2024ല്‍ നടക്കാനിരിക്കുന്നത് പുറത്താക്കലിന്റെ തിരഞ്ഞെടുപ്പ്; ബി.ജെ.പിക്കെതി​രെ ആഞ്ഞടിച്ച് മമത ബാനർജി

കൊല്‍ക്കത്ത: 2024ല്‍ നടക്കുന്നത് പുറത്താക്കലിന്റെ തെരഞ്ഞെടുപ്പ് ആയിരിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള തെരഞ്ഞെടുപ്പായിരിക്കണം അതെന്നും അവർ പറഞ്ഞു. കൊല്‍ക്കത്തയില്‍ ടി.എം.സി സംഘടിപ്പിച്ച രക്തസാക്ഷി ദിന റാലിയെ അഭിസംബോധന ചെയ്ത് പാർട്ടി അണികളോട് സംസാരിക്കുകയായിരുന്നു അവർ. ബി.ജെ.പിയുടെ ചങ്ങലകള്‍ പൊട്ടിക്കണമെന്നും അവരുടെ കഴിവില്ലായ്മയെ തകര്‍ത്തെറിയണമെന്നും മമത ആവശ്യപ്പെട്ടു.

ബി.ജെ.പിക്ക് സ്ഥിരത നഷ്ടപ്പെട്ടിരിക്കുന്നു. അരിക്കുപോലും ജി.എസ്.ടി ഏര്‍പ്പെടുത്തിയിരിക്കുന്നു. മധുരപലഹാരത്തിനും സംഭാരത്തിനും തൈരിനും ജി.എസ്.ടിയാണ്. ഇനി ഒരു രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ അതിനുപോലും ചിലപ്പോള്‍ ജി.എസ്.ടി ചുമത്തിയേക്കാമെന്നും മമത ബാനര്‍ജി പറഞ്ഞു.

മഹാരാഷ്ട്രയിലെ ബി.ജെ.പി-വിമത ശിവസേന സഖ്യസര്‍ക്കാരിന്റെ തിരിച്ചുവരവിനേയും മമത റാലിയില്‍ വിമര്‍ശിച്ചു. മുംബൈയെ തകര്‍ക്കാന്‍ കഴിഞ്ഞൂവെന്നാണ് അവര്‍ കരുതുന്നത്. ഛത്തീസ്ഗഢിനേയും പശ്ചിമബംഗാളിനേയും തകര്‍ക്കാനാവുമെന്നും അവര്‍ കരുതുന്നു. പശ്ചിമബംഗാളിലേക്ക് വരേണ്ടെന്നും ഇവിടെ വലിയ ബംഗാള്‍ കടുവകളുണ്ടെന്ന് അവര്‍ക്ക് താന്‍ മുന്നറിയിപ്പ് നല്‍കുകയാണെന്നും മമത പറഞ്ഞു.

ഇത്തവണ തൃണമൂൽ ഷഹീദ് ദിവസിനോടനുബന്ധിച്ച് ബി.ജെ.പിയിൽ നിന്ന് കൂടുതൽപേർ കൂറുമാറിയെത്തുമെന്ന ഊഹാപോഹങ്ങൾ ബംഗാളിൽ ശക്തമാണ്. അത് പ്രതിപക്ഷത്തെ കൂടുതൽ തളർത്തും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുക്കാനാണ് മമത ഈ സന്ദർഭം പ്രയോജനപ്പെടുത്തുന്നത്. യശ്വന്ത് സിൻഹയെ പ്രതിപക്ഷ കക്ഷിയാക്കാൻ ആദ്യം മുൻകൈയെടുത്തത് മമതയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടിഎംസി പ്രവർത്തകർ കൊൽക്കത്തയിലേക്ക് ഇറങ്ങിയപ്പോൾ റെക്കോർഡ് ജനക്കൂട്ടമാണ് പരിപാടിക്ക് എത്തിയത്.

Tags:    
News Summary - TMC Martyrs’ Day Rally: 2024 will not be a vote for election, but one for rejection, says CM Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.