ഗ്യാനേഷ് കുമാർ ‘ഇന്ത്യയുടെ ശത്രു’ ; വോട്ടർ പട്ടിക വിവാദത്തിൽ രൂക്ഷ വിമർശനവുമായി അഭിജീത് ദിപ്കെ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോ​ക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ. ഗ്യാനേഷ് കുമാർ ഇന്ത്യയുടെ ശത്രുവാണെന്നും അദ്ദേഹം തെരഞ്ഞെടുപ്പുകൾ കൃത്രിമമായി തിരക്കഥയെഴുതി ഉണ്ടാക്കുകയാണെന്നും അഭിജീത് ദിപ്കെ എക്സ് പോസ്റ്റിൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ ആഭ്യന്തര ഭിന്നതകളെക്കുറിച്ച് മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഗ്യാനേഷ് കുമാറിനെതിരെ കടുത്ത വിമർശനവുമായി ദീപ്കെ എത്തിയത്.

തെരഞ്ഞെടുപ്പ് കമ്മീഷനിൽ മൂന്നിൽ രണ്ട് കമ്മീഷണർമാർ ചില നിർണായക തീരുമാനങ്ങളിൽ ഇരുട്ടിൽ നിർത്തപ്പെട്ടുവെന്ന രീതിയിലുള്ള ഒരു മാധ്യമ റിപ്പോർട്ട് പുറത്തുവന്നത് വലിയ ചർച്ചയായിരുന്നു. വോട്ടർ പട്ടികയുടെ പ്രത്യേക സമഗ്ര തീവ്രപരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട കാര്യങ്ങളിലും തങ്ങളെ അറിയിച്ചില്ലെന്ന് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ​​ജോഷിയും എതിർപ്പ് പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ കമ്മീഷന്റെ എല്ലാ തീരുമാനങ്ങളും മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും അംഗീകാരത്തോടെയാണെന്ന് ഇ.സി വൃത്തങ്ങൾ അറിയിച്ചു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്തുടനീളം ഏകദേശം 12 കോടിയിലധികം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും, ഇത് മൊത്തം വോട്ടർമാരുടെ 12.4 ശതമാനത്തോളം വരുമെന്നും അഭിജീത് ദിപ്കെ ചൂണ്ടിക്കാണിച്ചു. ഭരണപക്ഷമായ എൻ.ഡി.എയും പ്രതിപക്ഷവും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും രണ്ട് ശതമാനം മാത്രമായിരുന്നിട്ടും ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് നടത്തുകയല്ല, മറിച്ച് അതിന്റെ ഫലം മുൻകൂട്ടി സ്ക്രിപ്റ്റ് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണയോളം മറ്റ് രണ്ട് കമ്മീഷണർമാർ ഔദ്യോഗികമായി എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുപ്പതോളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡ്രാഫ്റ്റ് വോട്ടർ പട്ടികയിൽ നിന്ന് 13 കോടിയിലധികം പേരുകൾ ഒഴിവാക്കപ്പെട്ട എസ്.ഐ.ആർ നടപടികളിലാണ് പ്രധാനമായും വിയോജിപ്പുകൾ ഉയർന്നിട്ടുള്ളത്. പുതിയ വോട്ടർമാർ തങ്ങളുടെ മാതാപിതാക്കളുടെയോ മുത്തശ്ശന്മാരുടെയോ പേരുകൾ മുൻകാല വോട്ടർ പട്ടികയിലുണ്ടെന്ന് തെളിയിക്കണമെന്ന പുതിയ ഫോം വ്യവസ്ഥക്കെതിരെയും കമ്മീഷണർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് പുതിയ വോട്ടർമാരെ ബുദ്ധിമുട്ടിക്കുന്നതാണെന്നായിരുന്നു വിലയിരുത്തൽ.

ഈ പരിഷ്കരണ നടപടികൾ ഭരണകക്ഷിയായ ബി.ജെ.പിയെ സഹായിക്കാനാണെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികളും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങളെല്ലാം ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുപോലെ തള്ളിക്കളയുകയാണുണ്ടായത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള സംശയങ്ങൾ രാജ്യത്ത് രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. 

Tags:    
News Summary - Gyanesh Kumar 'enemy of India', ‘scripting elections’: CJP's Abhijeet Dipke on report over EC internal rift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.