പഹൽഗാം ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ലഷ്കർ കമാൻഡർ സെയ്ഫുല്ല കസൂരി; ആസൂത്രണം പാകിസ്താനിൽനിന്ന്

ന്യൂഡൽഹി: സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രണമാണ് കഴിഞ്ഞ ദിവസം കശ്മീരിലെ പഹൽഗാമിൽ അരങ്ങേറിയത്. 29 പേർക്ക് ജീവൻ നഷ്ടമായ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. ആക്രമണത്തിന്‍റെ സൂത്രധാരൻ ലഷ്കറെ ത്വയ്യിബ കമാൻഡർ സെയ്ഫുല്ല കസൂരി എന്ന ഖാലിദ് ആണെന്നും പാക് അധീന കശ്മീരിൽ നിന്നാണ് ഇയാൾ ഇതിനുള്ള പദ്ധതിയൊരുക്കിയതെന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.

അഞ്ചോ ആറോ ഭീകരരാണ് ആക്രമണത്തിന്‍റെ ഭാഗമായതെന്നും ഇവരിൽ പലരും സമീപകാലത്ത് പാകിസ്താനിൽനിന്ന് അതിർത്തി കടന്ന് രാജ്യത്ത് നുഴഞ്ഞുകയറിയവരാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ലഷ്കർ ഭീകരൻ ഹാഫിസ് സയീദുമായി അടുത്ത ബന്ധമുള്ളയാളാണ് ആക്രമണം ആസൂത്രണം ചെയ്ത സെയ്ഫുല്ല കസൂരിയെന്നും അധികൃതർ വിശദീകരിച്ചു. ആക്രമണം നടന്ന ബൈസരൻ പുൽമേടിന് സമീപം ദിവസങ്ങൾക്കുമുമ്പുതന്നെ ഭീകരർ തമ്പടിച്ചതായി സംശയിക്കുന്നുണ്ട്. മേഖലയിലെ വനത്തിൽ ഉൾപ്പെടെ സുരക്ഷാസേന വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്.

വിനോദ സഞ്ചാരികൾക്കു നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യൻ സന്ദർശനം പാതിവഴിയിൽ നിർത്തി ബുധനാഴ്ച രാവിലെ ഡൽഹിയിൽ തിരിച്ചെത്തി. കാബിനറ്റ് സുരക്ഷാകാര്യ സമിതിയുമായി മോദി അടിയന്തര യോഗം ചേർന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവരും യോഗത്തിൽ പങ്കെടുത്തു. ആക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് നേരത്തെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇന്ത്യ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കിയതോടെ പാകിസ്താനിൽ അതിർത്തി ഗ്രാമത്തിലുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2016ലെ സർജിക്കൽ സ്ട്രൈക്കിന് സമാനമായ തിരിച്ചടിക്ക് ഇന്ത്യ തയാറായേക്കുമെന്ന അഭ്യൂഹങ്ങൾക്കു പിന്നാലെയാണ് പാകിസ്താന്‍റെ നടപടി. എന്നാൽ, ഭീകരാക്രമണവുമായി പാകിസ്താന് ബന്ധമില്ലെന്ന് ആ രാജ്യത്തെ സർക്കാർ വ്യക്തമാക്കി. ഭീകരതക്കെതിരെ പോരാടാൻ യു.എസ്, ബ്രിട്ടൻ, ഇറ്റലി, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭീകരാക്രമണം കശ്മീരിന്‍റെ സമ്പദ് വ്യവസ്ഥക്ക് കനത്ത തിരിച്ചടിയാകും. നിയന്ത്രണങ്ങൾ കുറച്ചതിനു പിന്നാലെ കശ്മീരിലേക്ക് വിനോദസഞ്ചാരികൾ ധാരാളമായി എത്തിത്തുടങ്ങിയ ഘട്ടത്തിലാണ് രാജ്യത്തെ നടുക്കുന്ന ആക്രമണം. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നടന്ന ആക്രമണത്തിൽ മലയാളിയായ രാമചന്ദ്രനുൾപ്പെടെയുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ രണ്ട് വിദേശികളുമുണ്ട്. സൈനിക വേഷത്തിലെത്തിയ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

Tags:    
News Summary - Top Lashkar commander planned Pahalgam carnage that left many dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.