തിരുച്ചി സ്ഫോടനം: അന്വേഷണം സി.ബി.സി.ഐ.ഡിക്ക്

കോയമ്പത്തൂര്‍: തിരുച്ചി തുറയുര്‍ മുരിങ്കപട്ടി പച്ചമലയില്‍ സ്ഫോടകവസ്തു നിര്‍മാണകേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയില്‍ 19 പേര്‍ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.സി.ഐ.ഡിക്ക് കൈമാറി. സി.ബി.സി.ഐ.ഡി എസ്.പി. രാജേശ്വരി, ഡിവൈ.എസ്.പി രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇവര്‍ സ്ഥലം സന്ദര്‍ശിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്ന ജോലി വെള്ളിയാഴ്ചയും തുടര്‍ന്നു.

തുറയൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ശരീരഭാഗങ്ങള്‍ ഒന്നിച്ച് സംസ്കരിക്കാനും ആലോചനയുണ്ട്. യൂനിറ്റില്‍ ജോലിയെടുത്തിരുന്ന തൊഴിലാളികളുടെ പട്ടിക മാത്രമാണ് കമ്പനി അധികൃതരുടെ പക്കലുള്ളത്. പാറമടകളിലും മറ്റും ഉപയോഗിക്കുന്ന ‘പെന്‍റ എറിത്രിറ്റോള്‍ ടെട്ര നൈട്രേറ്റ് (പി.ഇ.ടി.എന്‍- പെറ്റ് നൈട്രേറ്റ്) എന്നറിയപ്പെടുന്ന തോട്ടയാണ് ഇവിടെ നിര്‍മിച്ചിരുന്നത്. വെടിമരുന്ന് പെട്ടികള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് സംശയിക്കുന്നു. വെടിമരുന്ന് കൊണ്ടുപോയിരുന്ന പൈപ്പിലെ താപനില ഉയര്‍ന്നതാവാം കാരണമെന്നും അഭിപ്രായമുണ്ട്.

അന്വേഷണത്തിനായി ചെന്നൈ, വെല്ലൂര്‍, ശിവകാശി എന്നിവിടങ്ങളില്‍നിന്ന് സാങ്കേതിക വിദഗ്ധരത്തെി. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് സ്ഫോടകവസ്തു നിയന്ത്രണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഗണേഷ് അറിയിച്ചു. 2001ല്‍ 160 ഏക്കറിലായി പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയില്‍ മൊത്തം 12 യൂനിറ്റുകളുണ്ട്.

കമ്പനിയുടമ സേലം ആത്തൂര്‍ കെന്നഡി നഗര്‍ വിജയ കണ്ണന്‍, മാനേജിങ് ഡയറക്ടര്‍ സേലം മാമാങ്കം സ്വദേശി പ്രകാശം, പ്രൊഡക്ഷന്‍ മാനേജര്‍ രാജഗോപാല്‍, സുരക്ഷ മാനേജര്‍ തൂത്തുക്കുടി ആനന്ദന്‍ എന്നിവരുടെ പേരില്‍ ഉപിലിയാപുരം പൊലീസ് കേസടുത്തു. ഒളിവില്‍ കഴിയുന്ന പ്രതികള്‍ പൊലീസിലോ കോടതിയിലോ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ട്.

Tags:    
News Summary - trichy fireworks factory blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.