മാധ്യമപ്രവര്‍ത്തകരെ വധിച്ചയാള്‍ ആത്മഹത്യ ചെയ്തു

വിര്‍ജീനിയ: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ വിര്‍ജീനിയയില്‍ രണ്ടു മാധ്യമപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയയാള്‍ ആത്മഹത്യ ചെയ്തു. മുന്‍ ജീവനക്കാരന്‍ ബ്രയ്സ് വില്യംസ് എന്നറിയപ്പെടുന്ന വെസ്റ്റര്‍ ലീ ഫ്ളാഗ്നാനാണ് കഴിഞ്ഞ ദിവസം ഡബ്ള്യു.ഡി.ബി.ജെ7 ചാനലിലെ റിപ്പോര്‍ട്ടര്‍ അലിസണ്‍ പാര്‍കര്‍ കാമറമാന്‍ ആഡം വാര്‍ഡ് എന്നിവരെ വെടിവെച്ചുകൊന്നത്. മൊനേറ്റ പട്ടണത്തില്‍ അഭിമുഖം ചിത്രീകരിക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്. സ്വയം വെടിവെക്കുന്ന വിഡിയോ ഫ്ളാഗ്നാന്‍ അപ്ലോഡ് ചെയ്തിരുന്നു.
വെടിവെപ്പ് നടന്ന് കുറച്ച് സമയത്തിനുള്ളില്‍ പ്രധാന പാതയില്‍ ഫ്ളാഗ്നാന്‍െറ കാര്‍ പൊലീസ് പിന്തുടര്‍ന്നിരുന്നു. കാര്‍ റോഡരികിലേക്ക് ഇടിച്ചുകയറ്റിയതിനുശേഷം സ്വയം വെടിവെക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മരണവെപ്രാളത്തിലായിരുന്ന ഫ്ളാഗ്നാനെ ആശുപത്രിയിലത്തെിച്ചെങ്കിലും മരിക്കുകയായിരുന്നു.
പാര്‍കറിനെതിരെയും വാര്‍ഡിനെതിരെയും വ്യക്തിവൈരാഗ്യമുള്ളതായി ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് സൂചന നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഇയാള്‍ വെടിവെപ്പിനെ കുറിച്ച് സൂചന നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു.
അതേസമയം, ഫ്ളാഗ്നന്‍ അയച്ച 23 പേജ് ഫാക്സ് സന്ദേശം ലഭിച്ചതായി എ.ബി.സി ന്യൂസ് അറിയിച്ചു. ഈ വര്‍ഷം ആദ്യം ചാള്‍സ്റ്റണിലെ കറുത്ത വംശജരുടെ ചര്‍ച്ചില്‍ നടന്ന വെടിവെപ്പില്‍ നീരസം പ്രകടിപ്പിക്കുന്നതായിരുന്നു ഫാക്സെന്ന് എ.ബി.സി പറഞ്ഞു. വംശവിവേചനത്തെയും ജോലിസ്ഥലത്തെ പീഡനത്തെയും വിമര്‍ശിക്കുന്ന ഫാക്സ് സ്കൂളുകളിലും കോളജുകളിലും വര്‍ധിച്ചുവരുന്ന വെടിവെപ്പിനെ അനുകൂലിക്കുന്നുണ്ട്.
വ്യാഴാഴ്ച വ്യത്യസ്ത സംഭവങ്ങളില്‍ ആയുധധാരികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു പൊലീസുകാരനുള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ലൂസിയാനയിലെ കച്ചവടസ്ഥാപനത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ ഹാരിസണ്‍ ലീ വൈലി ജൂനിയര്‍ ആദ്യം പൊലീസുകാരനെയും പിന്നീട് രണ്ടു വനിതകളെയും വെടിവെക്കുകയായിരുന്നു. പൊലീസുകാരന്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേറ്റ വനിതകളിലൊരാള്‍ ആശുപത്രിയില്‍വെച്ച് മരിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട വനിത മുനിസിപ്പാലിറ്റി മേയറുടെ സഹോദരിയാണ്. ടെക്സസിലെ ഹൂസ്റ്റണിലെ സ്കൂള്‍ പാര്‍ക്കിങ് ഏരിയയില്‍ നടന്ന വെടിവെപ്പില്‍ മറ്റൊരാള്‍ കൊല്ലപ്പെട്ടത്. വെടിവെപ്പ് സ്കൂളിനെ ബാധിച്ചിട്ടില്ല.
രാജ്യത്ത് തുടരുന്ന വെടിവെപ്പ് സംഭവങ്ങളില്‍ പ്രസിഡന്‍റ് ഒബാമ ആശങ്ക പ്രകടിപ്പിച്ചു. ആയുധ നിയന്ത്രണ നിയമം എത്രയും പെട്ടെന്ന് പാസാക്കണമെന്ന് കോണ്‍ഗ്രസിനോട് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. തീവ്രവാദത്തെ തടയാന്‍ ധാരാളം പണം ചെലവഴിക്കുന്ന രാജ്യത്ത് ആയുധ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കാന്‍ ആകുന്നില്ളെന്നത് ഖേദകരമാണെന്ന് പ്രസിഡന്‍റ് ഒബാമ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.