റായ്പൂർ: ഛത്തീസ്ഗഡിലെ റായ്ഗഡ്, ധംതാരി ജില്ലകളിൽ ചൊവ്വാഴ്ച രണ്ട് കാട്ടാനകളെ കൂടി ചെരിഞ്ഞ നിലയിൽ കണ്ടെത്തി. റായ്ഗഡിലെ കൃഷിത്തോട്ടത്തിൽ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റാണ് കൊമ്പനാന കൊല്ലപ്പെട്ടത്. ധംതാരിയിലെ ചതുപ്പുനിലത്തിൽ കുടുങ്ങി ഒരു കുട്ടിയാനയുടെയും ജീവൻ പൊലിഞ്ഞു. ഇതോടെ ഒരാഴ്ചക്കിടെ അഞ്ച് ആനകൾക്കാണ് സംസ്ഥാനത്ത് ജീവഹാനി സംഭവിച്ചത്.
റായ്ഗഡ് ധരംജൈഗർ വനം ഡിവിഷന് കീഴിലുള്ള ഗിരിഷ ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് തുമ്പിക്കൈ വൈദ്യുതികമ്പിയിൽ തട്ടി കൊമ്പൻ ചെരിഞ്ഞത്. 27 ആനകളുടെ കൂട്ടം കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ കറങ്ങുന്നുണ്ടായിരുന്നെന്ന് റായ്ഗഡ് പൊലീസ് സൂപ്രണ്ട് സന്തോഷ് സിങ് പറഞ്ഞു.
കൃഷിത്തോട്ടത്തിൽ കുഴൽകിണറിന് വേണ്ടി എടുത്ത അനധികൃത വൈദ്യുതി കണക്ഷനിൽനിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. റായ്പൂരിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് സംഭവം. മരണകാരണം കൃത്യമായി അറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫാം ഉടമയെയും മറ്റൊരാളെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തലസ്ഥാനത്ത് നിന്ന് 100 കിലോമീറ്റർ അകലെ ധാംതാരിയിലെ ഗാംഗ്രെൽ അണക്കെട്ടിൻെറ സംഭരണ മേഖലയിലെ ചതുപ്പുനിലത്തിലാണ് കുട്ടിയാന മരിച്ചത്. വെള്ളം കുടിക്കാൻ പോകുമ്പോൾ ചെളിയിൽ കുടുങ്ങിയതാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 9, 10 തീയതികളിൽ സൂരജ്പൂർ ജില്ലയിലെ പ്രതാപ്പൂർ വനമേഖലയിൽനിന്ന് രണ്ട് ആനകളുടെയും ജൂൺ 11ന് ബൽറാംപൂർ ജില്ലയിൽ മറ്റൊരു ആനയുടെയും ജഡം കണ്ടെത്തിയിരുന്നു. സംഭവത്തിൽ സംസ്ഥാന വനം വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു ഗാർഡിനെയും സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.