മഹാരാഷ്ട്രയിൽ നീറ്റ് പരീക്ഷക്കിടെ ഹിജാബ് അഴിപ്പിച്ച സംഭവം; കോളജ് അധികൃതർ മാപ്പു പറഞ്ഞു; പരാതി പിൻവലിച്ച് രക്ഷ‍ിതാക്കൾ

മുംബൈ: മഹാരാഷ്ട്രയിലെ വാഷിം ജില്ലയിൽ മുസ്ലിം വിദ്യാർഥിനികളുടെ ഹിജാബ് നിർബന്ധിപ്പിച്ച് അഴിപ്പിച്ച സംഭവത്തിൽ കോളജ് അധികൃതർ മാപ്പു പറഞ്ഞു. വാഷിമിലെ മാതോശ്രീ ശാന്താബായ് ഗോട്ടെ കോളജിൽ നീറ്റ് പരീക്ഷക്കെത്തിയ അഞ്ചു വിദ്യാർഥിനികളുടെ ഹിജാബാണ് ജീവനക്കാർ അഴിപ്പിച്ചത്.

ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് അധികൃതർ കർശന നിലപാടെടുത്തതോടെ വിദ്യാർഥിനികൾ അഴിക്കാൻ നിർബന്ധിതരാവുകയായിരുന്നു. പിന്നാലെ രണ്ടു കുട്ടികളുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. ഹിജാബ് അഴിച്ചില്ലെങ്കിൽ മുറിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ആക്ഷേപകരമായ പരാമർശങ്ങൾ കോളജ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായെന്ന് പരാതിയിൽ പറയുന്നു.

സംഭവം വിവാദമായതിനു പിന്നാലെയാണ് കോളജ് അധികൃതർ മാപ്പു പറയാൻ തയാറായത്. വിഷയത്തിൽ കോളജ് മാപ്പു പറഞ്ഞെന്നും കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചതായും പൊലീസ് വ്യക്തമാക്കി. വിഷയത്തിന് വർഗീയ നിറം നൽകാൻ ഞങ്ങൾ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്ന് കുട്ടികളുടെ രക്ഷിതാക്കളിലൊരാളായ ഗസഫർ ഹുസ്സൈൻ പറഞ്ഞു.

അത് വിദ്യാർഥികളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ അവകാശമായിരുന്നു. മോശം പെരുമാറ്റത്തിന് കോളജ് ജീവനക്കാരും പ്രിൻസിപ്പലും പരസ്യമായി മാപ്പ് പറയണമെന്ന് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Washim hijab row: College apologises, parents accept it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.