ജോധ്പൂർ (രാജസ്ഥാൻ): സ്‍ഥിരമായി ക്രിമിനൽ കേസുകളിൽപെടുന്ന കുറ്റവാളിയെ തേടി പൊലീസുകാർ വീട്ടിലെത്തുമ്പോഴൊക്കെ അവരോട് സംസാരിക്കുന്നത് ഗൃഹനാഥയായ സ്ത്രീ.
രാജസ്ഥാനിലെ ജോധ് പൂരാണ് സിനിമ കഥയെ വെല്ലുന്ന ക്ലൈമാക്സിലെത്തിയ ആൾമാറാട്ട സംഭവം അരങ്ങേറിയത്. തങ്ങൾ തേടുന്ന ദയ ശങ്കർ എന്ന നിരവധി കേസുകളിലെ പ്രതിയാണ് സ്ത്രീ എന്ന് പൊലീസുകാർ അറിയുന്നത് ഏറെ വൈകിയാണ്. കാരണം ദയാശങ്കർ എന്ന പ്രതി പുരുഷനാണെന്നാണ് പൊലീസ് രേഖകൾ പറയുന്നത്.
പൊലീസിനെ കബളിപ്പിക്കാൻ സ്ഥിരം സാരിയും ബ്ലൗസും ധരിച്ചായിരുന്നു ഇയാളുടെ സഞ്ചാരം. താമസിക്കുന്ന വീട്ടിലും ഇയാൾ സ്ത്രീ വേഷമാണ് ധരിച്ചു കൊണ്ടിരുന്നത്. 13 ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാളെ ഒടുവിൽ പൊലീസ് അറസ്റ്റു ചെയ്തു. ദയാ ശങ്കറിനെതിരെ വഴക്ക്, ആക്രമണം, കവർച്ച, ഭീഷണി തുടങ്ങിയ 13 ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ദയാ ശങ്കറിന്റെ അറസ്റ്റിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഏറെനാളായി പൊലീസ് തിരയുന്ന കുറ്റവാളികളിൽ ഒരാളാണ് ഇയാളെന്നും വളരെക്കാലമായി അയാൾ ‘സ്ത്രീവേഷം’ കളിക്കുകയാണെന്നും പോലീസുകാർ പറഞ്ഞു. ഹെഡ് കോൺസ്റ്റബിൾ ഷംഷേർ ഖാന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഈ വർഷം ഫെബ്രുവരി 13 ന് രജിസ്റ്റർ ചെയ്ത ഒരു ഭീഷണി, ആക്രമണ കേസിൽ ദയാശങ്കറിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ദയാ ശങ്കറും സംഘാംഗങ്ങളും കുപ്പികൾ, വടികൾ, പഞ്ചുകൾ എന്നിവ ഉപയോഗിച്ച് തന്നെ ക്രൂരമായി മർദ്ദിച്ചതായും പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തിയതായും പ്രിൻസ് ചൗള എന്നയാൾ നൽകിയ പരാതിയിൽ പറഞ്ഞു.
ഇയാളുടെ യഥാർഥ വിവരം ലഭിച്ചതിനെ തുടർന്ന് ഹെഡ് കോൺസ്റ്റബിൾ ഷംഷേർ ഖാന്റെ നേതൃത്വത്തിൽ പൊലീസ് പ്രതിയെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.