'വിധി എഴുതാൻ സമയം വേണം, അതുവരെ തിരക്കുണ്ടോ?'; പൊലീസിനോട് സംയമനം ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതി; നേഹ ബോറ കേസിൽ വിധി ഇന്ന്

ന്യൂഡൽഹി: സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ 'സമാധാന ബോണ്ട്' ഒപ്പിട്ടു നൽകണമെന്ന ഡൽഹി പൊലീസ് നോട്ടീസിനെതിരെ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്റ് നേഹ ബോറ സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ച് ഇരുവിഭാഗത്തിന്റെയും ദീർഘമായ വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.

ഇന്ന് (ഒക്ടോബർ 23) വൈകുന്നേരം 6 മണിക്ക് കോടതി വിധി പ്രസ്താവിക്കും.

ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ രണ്ട് മണിക്കൂറിലധികം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കേസ് വിധി പറയാൻ മാറ്റിയത്. വാദങ്ങൾ പൂർത്തിയായപ്പോൾ സമഗ്രമായ വിധിന്യായമെഴുതാൻ സമയം വേണമെന്ന് ജസ്റ്റിസ് പ്രസാദ് ചൂണ്ടിക്കാട്ടിയതോടെ കോടതി മുറിയിൽ നാടകീയമായ രംഗങ്ങൾ അരങ്ങേറി.

'വിധി എഴുതാൻ സമയം വേണം, അതുവരെ പോലീസിന് തിരക്കുണ്ടോ?': ജസ്റ്റിസ് പ്രസാദ്

വിദ്യാർഥി നേതാവിനെതിരായ കേസ് നാളെ (ഒക്ടോബർ 24 ശനിയാഴ്ച) വീണ്ടും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ വരാനിരിക്കെയാണ് ഹൈകോടതിയിൽ നാടകീയ സംഭാഷണങ്ങൾ നടന്നത്. വിധി എഴുതിത്തയ്യാറാക്കാൻ ചൊവ്വാഴ്ച (ഒക്ടോബർ 27) വരെ സമയം വേണമെന്നും അതുവരെ നേഹ ബോറയ്ക്കെതിരെ യാതൊരുവിധ നിർബന്ധിത നടപടികളും സ്വീകരിക്കരുതെന്നും ഡൽഹി പൊലീസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമയോട് ജസ്റ്റിസ് പ്രസാദ് ആവശ്യപ്പെട്ടു:

"ശർമ സാർ, ചെറിയൊരു അഭ്യർത്ഥനയുണ്ട്. വിധിന്യായമെഴുതാൻ കുറച്ചുകൂടി സമയം ആവശ്യമാണ്. നിർഭാഗ്യവശാൽ ശനി, ഞായർ ദിവസങ്ങളിൽ ഞാൻ നഗരത്തിൽ ഉണ്ടാകില്ല. വാദം കേൾക്കൽ ഇന്ന് തന്നെ പൂർത്തിയാക്കാം. ചൊവ്വാഴ്ച വിധി പ്രസ്താവിക്കുന്നത് വരെ ഹരജിക്കാരിക്കെതിരെ യാതൊരു നടപടിയും എടുക്കാതെ പോലീസ് സംയമനം പാലിക്കണം."

— കോടതി ആവശ്യപ്പെട്ടു.

എന്നാൽ, ഇതിൽ ചെറിയ പ്രയാസമുണ്ടെന്നും ബോണ്ട് ഒപ്പിടാൻ കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് നൽകിയതെന്നും തടങ്കലിൽ വെച്ചിട്ടില്ലെന്നും എ.എസ്.ജി ചേതൻ ശർമ ചൂണ്ടിക്കാട്ടി. തുടർന്ന്, 'ഒരു ജഡ്ജിയെ തിടുക്കപ്പെടുത്തുമ്പോൾ അത് നീതിനിർവഹണത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും' എന്ന് ജസ്റ്റിസ് പ്രസാദ് തുറന്നടിച്ചു.

അഭിഭാഷകന്റെ ഇടപെടലും ഇന്നത്തെ വിധി പ്രസ്താവവും

കോടതി തന്നെ കേസ് മാറ്റിവെക്കാൻ ആവശ്യപ്പെടുന്നത് ശരിയായ കീഴ്‌വഴക്കമായി തോന്നാത്തതിനാൽ ആ ആവശ്യം താൻ ഏറ്റെടുക്കാമെന്ന് നേഹ ബോറയുടെ അഭിഭാഷകനായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ അറിയിച്ചു. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വരെ സമയം അനുവദിക്കണമെന്ന് ഹരജിക്കാരിയുടെ ഭാഗത്തുനിന്ന് അദ്ദേഹം ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, വിശദമായ ആലോചനകൾക്കൊടുവിൽ കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. കേസ് വിധി പറയാൻ മാറ്റിവെച്ച ജസ്റ്റിസ് സുബ്രമണ്യം പ്രസാദ്, ഇന്ന് വൈകുന്നേരം ആറ് മണിക്ക് തന്നെ അന്തിമ വിധി പ്രസ്താവിക്കുമെന്ന് വ്യക്തമാക്കി.

വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനെതിരായ (എസ്.ഐ.ആർ) സമരങ്ങളിൽ പങ്കെടുത്തതിനാണ് നേഹ ബോറയോട് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 126-ാം വകുപ്പ് പ്രകാരം 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ആൾജാമ്യവും നൽകാൻ പൊലീസ് നോട്ടീസ് നൽകിയത്.

Tags:    
News Summary - Delhi HC Reserves Verdict on AISA Chief Neha Bora's Plea; Order Today at 6 PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.