ന്യൂഡൽഹി: ശാഹീൻ ബാഗ് കേസിലെ സുപ്രീംകോടതി വിധി പൊലീസ് അതിക്രമങ്ങൾക്കുള്ള അനുമതിയായി ദുരുപയോഗം ചെയ്തേക്കുമെന്ന് ചൂണ്ടിക്കാട്ടി സമരക്കാർ കോടതിയിൽ. ശാഹീൻ ബാഗ് സമരത്തിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജിയിലാണ് കാനിസ് ഫാതിമ അടക്കം 12 ശാഹീൻ ബാഗ് സമരക്കാർ ഇക്കാര്യം ബോധിപ്പിച്ചത്. വിയോജിപ്പ് പ്രകടിപ്പിക്കുന്ന സമരങ്ങൾ നിർണിത സ്ഥലങ്ങളിലായിരിക്കണമെന്ന് ഒക്ടോബർ ഏഴിന് പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സാമ്രാജ്യത്വവാഴ്ച കാലത്തെ വിയോജിപ്പിനെ സ്വയംഭരണമുള്ള ജനാധിപത്യത്തിലെ വിയോജിപ്പുമായി സമീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ശാഹീൻ ബാഗ് പോലുള്ള സാഹചര്യം ഭാവിയിൽ ഉണ്ടാകാതിരിക്കാനും സമരങ്ങളെല്ലാം നിയമവിധേയമാക്കാനും ഈ വിധിയിലൂടെ കഴിയുമെന്ന് സുപ്രീംകോടതി പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഒക്ടോബർ ഏഴിന് പുറപ്പെടുവിച്ച വിധിയിലെ നിരീക്ഷണങ്ങൾ ദുരുപയോഗം ചെയ്ത് പൊലീസിന് അനിയന്ത്രിതമായ ഉപരോധ അധികാരത്തിന് വഴിയൊരുക്കുമെന്ന് അഡ്വ. കബീർ ദീക്ഷിത് മുഖേന സമർപ്പിച്ച പുനഃപരിശോധന ഹരജിയിൽ ഹരജിക്കാർ ബോധിപ്പിച്ചു. സമരങ്ങളെ നിയന്ത്രിക്കണമെന്ന ഒരു വശത്തിൽ മാത്രം ഊന്നിയ സുപ്രീംകോടതി വിധി ഒരു പൊതുസ്ഥലത്ത് സമാധാനപരമായി സംഘം ചേർന്ന് സർക്കാർ നയങ്ങളെ വിമർശിക്കാനുള്ള അവകാശത്തെ ഹനിച്ചുകളഞ്ഞു. സുപ്രീംകോടതി നടത്തിയ അത്തരം നിരീക്ഷണങ്ങൾ നിയമപരമായ പ്രക്ഷോഭങ്ങൾക്കുനേരെ അതിക്രമങ്ങൾ കാണിക്കാൻ പൊലീസിനുള്ള ലൈസൻസാണെന്ന് സമരക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.