സ്വത്തുക്കൾ കാമുകിയുടെ പേരിലേക്ക് മാറ്റുമെന്ന ഭയം; കാൺപൂർ വ്യവസായിയെ കൊലപ്പെടുത്താൻ മകൻ ക്വട്ടേഷൻ നൽകിയെന്ന് പൊലീസ്

കാൺപൂർ: ഫാർമസ്യൂട്ടിക്കൽ വ്യാപാരി വിനീത് മനോച്ചയെ കൊലപ്പെടുത്തിയ കേസിൽ മകൻ സുബ്രത് മനോച്ചയും അറസ്റ്റിൽ. സ്വത്തുക്കൾ കാമുകിയായ സ്ത്രീക്ക് കൈമാറുമെന്ന ഭയത്തെ തുടർന്ന് പിതാവിനെ കൊലപ്പെടുത്താൻ മകൻ ഗൂഢാലോചന നടത്തിയതായി പൊലീസ് പറഞ്ഞു. സെപ്റ്റംബർ അഞ്ചിനാണ് 63 കാരനായ വിനീതിനെ കാൺപൂരിലെ ഇന്ദിരാനഗർ കല്യാൺപൂർ മേഖലയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തറുത്താണ് വിനീതിനെ കൊലപ്പെടുത്തിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് വിനീതിന്റെ മരുമകൾ ശാലു, മുൻ ജീവനക്കാരൻ വിശാൽ ഗൗതം, ഇയാളുടെ സഹായി രാജ്കിഷോർ എന്നിവരെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു. വിശാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ശാലുവാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുബ്രതിനും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

അറസ്റ്റിലായ വിശാൽ പുതിയ സിം കാർഡിൽനിന്ന് സുബ്രതിനെ ആറുതവണ ഫോൺ ചെയ്തതായി പൊലീസ് കണ്ടെത്തി. മേയ് ഒന്നുമുതൽ സെപ്റ്റംബർ ആറുവരെ ഏഴ് മൊബൈൽ നമ്പറുകളുമായി ബന്ധപ്പെട്ട കോൾ ഡീറ്റെയിൽ റെക്കോർഡുകൾ പൊലീസ് പരിശോധിച്ചിരുന്നു. സുബ്രതും വിശാലും തമ്മിൽ നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഡിജിറ്റൽ തെളിവുകൾ, സി.സി.ടി.വി ദൃശ്യങ്ങൾ, ശാസ്ത്രീയ തെളിവുകൾ, ഫോൺ രേഖകൾ എന്നിവ പരിശോധിച്ചാണ് സുബ്രതിന്റെ പങ്ക് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

പിതാവിന് ഒന്നിലധികം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും ഭാവിയിൽ സ്വത്തുക്കൾ ഈ സ്ത്രീകളിൽ ഒരാളുടെ പേരിലേക്ക് മാറ്റുമെന്ന ആശങ്കയിലായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ സുബ്രത് പറഞ്ഞതായി പൊലീസ് അറിയിച്ചു.

കൊലപാതകത്തിന് പിന്നാലെ അന്വേഷണം ശാലുവിലേക്ക് തിരിച്ചുവിടാൻ സുബ്രതും വിശാലും ശ്രമിച്ചതായും പൊലീസ് പറഞ്ഞു. പിടിക്കപ്പെട്ടാൽ ശാലുവിന്റെ പേര് പറയാൻ സുബ്രത് നിർദ്ദേശിച്ചതായി വിശാൽ പറഞ്ഞതായി കാൺപൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിശാൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശാലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശാലുവാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും വിശാലിന് ആറ് ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തതായും പൊലീസ് നേരത്തെ പറഞ്ഞിരുന്നു. വീട്ടിലേക്കുള്ള പ്രവേശനത്തിനായി ഡ്യൂപ്ലിക്കേറ്റ് താക്കോൽ നൽകിയതായും അന്വേഷണ സംഘം ആരോപിച്ചിരുന്നു.

വിനീത് മനോച്ചയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിൽ നിരവധി തവണ കുത്തേറ്റ പാടുകളുമുണ്ടായിരുന്നു. പുറത്തുനിന്നുള്ളവർ നടത്തിയ കൊലപാതകമാണെന്ന തരത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം. എന്നാൽ, വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോൺ വിവരങ്ങളും പരിശോധിച്ചതോടെ അന്വേഷണം കുടുംബത്തിനുള്ളിലേക്ക് തന്നെ എത്തുകയായിരുന്നു.

Tags:    
News Summary - UP Businessman Was Murdered As Son Feared He Would Give Property To Lover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.