കൊളംബോ: ശ്രീലങ്കയില്‍ മുന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സ പ്രധാനമന്ത്രിയായി പുതിയ ഊഴം തേടുന്ന പൊതു തെരഞ്ഞെടുപ്പ് തിങ്കളാഴ്ച. നിലവിലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യു.എന്‍.പി)യും പ്രസിഡന്‍റ് മൈത്രിപാല സിരിസേന നേതൃത്വം നല്‍കുന്ന യുനൈറ്റഡ് പീപ്ള്‍സ് ഫ്രീഡം അലയന്‍സ് (യു.പി.എഫ്.എ)ഉം തമ്മിലാണ് പ്രധാന മത്സരം. നേരത്തേ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിക്രമസിംഗെയുടെ പിന്തുണയാണ് സിരിസേനക്ക് വിജയമൊരുക്കിയിരുന്നതെങ്കില്‍ ഇത്തവണ സിരിസേനയുടെ മനസ്സ് ആര്‍ക്കൊപ്പമാണെന്ന് വ്യക്തമല്ല.
രാജപക്സ യു.പി.എഫ്.എ സ്ഥാനാര്‍ഥിയാകുന്നതിനോട് സിരിസേന കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. മുന്നണിയിലെ പ്രധാന കക്ഷിയായ എസ്.എല്‍.എഫ്.പിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അവസരം നഷ്ടപ്പെടുത്തിയെന്നു മാത്രമല്ല, പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുന്‍ പ്രസിഡന്‍റ് മത്സരിക്കുകയെന്ന തെറ്റായ കീഴ്വഴക്കവും സൃഷ്ടിച്ചുവെന്ന് കഴിഞ്ഞയാഴ്ച സിരിസേന അയച്ച കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ടിക്കറ്റ് നല്‍കിയില്ളെങ്കില്‍ പാര്‍ട്ടി പിളര്‍ത്തുമെന്ന ഭീഷണിയുമായാണ് രാജപക്സ ഇതിനെ നേരിട്ടത്.
പോര് മൂത്തതോടെ, ന്യൂനപക്ഷങ്ങളായ തമിഴരെയും മുസ്ലിംകളെയും പാര്‍ട്ടിയില്‍നിന്ന് അകറ്റിയ പാരമ്പര്യമുള്ള താന്‍ പാര്‍ട്ടികൂടി പിളര്‍ത്തരുതെന്ന് സിരിസേന ഇതിന് മറുപടി നല്‍കി. രാജപക്സക്കു കീഴില്‍ ആരോഗ്യമന്ത്രിയായിരുന്ന സിരിസേന കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജയം കണ്ടതോടെ അദ്ദേഹം പുറത്താക്കപ്പെടുമെന്നായിരുന്നു പ്രചാരമെങ്കിലും പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ ഏല്‍പിക്കുകയായിരുന്നു. അതേസമയം, രാജപക്സയെ തോല്‍പിക്കാന്‍ തമിഴ് പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.