കാണാന്‍ ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ ഏപ്രിലില്‍ കുവൈത്തില്‍ തുടങ്ങിയ ചര്‍ച്ചകള്‍ ഇതോടെ വഴിമുട്ടും.
യമനിലെ ഹൂതികളെ നേരിടാന്‍ 2015ല്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ സൈനിക നടപടി തുടങ്ങിയതിനെ തുടര്‍ന്നാണ് രാജ്യത്ത് സംഘര്‍ഷം രൂക്ഷമായത്. ഇതിന് പരിഹാരം കാണാനാണ് കുവൈത്തില്‍ വെച്ച് രാജ്യത്തെ വിവിധ കക്ഷികളെ ഉള്‍പ്പെടുത്തി ചര്‍ച്ചയാരംഭിച്ചത്.
തങ്ങള്‍ക്കെതിരായ സൈനികനടപടികള്‍ നിര്‍ത്തിവെക്കുക, സംഘര്‍ഷത്തിനിടെ അറസ്റ്റ്ചെയ്തവര്‍ക്ക് പൊതുമാപ്പ് നല്‍കി വിട്ടയക്കുക എന്നിവ ഹൂതികള്‍ ചര്‍ച്ചയുടെ ആദ്യ ഘട്ടം മുതല്‍തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആവശ്യം അംഗീകരിക്കാതിരുന്ന സര്‍ക്കാര്‍, ഹൂതികള്‍ പിടിച്ചെടുത്ത നഗരങ്ങളും പ്രദേശങ്ങളും കൈയൊഴിയുകയാണ് ആദ്യം വേണ്ടതെന്ന് നിലപാടെടുത്തു.
ഇതിനിടെ, 2011ലെ ‘അറബ് വസന്ത’ത്തെ തുടര്‍ന്ന് സ്ഥാനഭ്രഷ്ടനായ അലി അബ്ദുല്ല സാലിഹിന്‍െറ പാര്‍ട്ടിയും ഹൂതികളും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഏകപക്ഷീയമായ തീരുമാനമെടുക്കുകയായിരുന്നെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍െറ വക്താവ് അറിയിച്ചു. രാഷ്ട്രീയവും സൈനികവും സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങള്‍ ഇനി സഖ്യകക്ഷി സര്‍ക്കാര്‍ നിര്‍വഹിക്കും.
സംഘര്‍ഷത്തെ തുടര്‍ന്ന് ഇതുവരെ 6000ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 2.2 ദശലക്ഷമാളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്നുമാണ് ഒൗദ്യോഗിക കണക്കുകള്‍. ആവശ്യമായ ചികിത്സാസംവിധാനങ്ങളില്ലാതെയും ഭക്ഷണമില്ലാതെയും ജനങ്ങള്‍ നരകിക്കുകയാണെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.