രന്യയുടെ സ്വർണക്കടത്തിൽ രണ്ടാനച്ഛൻ ഡി.ജി.പി രാമചന്ദ്ര റാവുവിന്റെ പങ്ക് അന്വേഷിക്കും

ബം​ഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ രണ്ടാനച്ഛന് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നു. പൊലീസ് ഹൗസിങ് കോർപറേഷൻ ചുമതലയുള്ള ഡി.ജി.പിയുമായ രാമചന്ദ്ര റാവുവിലെക്കാണ് അന്വേഷണം നീണ്ടിരിക്കുന്നത്.

ഐ.പി.എസ് ഉദ്യോഗസ്ഥരടക്കം വി.വി.ഐപികൾ കടന്നു വരുന്ന ഗ്രീൻ ചാനലിലൂടെയായിരുന്നു നടി ബംഗളൂരു അന്താരാഷ്ട്ര വിമവനത്താവളത്തിൽനിന്ന് പുറത്തു വന്നിരുന്നത്. ഇപ്രകാരം സുരക്ഷാ പ്രോട്ടോക്കോൾ മറികടക്കാൻ ഡി.ജി.പിയുടെ സ്വാധീനം ദുരുപയോ​ഗിച്ചോ എന്നന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. പൊലീസ് ഉദ്യോ​ഗസ്ഥരുടെ വീഴ്ചയെക്കുറിച്ചും സി.ഐ.ഡി വിഭാ​ഗം അന്വേഷിക്കും. ബി.ജെ.പി സർക്കാരിന്റെ കാലത്ത് സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാൻ നടിക്ക് 12 ഏക്കർ ഭൂമി നൽകിയതും അന്വേഷണ പരിധിയിലുണ്ട്.

കേസിലെ സ്വർണക്കടത്ത് റാക്കറ്റുകളുടെ ബന്ധവും ഹവാല ഇടപാടുകളും സി.ബി.ഐ ആണ് അന്വേഷിക്കുന്നത്. സ്വർണക്കടത്ത് കേസിൽ പ്രതിയായ രന്യ റാവുവിൻ്റെ കൂട്ടാളിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരു സ്വദേശി തരുൺ രാജാണ് അറസ്റ്റിലായത്.

രന്യക്കൊപ്പം തരുൺ രാജ് വിദേശ യാത്രകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ നിന്നാണ് ഇയാളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആർ.ഐ) കസ്റ്റഡിയിലെടുത്തത്.14.8 കിലോഗ്രാം സ്വര്‍ണവുമായി രന്യ കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായത്. രന്യയുടെ ബെംഗളൂരു ലാവല്ലേ റോഡിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡി.ആർ.ഐ സംഘം അഞ്ച് കോടി രൂപയുടെ സ്വര്‍ണവും പണവും കണ്ടെടുത്തിരുന്നു.

Tags:    
News Summary - The role of DGP Ramachandra Rao, the Step father, in Ranya's gold smuggling will be investigated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.