മുംബൈ: ട്രെയിൻ യാത്രക്കാരന്റെ ഫോണിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞതോടെ മറനീക്കി പുറത്തുവന്നത് ഒരു മരണത്തിന് പിന്നിലെ ദുരൂഹത. മഹാരാഷ്ട്രയിലെ കല്യാണിൽ ഓടുന്ന ട്രെയിനിൽ െവച്ച് സാഹിദ് സെയ്ദി എന്ന യാത്രക്കാരൻ സെൽഫി വീഡിയോ പകർത്തുകയായിരുന്നു. പെട്ടെന്നാണ് ആകാശ് ജാദവ് എന്ന മോഷ്ടാവ് മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചത്.
മോഷ്ടാവിന്‍റെ ശ്രമം പരാജയപ്പെട്ടു. സാഹിദ് സെയ്ദിയുടെ ഫോൺ അയാൾക്ക് തട്ടിയെടുക്കാനായില്ല. എങ്കിലും സെയ്ദി ഈ സെൽഫി വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വീഡിയോ വൈറലാവുകയും ഇത് ശ്രദ്ധയിൽപ്പെട്ട കല്യാൺ റെയിൽവേ പൊലീസ് അന്വേഷണം നടത്തി ജാദവിനെ പിടികൂടുകയും ചെയ്തു.
പ്രതിയെ പരിശോധിച്ചപ്പോൾ ഒരു മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. ഈ ഫോൺ ആരുടേതാണെന്ന അന്വേഷണമാണ് ആരും അറിയാതെ പോകുമായിരുന്ന ഒരു ദുരൂഹ മരണത്തിന്‍റെ ചുരുളഴിച്ചത്.
ഫോൺ പുണെ സ്വദേശി പ്രഭാസ് ഭാംഗേ എന്നയാളുടേതാണെന്നാണ് മനസ്സിലായതെന്ന് റെയിൽവേ പൊലീസ് ഓഫീസർ പണ്ഡരിനാഥ് കാണ്ഡെ പറഞ്ഞു. പ്രഭാസ് ഭാംഗേ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് അയാൾ മരിച്ച വിവരം പൊലീസ് അറിഞ്ഞത്.
ഹോളി പ്രമാണിച്ച് നാട്ടിൽ പോയി മടങ്ങി വരുകയായിരുന്ന പ്രഭാസ് ഭാംഗേ, വിത്തൽവാഡി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽനിന്ന് വീണു മരിച്ചെന്നായിരുന്നു വിവരം ലഭിച്ചത്. എങ്ങിനെയാണ് ഭാംഗേ മരിച്ചത് എന്നതിനെക്കുറിച്ച് അതുവരെ വ്യക്തതയില്ലായിരുന്നു. ജാദവിനെ ചോദ്യം ചെയ്തോടെ എല്ലാം അവൻ ഏറ്റുപറഞ്ഞു.
കല്യാണിൽ നിന്ന് പുണെയിലേക്കുള്ള യാത്രയിലായിരുന്നു ഭാംഗേ. വിത്തൽവാഡി സ്‌റ്റേഷനിൽ വെച്ച് ഭാംഗേയുടെ ഫോൺ ജാദവ് തട്ടിയെടുത്തു. മൊബൈൽ ഫോൺ തിരികെ ലഭിക്കാൻ ഭംഗേ ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ് അപകടം സംഭവിക്കുകയായിരുന്നു. ഇതോടെ ഈ സംഭവത്തിലും ആകാശ് ജാദവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.