പവൻ ഖേര
ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും മോദി സർക്കാറിനുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ധനമന്ത്രി നിർമല സീതാരാമൻ കാണ്മാനില്ലെന്നും, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ മാത്രമാണ് അവർ പ്രത്യക്ഷപ്പെടുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. മോദി സർക്കാറിന്റെ തെറ്റായ നയങ്ങളാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ഇത്തരമൊരു പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്ത് ഒരു സാമ്പത്തിക കൊടുങ്കാറ്റ് വീശിയടിക്കാൻ പോവുകയാണെന്നും ഈ സർക്കാർ മാറാതെ വിലക്കയറ്റം നിയന്ത്രിക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം റായ്ബറേലിയിൽ രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് മറുപടിയായി, തങ്ങളുടെ നയങ്ങൾ സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്നും ജൻധൻ, മുദ്ര യോജന അക്കൗണ്ടുകൾ അദാനിമാർക്കും അംബാനിമാർക്കും വേണ്ടിയുള്ളതാണോ എന്നും ചോദിച്ച് ധനമന്ത്രി എക്സിൽ കുറിപ്പിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ധനമന്ത്രിക്കെതിരെ 'കാണാതായ മന്ത്രി' പ്രയോഗവുമായി കോൺഗ്രസ് രംഗത്തെത്തിയത്.
ധനമന്ത്രി അവകാശപ്പെടുന്ന പദ്ധതികളുടെ പൊള്ളത്തരം വ്യക്തമാക്കാൻ കോൺഗ്രസ് ചില കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്. ധനമന്ത്രി പറയുന്ന 58 കോടി ജൻധൻ അക്കൗണ്ടുകളിൽ 15 കോടിയും (26 ശതമാനത്തിലധികം) നിർജീവമാണ്. 62 ശതമാനം അക്കൗണ്ടുകളിലും 1000 രൂപയിൽ താഴെ മാത്രമാണ് നീക്കിയിരിപ്പുള്ളതെന്ന് പവൻ ഖേര ചൂണ്ടിക്കാണിച്ചു.
മുദ്ര പദ്ധതിക്ക് കീഴിലുള്ള നിഷ്ക്രിയ ആസ്തി (എൻ.പി.എ) 10 ശതമാനം കടന്നു. ഇതിൽ യാതൊരു സുതാര്യതയുമില്ല. അതേസമയം തന്നെ, പി.എം ഇന്റേൺഷിപ്പ് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയത് 7.34 ശതമാനം പേർ മാത്രമാണ്. 41 ശതമാനം പേരും പകുതിക്ക് വെച്ച് ഉപേക്ഷിച്ചു. 2025-26 വർഷത്തെ ബജറ്റ് വിഹിതത്തിന്റെ 0.6 ശതമാനം മാത്രമാണ് ഇതിനായി ചെലവഴിച്ചത്.
കഴിഞ്ഞ 12 വർഷത്തിനിടെ പെട്രോൾ വിലയിൽ 38 ശതമാനവും ഡീസൽ വിലയിൽ 62 ശതമാനവും വർധനവുണ്ടായിരുന്നു. 2014ൽ 414 രൂപയായിരുന്ന എൽ.പി.ജി സിലിണ്ടറിന്റെ വില ഇന്ന് 121 ശതമാനം വർധിച്ച് 915 രൂപയിലെത്തി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 15 ശതമാനം കടന്നതായും കോൺഗ്രസ് ആരോപിച്ചു.
ലക്ഷ്പതി ദീദിമാരെക്കുറിച്ച് (സമ്പന്നരായ സഹോദരിമാർ) സംസാരിക്കുന്ന ധനമന്ത്രി, രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾക്ക് മുന്നിൽ 'കാണാതായ ദീദി'യായി മാറിയിരിക്കുകയാണെന്ന് പവൻ ഖേര പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എപ്പോഴും ലക്ഷ്യങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്ന ശീലമാണുള്ളതെന്ന് കോൺഗ്രസ് വിമർശിച്ചു. ആദ്യം 60 ദിവസങ്ങൾ ചോദിച്ചു, പിന്നീട് 60 മാസങ്ങൾ ചോദിച്ചു, ഇപ്പോൾ 2047 വരെയുള്ള സമയമാണ് ചോദിക്കുന്നത്. 2047ലെ വികസിത ഇന്ത്യയെന്ന സ്വപ്നം വിൽക്കുന്ന പ്രധാനമന്ത്രി, അതിനിടയ്ക്കുള്ള വർഷങ്ങളിലെ യഥാർഥ കണക്കുകൾ പുറത്തുവിടാൻ തയാറാകുന്നില്ല.
കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ 38 ബില്യൺ ഡോളറിന്റെ കുറവുണ്ടായി. അമേരിക്കയുമായുള്ള വ്യാപാരക്കരാർ കാരണം ഇന്ത്യയുടെ വ്യാപാര മിച്ചം 9 ബില്യൺ ഡോളറായി ഇടിഞ്ഞു. ഇതിനുപുറമെ, സമീപ മാസങ്ങളിൽ 2 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇന്ത്യൻ വിപണിയിൽനിന്ന് പിൻവലിക്കപ്പെട്ടതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.