ഒരു മാസത്തേക്ക് നാട്ടിൽ പോകാം: എൻ.ഐ.എ അറസ്റ്റ് ചെയ്ത യു.എസ് കൂലിപ്പട്ടാളക്കാരന്‍ തിഹാർ ജയിൽ മോചിതനായി
ന്യൂഡൽഹി: മാർച്ചിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത ഏഴ് വിദേശികളിൽ ഉൾപ്പെട്ട യു.എസ് കൂലിപ്പട്ടാളക്കാരൻ മാത്യു ആരോൺ വാൻഡൈക്ക് തിഹാർ ജയിലിൽ നിന്ന് മോചിതനായി. കുടുംബത്തെ കാണാൻ ഒരു മാസത്തേക്ക് സ്വന്തം രാജ്യത്തേക്ക് പോകാൻ അനുമതി ലഭിച്ചതിനെ തുടർന്നാണ് ഇളവ്.
എൻ.ഐ.എ അറസ്റ്റ് ചെയ്ത മറ്റ് അഞ്ച് ഇറാൻ പൗരൻമാർക്കും ഒരു യുക്രെയ്ൻ പൗരനും സ്വന്തം നാട്ടിലേക്ക് പോകാൻ ഇടക്കാല ഇളവ് ലഭിച്ചിട്ടുണ്ട്. ഓരോരുത്തരും വ്യക്തിഗത ബോണ്ടും ഒരു ലക്ഷം രൂപ വീതം കെട്ടിവെക്കണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം. മ്യാൻമറിലെ വംശീയ സായുധ ഗ്രൂപ്പുകളുമായി ബന്ധമുള്ള ഡ്രോൺ യുദ്ധ പരിശീലന ക്യാമ്പിൽ ഈ വിദേശ പൗരന്മാർക്കുള്ള പങ്കാണ് എൻ.ഐ.എ അന്വേഷിക്കുന്നത്.
ഡീഫോൾട്ട് ജാമ്യമാണ് ഇവർക്ക് ലഭിച്ചത്. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിക്കാൻ പരാജയപ്പെടുമ്പോഴാണ് പ്രതികൾക്ക് ഡിഫോൾട്ട് ജാമ്യം അനുവദിക്കുന്നത്. യു.എ.പി.എ, ബി.എൻ.എസ് എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് എൻ.ഐ.എ ആദ്യം ഏഴ് വിദേശികൾക്കെതിരെ കേസെടുത്തിരുന്നത്.
കോടതിയിൽ നിന്ന് സമയം നീട്ടിക്കിട്ടിയ ശേഷം 180 ദിവസത്തോളം യു.എ.പി.എ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട കേസായാണ് കേന്ദ്ര ഏജൻസി ഇത് അന്വേഷിച്ചത്. എന്നാൽ, സെപ്റ്റംബർ എട്ടിന് സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ എൻ.ഐ.എ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ടിലെ വ്യവസ്ഥകൾ മാത്രമാണ് ഉൾപ്പെടുത്തിയത്. അതേസമയം യു.എ.പി.എ പ്രകാരമുള്ള അന്വേഷണം തുടരുകയാണെന്നും അറിയിച്ചു. ഭീകരവിരുദ്ധ നിയമപ്രകാരമുള്ള അന്വേഷണം മാറ്റിവെച്ചിരിക്കുകയാണെന്നും, പ്രസക്തമായ കുറ്റം തെളിയിക്കപ്പെട്ടാൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാമെന്നും ഏജൻസി വ്യക്തമാക്കിയിരുന്നു.
യു.എ.പി.എ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം ഏറെക്കുറെ പൂർത്തിയായെങ്കിലും, ഇന്ത്യയിലൂടെ വൻതോതിൽ ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും കൊണ്ടുവന്നതും പിടിച്ചെടുത്തതുമായ സാഹചര്യത്തിൽ, മുഴുവൻ വിവരങ്ങളും ഉറപ്പാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും അന്വേഷണ ഏജൻസി പറഞ്ഞിരുന്നു. ഇന്ത്യയിലെയും മ്യാൻമറിലെയും വംശീയ സായുധ ഗ്രൂപ്പുകൾക്ക് സഹായം നൽകിയതും അവർക്ക് ഡ്രോൺ പരിശീലനം നൽകിയതും ഉൾപ്പെടെയുള്ള വിപുലമായ ഭീകര ഗൂഢാലോചന സംബന്ധിച്ചാണ് പ്രതികളെ അന്വേഷിക്കുന്നതെന്ന് എൻ.ഐ.എ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.