സ്വന്തം വകുപ്പിൽ നിന്ന് 99 ലക്ഷം രൂപ സബ്സിഡി കൈപ്പറ്റി കേന്ദ്ര കാർഷിക സഹമന്ത്രി; വിവാദമായതോടെ തുക സർക്കാരിലേക്ക് തന്നെ തിരിച്ചടച്ചു

ന്യൂഡൽഹി: സ്വന്തം മന്ത്രാലയത്തിനു കീഴിലുള്ള പദ്ധതിയിലൂടെ 99 ലക്ഷം രൂപ സബ്സിഡി കൈപ്പറ്റിയ കേന്ദ്ര കാർഷിക സഹമന്ത്രി ഭഗീരത് ചൗധരി തുക തിരിച്ചുനൽകിയതായി കേന്ദ്രസർക്കാർ ലോക്‌സഭയിൽ അറിയിച്ചു. തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിയുടെ ചോദ്യത്തിന് കൃഷി-കർഷകക്ഷേമ സഹമന്ത്രി രാംനാഥ് താക്കൂർ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താൻ കൈപ്പറ്റിയ സബ്സിഡി തുക ബാങ്കിലേക്ക് തിരിച്ചടച്ചതായി ഭഗീരത് ചൗധരി അറിയിച്ചിട്ടുണ്ടെന്നും ഈ തുക നാഷണൽ ഹോർട്ടികൾച്ചർ ബോർഡിലേക്ക് തിരിച്ചയക്കാൻ ബാങ്കിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രാംനാഥ് താക്കൂർ സഭയെ അറിയിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഭഗീരത് ചൗധരിക്ക് പുറമെ രാജസ്ഥാനിലെ ജലോറിൽ നിന്നുള്ള ബി.ജെ.പി എം.പി ലുംബറാം ചൗധരിയും നാഷണൽ ഹോർട്ടികൾച്ചർ ബോർഡ് പദ്ധതികളിൽ നിന്നും സാമ്പത്തിക സഹായം കൈപ്പറ്റിയിട്ടുണ്ടെന്ന് മന്ത്രി സഭയിൽ വ്യക്തമാക്കി. തെരഞ്ഞെടുത്ത പച്ചക്കറികളുടെയും പൂക്കളുടെയും വൻതോതിലുള്ള വാണിജ്യ കൃഷിയെ പിന്തുണക്കുന്ന മിഷൻ ഫോർ ഇന്‍റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോർട്ടികൾച്ചർ എന്ന പദ്ധതിയുടെ കീഴിലാണ് സബ്‌സിഡി നൽകുന്നത്.

ഈ പദ്ധതി പ്രകാരം, ഗുണഭോക്താക്കൾക്ക് പദ്ധതി ചെലവിന്റെ 50 ശതമാനം വരെ സാമ്പത്തിക സഹായം ലഭിക്കും, ഒരു കുടുംബത്തിന് പരമാവധി ഒരു കോടി രൂപ വരെ. ചൗധരിയുടെ വെള്ളരി കൃഷി പദ്ധതി 16,592 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ്. മിഷൻ ഫോർ ഇന്‍റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോർട്ടികൾച്ചർ പദ്ധതിപ്രകാരം എൻ.എച്ച്.ബി അംഗീകരിച്ച 476 പദ്ധതികളിൽ ഒന്നാണിത്. തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തെ തുടർന്നാണ് പദ്ധതിയുടെ ഭാഗമായി ലഭിച്ച സബ്സിഡി തുക സർക്കാരിലേക്ക് തന്നെ നൽകിയതായി കാർഷിക സഹമന്ത്രി രാംനാഥ് താക്കൂർ പറഞ്ഞത്.

Tags:    
News Summary - Union Minister of State for Agriculture received Rs 99 lakh subsidy from his own department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.