അസാധു നോട്ട് മാറ്റുമ്പോള്‍ വിരലില്‍ മഷിപുരട്ടും

ന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കില്‍ എത്തുന്ന ഇടപാടുകാരുടെ വിരലില്‍ വോട്ടുമഷി പുരട്ടാന്‍ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പണഞെരുക്കം മാറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതു വഴി രാജ്യമെമ്പാടും ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂ തുടരുമ്പോള്‍ തന്നെയാണിത്.

തെരഞ്ഞെടുപ്പില്‍ കള്ളവോട്ടു തടയാന്‍ വിരലില്‍ നീളത്തില്‍ മഷിപുരട്ടുന്ന രീതിയാണ് നോട്ടു മാറ്റാന്‍ എത്തുന്നവരുടെ കാര്യത്തിലും ബാങ്കുകള്‍ ചെയ്യുക.  വോട്ടു ചെയ്യുമ്പോള്‍ ഇടതു കൈയിലെ ചൂണ്ടുവിരലിലാണ് മഷിയടയാളം ഇടുന്നതെങ്കിലും, നോട്ടു മാറ്റുന്നവരുടെ വലതു കൈ വിരലിലാണ് മഷി പുരട്ടുക. ചില സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്നതു കണക്കിലെടുത്താണിത്. ഒരാള്‍തന്നെ ഒന്നിലധികം തവണ ബാങ്കില്‍ അസാധു നോട്ട് മാറ്റാന്‍ എത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ സംശയിക്കുന്നു. ക്യൂവിന്‍െറ അസാധാരണ നീളം അതാണ് കാണിക്കുന്നതെന്ന് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വിശദീകരിച്ചു.

തെരഞ്ഞെടുപ്പില്‍ വോട്ടുമഷി നല്‍കുന്ന മൈസൂരു പെയിന്‍റ്സ് ആന്‍ഡ് വാര്‍ഷീഷ് ലിമിറ്റഡിനോട് ബാങ്കുകള്‍ക്ക് വോട്ടുമഷി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 4,500 രൂപ ബാങ്കില്‍ കൊടുത്ത് മാറ്റുന്ന മുറക്ക് വിരലില്‍ മഷി പുരട്ടിയാല്‍ മറ്റൊരാളുടെ പക്കലുമുള്ള കറന്‍സി നോട്ടുമാറ്റാന്‍ വീണ്ടും ഒരാള്‍ക്ക് ബാങ്കിലത്തൊന്‍ കഴിയില്ല. ഇത് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം തടയുമെന്നാണ് സര്‍ക്കാര്‍ വാദം.

നോട്ടു മാറ്റാന്‍ തിരിച്ചറിയല്‍ രേഖയുടെ വിശദാംശങ്ങളും കൈയൊപ്പുമുള്ള നിശ്ചിത ഫോറം ബാങ്കില്‍ നല്‍കണമെന്ന വ്യവസ്ഥക്കു പുറമെയാണ് പുതിയ ക്രമീകരണം. എല്ലാവരെയും ബാങ്ക് അക്കൗണ്ടിന്‍െറ ഉടമയാക്കാന്‍ തുടങ്ങിയ ജന്‍ധന്‍ പദ്ധതി പ്രകാരം തുറന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് അര ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നതും തടഞ്ഞു. ഇതു ബിനാമി പണമാകാന്‍ സാധ്യത ഏറെയുണ്ടെന്നാണ് സര്‍ക്കാറിന്‍െറ പക്ഷം. ജന്‍ധന്‍ അക്കൗണ്ടുകള്‍ നിരീക്ഷിച്ചു വരുന്നതായും ധനകാര്യ സെക്രട്ടറി പറഞ്ഞു.

വിപണിയിലേക്ക് കള്ളനോട്ട് എത്തുന്നത് നിരീക്ഷിക്കാന്‍ പ്രത്യേക ദൗത്യസേന രൂപവത്കരിക്കുമെന്നും ധനകാര്യ സെക്രട്ടറി പ്രഖ്യാപിച്ചു. ജമ്മു-കശ്മീര്‍, നക്സല്‍ സ്വാധീന പ്രദേശങ്ങള്‍ തുടങ്ങി സങ്കീര്‍ണ മേഖലകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ചില്ലറ നോട്ടുകള്‍ ഒഴുകിയത്തെുന്ന ആരാധനാലയങ്ങള്‍, അവ കഴിവതും വേഗം ബാങ്കുകള്‍ക്കു കൈമാറി പണലഭ്യത വര്‍ധിപ്പിക്കണമെന്നും ധനകാര്യ സെക്രട്ടറി ആവശ്യപ്പെട്ടു.

മുന്തിയ നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് സ്വര്‍ണത്തിന്‍െറ വില്‍പനയില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയിട്ടുണ്ട്. ജ്വല്ലറികളും വിദേശ കറന്‍സി വിനിമയക്കാരും കള്ളപ്പണക്കാര്‍ക്കും മറ്റും അസാധു നോട്ടുകള്‍ മാറ്റിക്കൊടുക്കുകയും, അതുവഴി കൊള്ളലാഭമെടുക്കുകയും ചെയ്യുന്നുവെന്ന ഈ റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തി നിരീക്ഷണം ശക്തിപ്പെടുത്തി. ആവശ്യമായി വന്നാല്‍ വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം തേടാമെന്ന് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. വോട്ടുമഷി പുരട്ടാനുള്ള നീക്കം ജനങ്ങളെ സര്‍ക്കാര്‍ അവിശ്വസിക്കുന്ന വിചിത്ര നടപടിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി.

Tags:    
News Summary - will use indelible ink marks for bank exchange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.