ജോലി ബസ് കണ്ടക്ടർ, ഉയരം ആറടി ആറിഞ്ച്; ബസിൽ നടക്കാനാവാതെ വലഞ്ഞ കണ്ടക്ടർക്ക് ആശ്വാസമായി പുതിയ ഉത്തരവ്

ഹൈദരാബാദ്: സർക്കാർ ജോലി സ്വപ്നം കണ്ടുനടന്ന് ഒടുവിൽ ജോലി കിട്ടിയപ്പോൾ അതൊരു ‘കഴുത്തുവേദന’യായി മാറി അമീൻ അഹമ്മദ് അൻസാരിക്ക്. അതിന് കാരണമോ, തന്റെ ഉയരം തന്നെ. ആറടി ആറിഞ്ചാണ് അൻസാരിയുടെ ഉയരം.

ജോലികിട്ടിയത് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിൽ (ടി.ജി.എസ്.ആർ.ടി.സി) കണ്ടക്ടറായി. കണ്ടക്ടർമാർക്ക് ബസിലെ ഇടുങ്ങിയ ഇടനാഴിയിലൂടെ ഇടക്കിടെ സഞ്ചരിക്കേണ്ടി വരുമെന്നുറപ്പാണ്. ഇങ്ങനെ നടക്കുമ്പോൾ അൻസാരിയുടെ തല ബസിന്റെ മുകളിൽ തട്ടും. കുനിഞ്ഞല്ലാതെ ബസിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയിലായി. വൈകാതെ കടുത്ത കഴുത്തവേദനയും തുടങ്ങി. തുടർന്ന് അധികൃതർ ഇക്കാര്യം ട്രാൻസ്​പോർട്ട് അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു.

ആറടി ഉയരമുള്ള ബസ് കണ്ടക്ടറുടെ ഉയരം ജോലിക്ക് ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കുന്നത് പരിഗണിച്ച് ബദൽ സ്ഥാനത്ത് നിയമിക്കാനുള്ള ഉത്തരവ് ഇപ്പോൾ പുറത്തുവന്നതിന്റെ ആശ്വാസത്തിലാണ് അൻസാരി. മേയ് അഞ്ചിന് മുഷീറാബാദിലെ ബസ് ഭവൻ കോർപ്പറേഷന്റെ ആസ്ഥാനത്തുനിന്ന് വന്ന ഔദ്യോഗിക ഉത്തരവിൽ, അമീൻ അഹമ്മദ് അൻസാരിക്ക് ഔട്ട് ഓഫ് ഡെസിഗ്നേഷൻ (ഒ.ഡി) ഡ്യൂട്ടിയിൽ തുടരാം എന്നാണ് അറിയിപ്പ്.

നേരത്തേ, ആറടിയിലധികം ഉയരമുള്ള അൻസാരിക്ക് ആർ.ടി.സി ബസുകളിൽ പതിവ് ഉത്തരവാദിത്തങ്ങൾ സുഖകരമായി നിർവഹിക്കാൻ കഴിയുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഒരു വർഷത്തേക്ക് ഒ.ഡി ഡ്യൂട്ടി നൽകിയിരുന്നു. ഏപ്രിൽ 28ന് തന്റെ ഈ ഒ.ഡി ഡ്യൂട്ടി കാലയളവ് അവസാനിച്ചതിനെത്തുടർന്ന് അൻസാരി തന്റെ പതിവ് ജോലിയിലേക്ക് മടങ്ങിയെത്തി. ഇക്കാലയളവിൽ അൻസാരിക്ക് കഠിനമായ കഴുത്ത് വേദനയും പുറം വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അധികൃതർ ഇടപെട്ടാണ് പുതിയ ഉത്തരവ് നേടിയത്. പുതിയ നിർദേശം അനുസരിച്ച് ബസ് പാസ് സെക്ഷനുകളിലോ മറ്റിടങ്ങളിലോ ശാരീരിക പ്രശ്നമില്ലാത്ത രീതിയിലുള്ള സേവനങ്ങൾക്ക് അൻസാരിയെ ഉപയോഗപ്പെടുത്താമെന്നാണ് നിർദേശം.

Tags:    
News Summary - Too tall for duty Telangana bus conductor given alternate role after neck pain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.