'അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും'; രാജസ്ഥാൻ ആക്ടിങ് ചീഫ് ജസ്റ്റിസിനെ മാറ്റണമെന്ന് സുപ്രീം കോടതി ജഡ്ജി സന്ദീപ് മേത്ത

ന്യൂഡൽഹി: രാജസ്ഥാൻ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായ സഞ്ജീവ് പ്രകാശ് ശർമ്മയെ ഉടൻ സ്ഥാനത്തുനിന്ന് മാറ്റണമെന്നും പകരം മറ്റൊരു സംസ്ഥാനത്തുനിന്നുള്ള ചീഫ് ജസ്റ്റിസിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന് കത്തയച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്ത. സഞ്ജീവ് പ്രകാശ് ശർമ്മ ഭരണഘടനാപരമായ അധികാരങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും പണക്കാരായ കക്ഷികൾക്ക് അനുകൂലമായി കേസ് ലിസ്റ്റിങ് അട്ടിമറിക്കുകയാണെന്നും ജസ്റ്റിസ് സന്ദീപ് മേത്ത കത്തിൽ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ശർമ്മയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് 2, 10, 17 തീയതികളിലായി മൂന്ന് കത്തുകളാണ് ജസ്റ്റിസ് സന്ദീപ് മേത്ത ചീഫ് ജസ്റ്റിസിന് നൽകിയിട്ടുള്ളത്. ഭരണപരമായ കെടുകാര്യസ്ഥത, അഴിമതി, സ്വജനപക്ഷപാതം, മാസ്റ്റർ ഓഫ് റോസ്റ്റർ എന്ന നിലയിലുള്ള തന്റെ അധികാരങ്ങൾ ഉപയോഗിച്ച് താൽപ്പര്യമുള്ള കേസുകൾ സ്വന്തം ബെഞ്ചിലേക്ക് മാറ്റൽ അടക്കമുള്ള ആരോപണങ്ങൾ കത്തിൽ ജസ്റ്റിസ് മേത്ത ഉന്നയിച്ചതായി 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്തു.

മറ്റ് ബെഞ്ചുകളിലേക്ക് ലിസ്റ്റ് ചെയ്തിരുന്ന പല കേസുകളും കൃത്യമായ ന്യായീകരണങ്ങളില്ലാതെ പെട്ടെന്ന് പിൻവലിക്കുകയും ജസ്റ്റിസ് ശർമ്മയുടെ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്ത നിരവധി സംഭവങ്ങൾ താൻ നേരത്തെ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി ആഗസ്റ്റ് 2 ലെ കത്തിൽ ജസ്റ്റിസ് മേത്ത വ്യക്തമാക്കി. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സി.ജെ.ഐ ഉറപ്പുനൽകിയിരുന്നുവെങ്കിലും ഇതുവരെ അനുകൂല നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് ശർമ്മയുടെ ജുഡീഷ്യൽ പ്രവർത്തനങ്ങളെക്കുറിച്ച് തനിക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, അത് അദ്ദേഹത്തിനെതിരെ സംശയങ്ങൾ ഉയർത്തുന്നതാണെന്നും സുപ്രീം കോടതി ജഡ്ജി പറഞ്ഞു. ഉദയ്പൂരിലെ ഭൂമി കേസ്, മേഘ്‌രാജ് സിങ് എന്ന മൈനിങ് കേസ് തുടങ്ങിയ ഉദാഹരണങ്ങളും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2016 നവംബറിലാണ് ജസ്റ്റിസ് ശർമ്മ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. തുടർന്ന് 2022 ജനുവരിയിൽ അദ്ദേഹത്തെ പട്ന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. ആരോഗ്യപരമായ കാരണങ്ങളാൽ രാജസ്ഥാനിലേക്ക് തന്നെ തിരികെ നിയമിക്കണമെന്ന് 2023 അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി കൊളീജിയം അംഗീകരിച്ചില്ല. പകരം അദ്ദേഹത്തെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റി. തുടർന്ന് 2025 മെയ് മാസത്തിലാണ് അദ്ദേഹത്തെ വീണ്ടും രാജസ്ഥാനിലേക്ക് ശുപാർശ ചെയ്തത്. കഴിഞ്ഞ 10 മാസത്തിലധികമായി ജസ്റ്റിസ് ശർമ്മയാണ് രാജസ്ഥാൻ ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിക്കുന്നത്.

2011 മെയിലാണ് ജസ്റ്റിസ് മേത്ത രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്. തുടർന്ന് 2023 ഫെബ്രുവരിയിൽ ഗുവഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസായ അദ്ദേഹം, അതേ വർഷം നവംബറിലാണ് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.

Tags:    
News Summary - SC judge seeks removal of Rajasthan HC acting Chief Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.