ഡല്‍ഹിയില്‍ ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ കൂടുതൽ നിയന്ത്രണങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫിസുകളില്‍ ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹം 60 ശതമാനം വെട്ടിക്കുറച്ചതായും ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം നാലായി കുറച്ചതില്‍ രണ്ടെണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്.

ഇന്ധന ഉപയോഗം കുറക്കാനും കാര്യക്ഷമമായ ഭരണവും ലക്ഷ്യമിട്ട് 'മേരാ ഭാരത് മേരാ യോഗ്ദാൻ' എന്ന പേരില്‍ ക്യാമ്പയിൻ ആരംഭിക്കുന്നതിനൊപ്പം എല്ലാ തിങ്കളാഴ്ചയും മന്ത്രിമാരും ഉദ്യോഗസ്ഥരും മെട്രോയില്‍ യാത്ര ചെയ്യുന്ന 'മണ്ടേ മെട്രോ' പദ്ധതിയടക്കം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അടുത്ത ആറ് മാസത്തേക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍, മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വിദേശയാത്രകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളിലെ വൈദ്യുതി ലാഭിക്കാനായി എയര്‍ കണ്ടീഷണറുകള്‍ 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കാനും ജീവനക്കാരുടെ ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് 10 ശതമാനം വർധിപ്പിക്കാനും തീരുമാനമായി. ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഇന്ധന വിലക്കയറ്റവും മറികടക്കാന്‍ സാമ്പത്തിക വിവേകം കാണിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലെ ഈ സുപ്രധാന നീക്കങ്ങള്‍.

Tags:    
News Summary - Two-Day Work-from-Home in Delhi; Chief Minister’s Convoy Reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.