ട്വിഷ ശർമയുടെ മരണം: റീ പോസ്റ്റ്‌മോർട്ടത്തിന് അനുമതി നൽകി മധ്യപ്രദേശ് ഹൈകോടതി

ജബൽപൂർ: പ്രമുഖ മോഡലും നടിയുമായ ട്വിഷ ശർമയുടെ (33) ദുരൂഹ മരണത്തിൽ നിർണായക ഇടപെടലുമായി മധ്യപ്രദേശ് ഹൈകോടതി. മൃതദേഹം റീ പോസ്റ്റ്‌മോർട്ടം  നടത്താൻ മധ്യപ്രദേശ് ഹൈകോടതി അനുമതി നൽകി. ഡൽഹി എയിംസിലെ  വിദഗ്ധ സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തേണ്ടതെന്നും കോടതി നിർദേശിച്ചു.

ട്വിഷയുടെ കുടുംബം ആദ്യ പോസ്റ്റ്മോർട്ടത്തിൽ പിഴവുകളും അന്വേഷണത്തിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയെ സമീപിച്ചത്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഭോപ്പാൽ പ്രാദേശിക കോടതി റീ പോസ്റ്റ്‌മോർട്ടം നടത്താനുളള അപേക്ഷ നേരത്തെ തള്ളിയിരുന്നെങ്കിലും മൃതദേഹം സൂക്ഷിക്കണമെന്ന് നിർദേശിച്ചിരുന്നു.

ആദ്യ പോസ്റ്റ്‌മോർട്ടത്തിൽ തന്നെ വീഴ്ച സംഭവിച്ചതായി കുടുംബം ആരോപിച്ചിരുന്നു. ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തി മൂന്ന് ദിവസത്തിന് ശേഷമാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് കുടുംബം ചൂണ്ടിക്കാട്ടി. കഴുത്തിലുണ്ടായ പാടുകൾ തൂങ്ങിമരണമാണോ എന്നത് ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ ആദ്യ പരിശോധനയിൽ കഴിഞ്ഞിരുന്നില്ല.

ആത്മഹത്യക്കായി ഉപയോഗിച്ചുവെന്ന് പറയുന്ന ബെൽറ്റ് പൊലീസ് മെഡിക്കൽ സംഘത്തിന് മുന്നിൽ ഹാജരാക്കാതിരുന്നതാണ് ഇതിന് കാരണം. ട്വിഷയുടെ ശരീരത്തിൽ ബാഹ്യമായ പരിക്കുകളുണ്ടായിരുന്നുവെന്നും എന്നാൽ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഇത് രേഖപ്പെടുത്തിയിട്ടില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ മുറിയുടെ ഉയരവും ട്വിഷയുടെ ഉയരവും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്നും ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും കുടുംബം വാദിച്ചു.

മെയ് 12 നാണ് ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  അഭിഭാഷകനായ സമർത് സിങുമായുള്ള വിവാഹം കഴിഞ്ഞ് വെറും അഞ്ച് മാസത്തിന് ശേഷമാണ് മരണം. ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് സമർത് സിങ് ട്വിഷയെ പരിചയപ്പെട്ടതും വിവാഹിതരാവുന്നതും.

ഭർത്താവും ഭർതൃവീട്ടുകാരും മകളെ  പീഡനങ്ങൾക്ക് ഇരയാക്കിയതായി മാതാപിതാക്കൾ  ആരോപിച്ചിട്ടുണ്ട്. ട്വിഷയും അമ്മ രേഖ ശർമയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് ട്വിഷ അസന്തുഷ്ടമായ ദാമ്പത്യത്തിൽ കുടുങ്ങിപ്പോയതായി തോന്നിയതായും ഭർതൃവീട്ടുകാരിൽ നിന്ന് മാനസിക പീഡനവും സ്ത്രീധന പീഡനവും നേരിട്ടതായും വെളിപ്പെടുത്തിയിട്ടുണ്ട്. 

കേസിൽ പ്രതിയായ സമർത് സിങിന്റെ അമ്മയും വിരമിച്ച ജില്ലാ ജഡ്ജിയുമായ ഗിരിബാല സിങിന് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്വിഷയുടെ കുടുംബം സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇതിനിടെ, കേസ് സി.ബി.ഐ അന്വേഷണത്തിന് വിടണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്.

Tags:    
News Summary - Twisha Sharma's Death: Madhya Pradesh High Court Grants Permission for Re-Postmortem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.