ബംഗളൂരു: കർണാടക നിയമസഭയിൽ ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. ജനാധിപത്യം പുനഃസ്ഥാപിച്ചതിന് സുപ്രീം കോടതിയോട് നന്ദി പറയാൻ ആഗ്രഹിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കോടതിവിധിക്കുശേഷം ക്യൂൻസ് റോഡിലെ കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, കോൺഗ്രസ് എം.എൽ.എ ആനന്ദ് സിങ്ങിനെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഡൽഹിയിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന ആരോപണവുമായി വാർത്താസമ്മേളനത്തിൽ ഗുലാം നബി ആസാദും സിദ്ധരാമയ്യയും രംഗത്തെത്തി.
പ്രധാനമന്ത്രിയാണ് പിടിച്ചുവെച്ചിരിക്കുന്നത് എന്നു പറഞ്ഞില്ലെങ്കിലും കേന്ദ്ര സർക്കാറിെൻറ തടവറയിലാണ് ആനന്ദ് സിങ്ങെന്ന് നേതാക്കൾ ആരോപിച്ചു. ഫലപ്രഖ്യാപനത്തിനുശേഷം ചൊവ്വാഴ്ച രാത്രിയോടെയാണ് ആനന്ദ് സിങ്ങിനെ കാണാതായത്. ആദായനികുതി വകുപ്പ് റെയ്ഡ് ഭീഷണിയുയർത്തി കേന്ദ്രം ആനന്ദ് സിങ്ങിനെ ബി.ജെ.പി ക്യാമ്പിലേക്ക് അടുപ്പിച്ചുവെന്ന വാർത്ത നേരത്തേ വന്നിരുന്നു. യെദിയൂരപ്പ സർക്കാറിൽ മന്ത്രിയും രണ്ടുവട്ടം ബി.ജെ.പി. എം.എൽ.എയുമായിരുന്ന ആനന്ദ് സിങ് കഴിഞ്ഞ ജനുവരിയിലാണ് കോൺഗ്രസിൽ ചേർന്നത്. ഇതുവരെ കോൺഗ്രസ് നേതാക്കൾക്ക് ആനന്ദ് സിങ്ങുമായി ബന്ധപ്പെടാനായിട്ടില്ല. ജനാധിപത്യം സംരക്ഷിച്ചതിന് സുപ്രീംകോടതിയെ അഭിനന്ദിക്കുകയാണെന്നും ജനാധിപത്യത്തോടോ ഭരണഘടനയോടോ ബഹുമാനമില്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായും ഹിറ്റ്ലറുടെ ബാക്കിയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
കർണാടക ഗവർണർ ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിെൻറ തെളിവാണ് യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ. ജനാധിപത്യവിരുദ്ധമായ നടപടിയാണ് വാജുഭായ് വാലയുടേത്. കോൺഗ്രസിെൻറ 78 എം.എൽ.എമാരും മറ്റു സ്വതന്ത്രസ്ഥാനാർഥികളും ജെ.ഡി.എസ് എം.എൽ.എമാരും തങ്ങളോടൊപ്പമാണെന്നും കേന്ദ്ര എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് ആനന്ദ് സിങ്ങിനെ പിടിച്ചുവെച്ചിരിക്കുകയാണെന്നും, പുറത്തുവിട്ടാൽ ആനന്ദ് സിങ് കോൺഗ്രസിന് അനുകൂലമായി തന്നെ വോട്ടുചെയ്യുമെന്നും സിദ്ധരാമയ്യ പറഞ്ഞു. നിയമപ്രകാരമല്ല കർണാടക ഗവർണർ പ്രവർത്തിക്കുന്നതെന്നും ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഗവർണറും ഒരു രാഷ്ട്രീയ പാർട്ടിക്കും ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സാവകാശം നൽകിയിട്ടില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.