ഒബാമയുടെ ആണവസുരക്ഷ ഉച്ചകോടി അടുത്തവര്‍ഷം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ആതിഥേയത്വത്തിലുള്ള നാലാമത്തെയും അവസാനത്തെയും ആഗോള ആണവസുരക്ഷ ഉച്ചകോടി അടുത്തവര്‍ഷം മാര്‍ച്ച് 31നും ഏപ്രില്‍ ഒന്നിനുമായി നടക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ ലോകത്തെ പ്രധാനനേതാക്കളെല്ലാം ഉച്ചകോടിയില്‍ പങ്കെടുത്തേക്കും. ഉയര്‍ന്നനിരക്കിലുള്ള ആണവസമ്പുഷ്ടീകരണത്തിന്‍െറ ഉപഭോഗം കുറക്കല്‍, അപകടസാധ്യതയുള്ള വസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്തല്‍, നിയമവിരുദ്ധമായ ആണവ പദ്ധതികളെ എതിര്‍ക്കുക, ആണവഭീകരത തടയുക തുടങ്ങിയ വിഷയങ്ങള്‍ രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യുമെന്ന് വൈറ്റ്ഹൗസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് പറഞ്ഞു.
2010ല്‍ വാഷിങ്ടണ്‍ ഡി.സിയില്‍ നടന്ന പ്രഥമ ആണവസുരക്ഷാ ഉച്ചകോടിയിലും തുടര്‍ന്ന് 2012ല്‍ സിയോയിലും 2014ല്‍ ഹേഗിലും നടന്ന ഉച്ചകോടികളില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുത്തിരുന്നു. 2009ലെ പ്രാഗ് ഉച്ചകോടിയില്‍ ആണവഭീകരത ലോകസുരക്ഷയിലെ ഏറ്റവുംവലിയ വെല്ലുവിളിയാകുമെന്ന് ഒബാമ പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ഉച്ചകോടികളും ആണവസുരക്ഷയില്‍ വലിയ വിജയം നേടിയതായും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പിന്തുണനേടാന്‍ കഴിഞ്ഞതായും ഏണസ്റ്റ് പറഞ്ഞു. ആണവഭീകരത സംഭവിക്കുന്നതിന് മുമ്പായി ആണവസുരക്ഷക്കുവേണ്ടി നാം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഏണസ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.