വെളുക്കാൻ തേച്ചത് പാണ്ടായി; മോദിസർക്കാർ യുവരോഷത്തിന് നടുവിൽ

ന്യൂഡൽഹി: വോട്ടുരാഷ്ട്രീയവും കാവിയജണ്ടയും സമാസമം ചാലിച്ച് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ച മോദിസർക്കാർ 'വെളുക്കാൻ തേച്ചത് പാണ്ടായ' പരുവത്തിൽ. ആയിരക്കണക്കിനു യുവാക്കളെ അഗ്നിവീരന്മാരായി നാലുവർഷത്തേക്ക് സൈന്യത്തിലെടുക്കാമെന്ന സർക്കാർ ഓഫർ യുവാക്കൾ തന്നെ പരിഹസിച്ചുതള്ളി. തെരുവുകളിൽ മോദി സർക്കാറിനെതിരെ യുവരോഷത്തിന്റെ തീയാളി.

ജോലിക്കെടുത്ത് നാലാം വർഷം പറഞ്ഞുവിടുന്നതും, 21ാം വയസ്സിൽ നിർബന്ധിത റിട്ടയർമെന്റ് നൽകുന്നതുമായ തലതിരിഞ്ഞ ഭരണപരിഷ്കാരമാണ് പ്രഖ്യാപിച്ചതെന്ന യുവാക്കളുടെ വിമർശനത്തിന് നടുവിലാണ് സർക്കാർ. നിയമനങ്ങൾ സ്തംഭിച്ചുനിന്ന കോവിഡ്കാലം കഴിഞ്ഞ് സേനയിൽ കയറിപ്പറ്റാൻ പ്രായപരിധി ഇളവ് ആവശ്യപ്പെട്ട് അക്ഷമയോടെ കാത്തുനിൽക്കുന്ന യുവാക്കളുടെ മുന്നിലേക്കാണ് നാലുവർഷത്തെ കരാർനിയമന പദ്ധതി സർക്കാർ വെച്ചുനീട്ടിയത്.

രാഷ്ട്രീയ പാർട്ടികൾ കളത്തിലിറങ്ങുന്നതിനു മുമ്പേ യുവാക്കൾ റോഡിലും റെയിൽപാളത്തിലും തീയാളിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിനാണ് പദ്ധതി പ്രഖ്യാപനത്തിന്റെ രണ്ടാംദിവസം രാജ്യം സാക്ഷ്യംവഹിച്ചത്. ബി.ജെ.പിയുടെ കരവലയത്തിലായ ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിലെ ചെറുപ്പക്കാർ ഒട്ടും പ്രതീക്ഷിക്കാതെ കളത്തിലിറങ്ങിയതാണ് സർക്കാറിന്റെ ഉറക്കംകെടുത്തുന്നത്.

ജീവത്യാഗത്തിനു തയാറാകേണ്ടിവരുമെങ്കിലും ജോലിസുരക്ഷയും മെച്ചപ്പെട്ട വേതനവും ഒടുവിൽ നല്ല പെൻഷൻ-ആനുകൂല്യങ്ങളും കിട്ടിക്കൊണ്ടിരിക്കുന്ന സൈനിക സേവനത്തെയാണ് നാലുവർഷ കരാർജോലിയും നിർബന്ധിത വി.ആർ.എസുമാക്കി മോദിസർക്കാർ മാറ്റിയത്. ഇത് യുവാക്കളുടെ പ്രതീക്ഷകൾ തകർത്തതാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെയും ബാനറില്ലാത്ത വ്യാപക പ്രതിഷേധത്തിന് പ്രധാന കാരണം.

17 മുതൽ 21 വയസ്സുവരെ സേനയിൽ പ്രവർത്തിച്ചശേഷം ഭാവി അവതാളത്തിലാകുമെന്നാണ് അഗ്നിപഥ് പദ്ധതിയിൽ പ്രധാന ആശങ്ക. തൊഴിൽ കിട്ടേണ്ട സമയത്ത് തൊഴിൽരഹിതനായിമാറുന്ന സ്ഥിതി. സർക്കാർ വിഭാഗങ്ങളിലും മറ്റുമുള്ള നിയമനങ്ങളിൽ മുൻഗണന ലഭിക്കുമെന്ന വാഗ്ദാനമൊക്കെ വെറുംവാക്കായി യുവാക്കൾ കാണുന്നു. നാലു വർഷം കഴിഞ്ഞ് തൊഴിൽരഹിതനായി തിരിച്ചു വരുന്നതിനാൽ മക്കളെ അഗ്നിവീരനായി സൈന്യത്തിലയക്കാൻ രക്ഷിതാക്കൾക്കും മടി.

സേനയിലെ ഉന്നത പദവികളിലിരുന്ന് വിരമിച്ച പല പ്രമുഖരും ഈ പദ്ധതിക്ക് എതിരാണ്. ജീവത്യാഗത്തിനും സന്നദ്ധമാകേണ്ട സേനാസേവനത്തിൽ ഇത്തരം നമ്പറുകൾ നടപ്പില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മെച്ചപ്പെട്ട പരിശീലനവും പ്രചോദനവുമാണ് സൈനിക സേവനത്തിൽ പ്രധാനം.

ആറുമാസത്തെ പരിശീലനം മികച്ച യോദ്ധാക്കളെ സൃഷ്ടിക്കില്ല. മതിയായ പരിശീലനമില്ലാതെ സേനയിൽ എടുക്കുന്നത് ആപൽക്കരമാണ്. നാലുവർഷം കഴിഞ്ഞാൽ 75 ശതമാനം അഗ്നിവീരന്മാരെയും സേനയിൽനിന്ന് പുറന്തള്ളുന്നതിനാൽ അർപ്പണവും കുറയും.

തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് മേനി പറയാമെന്നതു മാത്രമല്ല, പദ്ധതി പ്രഖ്യാപിച്ച സർക്കാറിന്റെ ഒളിയജണ്ടയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കരാർ നിയമനത്തിലൂടെ നടപ്പാകുന്നത് സേനയിലെ കാവിവത്കരണം കൂടിയാണ്. സൈന്യത്തിൽ ചേരുന്നതിന് നിലവിലുള്ള കർക്കശ നിബന്ധനകളിൽ വെള്ളം ചേരുമ്പോൾ, രാഷ്ട്രീയ താൽപര്യങ്ങൾ നിയമനപട്ടികയിൽ പ്രതിഫലിക്കും. നാലു വർഷത്തെ സേന പരിശീലന-സേവനകാലം രാഷ്ട്രീയ താൽപര്യങ്ങളുടെയും നിലപാടുകളുടെയും കൂടി പരിശീലനകാലമാകും. അടുത്ത തൊഴിൽ സാധ്യതകൾ സംബന്ധിച്ച അനിശ്ചിതത്വം കാക്കി-കുറുവടി വിധേയത്വത്തിലേക്ക് ചെറുപ്പക്കാരെ കൂട്ടിക്കൊണ്ടു പോകും.

കടുത്ത വിമർശനങ്ങളും പ്രതിഷേധവും മൂലം അഗ്നിപഥ് പദ്ധതി തൽക്കാലം മരവിപ്പിക്കേണ്ട സ്ഥിതി രൂപപ്പെടുന്നുണ്ട്. സത്യവും മിഥ്യയുമെന്ന പേരിൽ പദ്ധതിയെക്കുറിച്ച് സർക്കാർ പൊടുന്നനെ ഇറക്കിയ വിശദീകരണക്കുറിപ്പാകട്ടെ, യുവാക്കൾ ചെവിക്കൊണ്ട മട്ടില്ല. സേനയിൽ സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങളുടെ വൈകല്യം തെളിയുന്നത് അഗ്നിപഥിൽ മാത്രമല്ല.

വൺ റാങ്ക്-വൺ പെൻഷൻ വലിയ ഒച്ചപ്പാട് ഉയർത്തിയിരുന്നു. മൂന്നു സേനകളുടെയും തലപ്പത്ത് സംയുക്ത സേനാധിപ തസ്തിക കൊണ്ടുവരേണ്ടത് അതിപ്രധാനമായി കണ്ട സർക്കാർ, ജനറൽ ബിപിൻ റാവത്തിന്റെ അപകടമരണം നടന്ന് ആറുമാസം കഴിഞ്ഞിട്ടും നിർണായക തസ്തികക്ക് പറ്റിയ ആളെ കണ്ടെത്തിയിട്ടില്ല.

വിമർശനം തള്ളി കേന്ദ്രം; റെജിമെന്റ് സമ്പ്രദായത്തിൽ മാറ്റമുണ്ടാകില്ല

ന്യൂഡൽഹി: യുവാക്കൾക്ക് നാലു വർഷം കരാറടിസ്ഥാനത്തിൽ സേനയിൽ ചേരാൻ അവസരമൊരുക്കുന്ന 'അഗ്നിപഥ്' പദ്ധതിക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളിലും കടുത്ത പ്രതിഷേധം ഉയർന്നതിനിടെ വിശദീകരണവുമായി കേന്ദ്രം. സേനയുടെ റെജിമെന്റ് സമ്പ്രദായത്തിൽ ഒരു മാറ്റവുമുണ്ടാകില്ലെന്നും സൈന്യത്തിന്‍റെ മൂന്നു ശതമാനം മാത്രമേ അഗ്നിപഥ് പദ്ധതിയിൽ വരുകയുള്ളൂവെന്നുമാണ് സർക്കാർ വിശദീകരിക്കുന്നത്.

യുവാക്കൾക്ക് സേനയിൽ ചേരാൻ കൂടുതൽ അവസരം ലഭിക്കും. വരും വർഷങ്ങളിൽ നിലവിലുള്ളതിനെക്കാൾ മൂന്നിരട്ടി നിയമനം നടത്തുന്നതാണ് പുതിയ പദ്ധതി. നാലു വർഷത്തെ സേവനത്തിന് ശേഷം 11.71 ലക്ഷം രൂപ ലഭിക്കുന്നതോടെ യുവാക്കൾക്ക് സാമ്പത്തിക സ്വാതന്ത്ര്യമുണ്ടാകുമെന്നും ഇത് സ്വകാര്യമേഖലയിൽ സംരംഭകത്വത്തിന് അവരെ സഹായിക്കുമെന്നും സർക്കാർ വിശദീകരിക്കുന്നു.

പദ്ധതി വരുന്നതോടെ പ്രത്യേക മേഖലകളിൽനിന്നും വിഭാഗങ്ങളിൽനിന്നും റിക്രൂട്ട്ചെയ്യുന്ന രജ്പുത്, ജാട്ട്, സിഖ് തുടങ്ങിയ റെജിമെന്റുകളുടെ ഘടനയിൽ മാറ്റമുണ്ടാകുമെന്നാണ് ഉദ്യോഗാർഥികളുടെ ആശങ്ക. നിശ്ചിത കാലത്തേക്കുള്ള കരാർ നിയമനം സായുധ സേനയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ വിമർശനം. എന്നാൽ, കരാർ നിയമനക്കാരെ പിന്നീട് സേനയുടെ ഭാഗമാക്കുമ്പോൾ അവരുടെ മികവ് വിലയിരുത്തുമെന്നും മിക്ക രാജ്യങ്ങളിലെയും സൈന്യം യുവാക്കളെ ഈ രീതിയിൽ നിയമിക്കുന്നുണ്ടെന്നും സർക്കാർ വിശദീകരിക്കുന്നു.

ദശകങ്ങളായി സേനയിൽ തുടരുന്ന നിയമന നടപടിക്രമം തന്നെ മാറ്റിയാണ് പുതിയ പദ്ധതിക്ക് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. പുതിയ രീതിയിൽ നിയമനം ലഭിക്കുന്നവർക്ക് 17.5- 21 ആണ് പ്രായപരിധി. 'അഗ്നിപഥ്' സേവനത്തിന്‍റെ ഭാഗമാകുന്നവർ 'അഗ്നിവീർ' എന്നാണറിയപ്പെടുക. നിയമനം ലഭിക്കുന്നവരിൽ 25 ശതമാനം പേർക്ക് മാത്രമാണ് സേനയിൽ തുടരാൻ അവസരം ലഭിക്കുന്നത്. ഇവർക്ക് മറ്റ് അലവന്‍സുകളും പെന്‍ഷനുകളും നല്‍കില്ല. ഈ വര്‍ഷം 46,000 പേരെയാണ് റിക്രൂട്ട് ചെയ്യുന്നത്. 

Tags:    
News Summary - Union Government on agnipath protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.