ന്യൂഡൽഹി: പാകിസ്താനുമായുള്ള ഇന്ത്യയുടെ വെടിനിർത്തലിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിട്ടാണോ എന്നും വെടിനിർത്തലിന് ഇന്ത്യ വെച്ച ഉപാധികൾ എന്താണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശ മന്ത്രി എസ്. ജയ്ശങ്കറും വെളിപ്പെടുത്തണമെന്ന് കോൺഗ്രസ്. ന്യൂഡൽഹിയിൽ വിളിച്ചുചേർത്ത പാർട്ടിയുടെ അടിയന്തര നേതൃയോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോടുള്ള ഗൗരവമേറിയ ചോദ്യങ്ങൾ ഉന്നയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജയ് ഹിന്ദ് റാലികൾ നടത്താനും കോൺഗ്രസ് തീരുമാനിച്ചു. ഇക്കാര്യം 16ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിശദീകരിക്കുമെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശും പവൻ ഖേരയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓപറേഷൻ സിന്ദൂറിന് സൈനികർക്ക് കോൺഗ്രസ് അഭിവാദ്യമർപ്പിക്കുന്നു. എന്നാൽ, പഹൽഗാം ഭീകരാക്രമണം നടത്തിയവർ എവിടെയാണെന്ന് പ്രധാനമന്ത്രി പറയാത്തതെന്തുകൊണ്ടാണെന്ന് ജയ്റാം രമേശ് ചോദിച്ചു. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരുടെ പേരുകളും ചിത്രങ്ങളും സർക്കാർ പുറത്തുവിട്ടു. അവർ എവിടെ പോയെന്ന് പ്രധാനമന്ത്രി പറയണം. വെടിനിർത്തൽ നിബന്ധനയായി പാകിസ്താനിലുള്ള ഭീകരരെ വിട്ടുനൽകാൻ ആ രാജ്യം തീരുമാനിച്ചോ എന്ന് പറയണം. പാകിസ്താൻ അഭയം നൽകിയ മറ്റു ഭീകരവാദികളുടെ കാര്യത്തിൽ എന്താണ് തീരുമാനമെന്ന് വ്യക്തമാക്കണം. അന്തർദേശീയ തലത്തിൽ ആരും ഭീകരവാദമല്ല, മറിച്ച് കശ്മീർ, കശ്മീർ എന്ന് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെ പറയുമ്പോഴെല്ലാം പാകിസ്താനെക്കുറിച്ച് പറയുന്നു. ഇതു ഗൗരവമേറിയ വിഷയമാണ്.
അമേരിക്കയാണ് യുദ്ധവിരാമമുണ്ടാക്കിയതെന്ന് മാർക്കോ റൂബിയോ തൊട്ട് ട്രംപ് വരെയുള്ളവർ പറയുന്നു. താൻ ആവശ്യപ്പെട്ടിട്ടാണ് വെടി നിർത്തിയതെന്ന് ഡോണൾഡ് ട്രംപ് ആവർത്തിക്കുമ്പോൾ മോദിക്കും ജയ്ശങ്കറിനും എന്താണ് പറയാനുള്ളത്?. രാജ്യത്തിന്റെ സുരക്ഷ ആരാണ് തീരുമാനിക്കുന്നതെന്ന് ജനങ്ങൾ അറിയേണ്ടതുണ്ട്. രാജ്യത്തോട് സംസാരിച്ച മോദി ട്രംപിന്റെ പ്രസ്താവന അപലപിക്കാൻ തയാറായില്ലെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.