അമരിന്ദർ സിങ് രാജ വാറിങ്
പഞ്ചാബ് കോൺഗ്രസിൽ വിഭാഗീയത രൂക്ഷം; രാഹുൽ ഗാന്ധിക്ക് രാജിക്കത്ത് സമർപ്പിച്ച് പി.പി.സി.സി അധ്യക്ഷൻ
ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുക്കവേ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പി.പി.സി.സി) അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ച് അമരിന്ദർ സിങ് രാജ വാറിങ്. സംസ്ഥാന ഘടകത്തിലെ ദീർഘകാലമായുള്ള ചേരിതിരിഞ്ഞുള്ള വഴക്കുകളെ തുടർന്ന് സ്ഥാനം ഒഴിയുന്നുവെന്ന് അറിയിച്ച അദ്ദേഹം, രാഹുൽ ഗാന്ധിക്ക് നേരിട്ട് രാജികത്ത് സമർപ്പിച്ചു. നാല് വർഷത്തിലേറെയായി സംസ്ഥാന കോൺഗ്രസിനെ നയിച്ചുവരികയായിരുന്നു അദ്ദേഹം.
പാർട്ടിയിൽ ശക്തമായ വിഭാഗീയത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പ്രശ്നങ്ങൾ പരിഹരിക്കാൻ ചുമതലപ്പെടുത്തിയ എ.ഐ.സി.സി ഇൻചാർജ് ഭൂപേഷ് ബാഗേലിനെ മാറ്റി സച്ചിൻ പൈലറ്റിനെ പുതിയ ഇൻചാർജായി ഹൈക്കമാൻഡ് അടുത്തിടെ നിയമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അധ്യക്ഷന്റെ രാജി എന്നത് ശ്രദ്ധേയമാണ്. പുതിയ അധ്യക്ഷ പദവിയിലേക്ക് മുൻ മന്ത്രിയും എ.ഐ.സി.സി കോ-ട്രഷററുമായ വിജയ് ഇന്ദർ സിംഗ്ലായുടെ പേരാണ് മുൻനിരയിലുള്ളത്.
തന്റെ രാജി തീരുമാനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട വാറിങ്, ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്ന് വ്യക്തമാക്കി. പഞ്ചാബിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സർക്കാറിന്റെ പ്രവർത്തനങ്ങളും രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പാർട്ടിയുടെ കരുത്തും വെല്ലുവിളികളും നേതൃത്വവുമായി ചർച്ച ചെയ്തു. വെല്ലുവിളികളെ അതിജീവിച്ച് പാർട്ടിയെ വിജയത്തിലെത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പാർട്ടി എപ്പോൾ ആവശ്യപ്പെട്ടാലും സേവനത്തിനായി തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2027 തുടക്കത്തിലാണ് പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.