ന്യൂഡൽഹി: ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുമായി ശ്രമിക് ട്രെയിൻ ബുധനാഴ്ച പുറപ്പെടും. ന്യൂഡൽഹി സ്റ്റേഷനിൽ നിന്ന് വൈകീട്ട് അഞ്ചിന് ട്രെയിൻ പുറപ്പെടുമെന്നാണ് വിദ്യാർഥികളെ അറിയിച്ചത്. 975 രൂപയാണ് ടിക്കറ്റ് നിരക്ക്. ജമ്മു കേന്ദ്ര സർവകലാശാലയിലും ഡെറാഡൂണിലും കുടുങ്ങിയ വിദ്യാർഥികൾ ഈ ട്രെയിനിൽ നാട്ടിലേക്ക് തിരിക്കും.
കേരള ഹൗസ് റസിഡൻറ് കമീഷണർ ജമ്മു, ഉത്തരാഖണ്ഡ് സർക്കാറുകളുമായി ബന്ധപ്പെട്ട് ഇവരെ ഡൽഹിയിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്്. പെൺകുട്ടിയടക്കം 12 അംഗ വിദ്യാർഥി സംഘമാണ് ജമ്മുവിൽ കുടുങ്ങിയത്. ബാക്കി സീറ്റിൽ നോർക്കയിൽ രജിസ്റ്റർ ചെയ്തവർക്കും ഈ ട്രെയിനിൽ പോകാം. പരിശോധന അടക്കം നടപടികൾക്കായി ബുധനാഴ്ച രാവിലെ 11ന് അറിയിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ എത്താൻ ടിക്കറ്റ് എടുത്തവർക്ക് നിർദേശം നൽകി.
സർവകലാശാലകൾ അടച്ചതോടെ വിദ്യാർഥികൾ പ്രതിസന്ധിയിൽ ആയിരുന്നു. നടപടി വൈകുകയും ട്രെയിനിനെ കുറിച്ച് ഉറപ്പ് ലഭിക്കാതിരിക്കും ചെയ്തതോടെ മേയ് 17ന് കാൽനടയായി പുറപ്പെടുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് ട്രെയിനുള്ള നടപടി വേഗത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.