തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സ്ഥാനാർഥി നിർണ്ണയത്തിൽ വ്യാപക ക്രമക്കേട്; നേതൃത്വത്തിനെതിരെ എം.പി ജ്യോതിമണി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം വിഭജനത്തിലും സ്ഥാനാർഥി നിർണ്ണയത്തിലും കോൺഗ്രസിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി കോൺഗ്രസ് കരൂർ എം.പി എസ്. ജ്യോതിമണി. മുൻകൂട്ടി നിശ്ചയിച്ച സ്ഥാനാർഥികൾക്കാണ് മണ്ഡലങ്ങൾ അനുവദിച്ചതെന്ന് അവർ അവകാശപ്പെട്ടു.

`വൻതോതിൽ ക്രമക്കേടുകൾ നടന്നതായാണ് റിപ്പോർട്ട്. പതിറ്റാണ്ടുകളായി പാർട്ടിയെ സേവിച്ച മുതിർന്ന പ്രവർത്തകരെയും വിജയസാധ്യതയുള്ളവരെയും പൂർണ്ണമായും പാർശ്വവൽക്കരിച്ചു. അതേസമയം പല പുതുമുഖങ്ങൾക്കും തെരഞ്ഞെടുപ്പിൽ യാതൊരു സാധ്യതയുമില്ലാത്ത സ്ഥാനാർഥികൾക്കും അവസരങ്ങൾ നൽകി' ജ്യോതിമണി കൂട്ടി ചേർത്തു.

തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചവരിൽ ചിലർ പാർട്ടി വിട്ടുവെന്നാണ് ജ്യോതിമണി ആരോപിച്ചത്. `ആരാണ് ഇവർക്ക് അവസരങ്ങൾ നൽകിയത്? ഏത് അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുത്തത്? ഈ തെറ്റുകൾക്ക് ഉത്തരവാദികളായവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്?' അവർ എക്സിൽ കുറിച്ചു. മണ്ഡലം അനുവദിച്ചതിനെക്കുറിച്ചും സ്ഥാനാർഥി നിർണ്ണയത്തെക്കുറിച്ചും അന്വേഷണം നടത്താതെ തെരെഞ്ഞെടുപ്പ് വേളയിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചുള്ള കാര്യങ്ങൾ അന്വേഷിക്കാൻ മാത്രം ഒരു കമ്മിറ്റി രൂപീകരിച്ചത് യഥാർഥ കുറ്റവാളികളെ സംരക്ഷിക്കാനുള്ള ഒരു തന്ത്രം മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.

പല സംസ്ഥാനങ്ങളിലെയും തെരെഞ്ഞെടുപ്പുകളിൽ മണ്ഡലം വിഭജനത്തെക്കുറിച്ചും സ്ഥാനാർഥി നിർണ്ണയത്തെക്കുറിച്ചുമുള്ള ആരോപണങ്ങൾ ഉയർന്നുവരാറുണ്ടെന്നും ചിലപ്പോഴൊക്കെ ഈ പ്രശ്നങ്ങൾ തന്നെയാകും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. എന്നിട്ടും അന്വേഷണം നടത്തുന്നതിന് പകരം ഉത്തരവാദികളായവരെ പലപ്പോഴും സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

ഇത്തരം ആഭ്യന്തര ക്രമക്കേടുകൾ കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുകയാണ്. `നമുക്ക് ശക്തമായ ഒരു പ്രതിപക്ഷ ശക്തിയായി ഉറച്ചുനിൽക്കാനും രാഷ്ട്രീയമായി വിജയിക്കാനും സാധിക്കണമെങ്കിൽ, പാർട്ടിക്കുള്ളിൽ താഴേത്തട്ടിലുള്ള പ്രവർത്തകരുടെയും ജില്ലാ-ബ്ലോക്ക് പ്രസിഡന്റുമാരുടെയും ശബ്ദങ്ങൾ മാനിക്കപ്പെടണം. പാർട്ടി സത്യസന്ധതയോടും സുതാര്യതയോടും കൂടി പ്രവർത്തിക്കണം' പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റിൽ അവർ പറഞ്ഞു.

Tags:    
News Summary - Widespread irregularities in candidate selection within Tamil Nadu Congress; MP Jothimani raises allegations against leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.