മാതൃത്വ അവധിക്കൊപ്പം രണ്ടുവർഷത്തെ ശിശുസംരക്ഷണ അവധി സ്‍ത്രീകളുടെ ഭരണഘടന പരമായ അവകാശം -സുപ്രീംകോടതി

ന്യൂഡൽഹി: 180 ദിവസത്തെ മാതൃത്വ അവധി കൂടാതെ രണ്ടുവർഷത്തെ ശിശുസംരക്ഷണ അവധി വനിത ജീവനക്കാരുടെ ഭരണഘടന പരമായ അവകാശമാണെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.

അത്തരം അവധികൾ ലഭിക്കാത്തതാണ് പലപ്പോഴും ജോലി രാജിവെക്കാൻ വനിത ജീവനക്കാരെ പ്രേരിപ്പിക്കുന്നത്. ഹിമാചൽ പ്രദേശിലെ സർക്കാർ കോളജിൽ അസിസ്റ്റന്റ് പ്രഫസർ ആയ ശാലിനി ധർമാനിയുടെ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ശാലിനിക്ക് വേണ്ടി അഭിഭാഷകയായ പ്രഗതി നിഖ്റയാണ് ഹാജരായത്.

അപൂർവ ജനിതക രോഗം ബാധിച്ച കുഞ്ഞിന് അടിക്കടി ശസ്ത്രക്രിയകൾ ആവശ്യമായതിനാൽ ജോലിയിൽ നിന്ന് അവധിയെടുക്കേണ്ടത് അനിവാര്യമാണെന്ന് പരാതിയിൽ പറയുന്നു.

എന്നാൽ കേന്ദ്ര സിവിൽ സർവീസ് (ലീവ്) ചട്ടങ്ങളിലെ സെക്ഷൻ 43 സിക്ക് സമാനമായി സംസ്ഥാന സർവീസ് നിയമങ്ങളിൽ പ്രത്യേക വ്യവസ്ഥ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹിമാചൽ പ്രദേശ് സർക്കാർ തന്റെ നിലവിലുള്ള ലീവ് തീർന്നിട്ടും ഹിമാചൽ പ്രദേശ് സർക്കാർ ശാലിനിക്ക് ചൈൽ​ഡ് കെയർ ലീവ് അനുവദിച്ചില്ലെന്ന് ശാലിനി പരാതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് സർക്കാരിന്റെ നടപടിയിൽ വിയോജിപ്പിച്ച് പ്രകടിപ്പിച്ച സുപ്രീംകോടതി ബെഞ്ച് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം എന്നത് പ്രത്യേകാവകാശമല്ല, മറിച്ച് ഭരണഘടനാപരമായ ഉത്തരവാണെന്ന് ചൂണ്ടിക്കാട്ടിയത്. അതിന് സ്ത്രീകളെ പ്രാപ്തമാക്കുന്നതാണ് ശിശുസംരക്ഷണ അവധി. അല്ലാത്തപക്ഷം, തങ്ങളുടെ ജീവിതത്തിന്റെ നിർണായക ഘട്ടങ്ങളിൽ കുട്ടികളെ നോക്കാൻ അമ്മമാർക്ക് ജോലി ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും കോടതി നിരീക്ഷിച്ചു.

ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയെ ഉടൻ രൂപീകരിക്കാൻ ഹിമാചൽ പ്രദേശ് സർക്കാരിനോട് സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തു. സമിതിയിൽ സാമൂഹ്യക്ഷേമം, വനിതാ ശിശുക്ഷേമം എന്നീ വകുപ്പുകളിലെ സെക്രട്ടറിമാരും ഉൾപ്പെടും. വനിതാ ജീവനക്കാരുടെ ശിശു സംരക്ഷണ അവധിയുടെ പ്രശ്നം സമഗ്രമായി അവലോകനം ചെയ്യുക എന്നതാണ് സമിതിയുടെ ചുമതല.

സംസ്ഥാനത്തെ സർവീസ് ചട്ടങ്ങളിൽ സ്ത്രീകളുടെ ശിശു സംരക്ഷണ അവധി ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനം ശിപാർശ ചെയ്തുകൊണ്ട് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളുമായി സഹകരിച്ച് ജൂലൈ 31 നകം റിപോർട്ട് സമർപ്പിക്കാൻ സമിതിയോട് കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം, ശാലിനിയുടെ അടിയന്തിര സാഹചര്യങ്ങൾ അംഗീകരിച്ചുകൊണ്ട്, അന്തിമ തീരുമാനത്തിലെത്തുന്നത് വരെ ഓസ്റ്റിയോജെനിസിസ് ഇംപെർഫെക്റ്റ (അസ്ഥികൾ പൊട്ടിപ്പോകുന്ന രോഗം) ബാധിച്ച മകനെ പരിചരിക്കുന്നതിന് അസാധാരണമായ അവധി അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി ഹിമാചൽ പ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Two year childcare leave along with maternity a constitutional right for women employees says supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.