ന്യൂഡൽഹി: രാജ്യത്തെ വഖഫ് ഭൂമികളുടെ വിശദാംശങ്ങൾ ഉമീദ് പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബർ അഞ്ചിൽ നിന്ന് നീട്ടണമെന്ന കേരള വഖഫ് ബോർഡ്, സമസ്ത കേരള ജംഇയ്യതുൽ ഉലമ എന്നിവരടക്കമുള്ളവരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. സമയം നീട്ടിക്കിട്ടാൻ ബന്ധപ്പെട്ട ട്രൈബ്യൂണലുകളെ സമീപിക്കാൻ അവകാശമുണ്ടായിരിക്കുമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ തീരുമാനം.
മുസ്ലിം സമുദായ സംഘടനകളുടെയും നേതാക്കളുടെയും ശക്തമായ പ്രതിഷേധം അവഗണിച്ച് പാസാക്കിയ വഖഫ് ഭേദഗതി നിയമം ഈ വർഷം ഏപ്രിൽ എട്ടിനാണ് കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ വരുത്തിയത്. തുടർന്ന്, ഇതുവരെ വിശദാംശങ്ങൾ സമർപ്പിക്കാത്ത രാജ്യത്തെ മുഴുവൻ വഖഫ് സ്വത്തുക്കളുടെയും രേഖകൾ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് ജൂൺ ആറിന് ഉമീദ് പോർട്ടൽ തുറന്നെങ്കിലും ഇതുസംബന്ധിച്ച ചട്ടങ്ങൾ ജൂലൈ മൂന്നിനാണ് പ്രാബല്യത്തിലാക്കിയത്.
വഖഫ് സ്വത്ത് രേഖകൾ അപ്ലോഡ് ചെയ്യാനുള്ള അവസാന തീയതി ഡിസംബർ അഞ്ചാണ്. സമയപരിധി വളരെ കുറവായതിനാൽ ഈ തീയതി നീട്ടണമെന്ന് വിവിധ ഹരജിക്കാർക്കുവേണ്ടി ഹാജരായ കപിൽ സിബൽ, അഭിഷേക് മനു സിങ്വി, പി.വി. ദിനേശ്, അഭിഭാഷകൻ സുൽഫിക്കർ അലി തുടങ്ങിയവർ ബോധിപ്പിച്ചെങ്കിലും ബെഞ്ച് തയാറായില്ല.
വഖഫ് ഭേദഗതി നിയമത്തിന്റെ മൂന്ന് (ബി) പ്രകാരം സമയപരിധി നീട്ടിനൽകാൻ ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്നും സുപ്രീംകോടതി ഇടപെടേണ്ട കാര്യമില്ലെന്നും കേന്ദ്ര സർക്കാറിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചതിനെ തുടർന്നായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.