നാവികൻ ​​സാഹിൽ വർമ

എന്റെ മകനെവിടെ? കാണാതായ നാവികന്റെ മാതാപിതാക്കൾ കേന്ദ്ര സർക്കാറിന്റെ സഹായം തേടുന്നു

ന്യൂഡൽഹി: നാവിക കപ്പലിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനായ നാവികൻ ​​സാഹിൽ വർമയെ കണ്ടെത്താൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് മാതാപിതാക്കൾ. എട്ടു ദിവസമായി കാണാതായ മകനെപറ്റി ഒരുവിവരവും ലഭിച്ചിട്ടില്ലെന്ന് നാവികൻ സാഹിൽ വർമയുടെ മാതാപിതാക്കളായ സുബാഷ് ചന്ദറും രമാ കുമാരിയും വേദനയോടെ പറയുന്നു. ജമ്മുവിലെ ഘൗ മൻഹാസൻ ഏരിയയിലാണ് കുടുംബം താമസിക്കുന്നത്. മകന്റെ ദുരൂഹമായ തിരോധാനം സംബന്ധിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനാണ് കുടുംബത്തിന്റെ തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരുൾപ്പെടെയുള്ളവരോടാണ് നാവികനെ കണ്ടെത്താൻ കുടുംബം അടിയന്തര സഹായം തേടിയത്.

നാവിക കപ്പലിൽ നിന്ന് ഒരു തുമ്പും കൂടാതെ സൈനികന് അപ്രത്യക്ഷമാകാൻ കഴിഞ്ഞതിൽ പിതാവ് സുബാഷ് ചന്ദർ ആശ്ചര്യം പ്രകടിപ്പിച്ചു. ‘നാവികസേനയുടെ കപ്പലിൽ നിന്ന് ഒരു സൈനികനെ കാണാതായതും കണ്ടെത്താനാകാത്തതും അതിശയകരമാണ്. കപ്പലിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറകളിൽ കടലിൽ വീഴുന്ന ആരെയും കണ്ടില്ലെന്നാണ് എന്നോട് പറഞ്ഞത്. പിന്നെ എന്റെ മകനെവിടെ’ ചന്ദറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

‘തങ്ങളുടെ മകനെ കപ്പലിൽ കാണാതായെന്ന് അറിയിച്ചുകൊണ്ട് ഫെബ്രുവരി 29ന് ഒരു കോൾ ലഭിച്ചു. അതിന് നാലു ദിവസം മുമ്പ് അവനോട് സംസാരിച്ചിരുന്നു. അവന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ഒന്നും അറിയില്ലെ’ന്ന് പിതാവ് കൂട്ടിച്ചേർത്തു. അതിനിടെ സാഹിൽ വർമയെ കണ്ടെത്താൻ ഉന്നതതല അന്വേഷണ സമിതി ആരംഭിച്ചതായി മുംബൈ ആസ്ഥാനമായ വെസ്റ്റേൺ നേവൽ കമാൻഡ് അറിയിച്ചു. 

Tags:    
News Summary - where is my son The father of the missing sailor seeks the intervention of the central government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.