'ഇത് നിയന്ത്രിക്കാവുന്ന ആൾക്കൂട്ടമല്ല, യുവാക്കളുടെ കൂട്ടമാണ്, ലാത്തി പ്രയോഗിക്കാനാകില്ല, ബംഗളൂരുവിലെ എല്ലാ ജനങ്ങളോടും ഞാൻ ക്ഷമ ചോദിക്കുന്നു'; ഉപ മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ

ബംഗളൂരു: ഐ.പി.എൽ വിജയാഘോഷത്തിനിടെ ബംഗളൂരുവിൽ തിക്കിലുംതിരക്കിലും 11 പേർ മരിക്കാനിടയായ സംഭവത്തിൽ പ്രതികരണവുമായി കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷ പരിപാടികൾ നിർത്തിവെക്കാൻ നിർദേശം നൽകിയതായും സംഭവത്തിൽ പൊലീസിനെ കുറ്റപ്പെടുത്തുന്നില്ലെന്നും ശിവകുമാർ പറഞ്ഞു.

'നിയന്ത്രിക്കാൻ കഴിയാത്ത ജനക്കൂട്ടമാണ് എത്തിയത്. 5,000ത്തിലധികം പൊലീസുകാരെ നിയോഗിച്ചിരന്നു. ഇത് യുവാക്കളുടെ കൂട്ടമാണ്, അവരുടെ നേരെ ലാത്തി പ്രയോഗിക്കാനാകില്ല. ദുരന്തം അറിഞ്ഞതിന് പിന്നാലെ പത്തുമിനിറ്റിനകം പരിപാടി അവസാനിപ്പിക്കാൻ നിർദേശം നൽകി. ഞാന്‍ പൊലീസ് കമീഷണറുമായും എല്ലാവരുമായും സംസാരിച്ചു. ഞാന്‍ പിന്നീട് ആശുപത്രിയിലേക്ക് പോകും. ഇപ്പോള്‍ ആശുപത്രിയില്‍ പോയി പരിക്കേറ്റവരെ പരിചരിക്കുന്ന ഡോക്ടര്‍മാരെ ശല്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ദുരന്തത്തില്‍ മരിച്ചവരുടെ കൃത്യമായ എണ്ണം ഇപ്പോള്‍ പറയാന്‍ കഴിയില്ല. ജനങ്ങളോട് ശാന്തരായിരിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ബംഗളൂരുവിലെയും കർണാടകയിലെയും എല്ലാ ജനങ്ങളോടും ഞാൻ ക്ഷമ ചോദിക്കുന്നു.' ഡി.കെ ശിവകുമാർ പറഞ്ഞു.

18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കന്നി ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ടീമിന് വലിയ സ്വീകരണ പരിപാടിയാണ് ബംഗളൂരു നഗരത്തിൽ ഒരുക്കിയത്.

പൊലീസിന് നിയന്ത്രിക്കാനാകുന്നതിലും അപ്പുറം ആളുകൾ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് ഒഴുകിയെത്തിയതോടെയാണ് ആഘോഷങ്ങൾ വൻദുരന്തത്തിലേക്ക് വഴിമാറിയത്. തിക്കിലും തിരക്കിലും പെട്ട് 11പേർ മരിച്ചുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. നിരവധിപേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

കർണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിൽ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു. ഇതിനിടെ സൗജന്യ പാസ്സിനായി ആളുകൾ തിരക്കുകൂട്ടിയതാണ് അപകടത്തിന് കാരണമായത്. ആയിരക്കണക്കിന് ആരാധകരാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് വിക്ടറി പരേഡിന് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ നിയന്ത്രണങ്ങളോടെ അനുമതി നൽകുകയായിരുന്നു.

Tags:    
News Summary - 'This Is Not A Controllable Crowd. I Apologise': Karnataka Deputy CM DK Shivakumar Amid Chinnaswamy Stadium Stampede

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.