തെലങ്കാനയിൽ എട്ട് വർഷമായിട്ടും നിർമാണം പൂർത്തിയാകാത്ത പാലം കനത്ത കാറ്റിൽ തകർന്നു

ഹൈദരാബാദ്: തെലങ്കാനയിൽ എട്ട് വർഷമായിട്ടും നിർമാണം പൂർത്തിയാകാത്ത പാലം കനത്ത കാറ്റിൽ തകർന്നു. പേഡാപള്ളി ജില്ലയിലാണ് പാലം തകർന്ന് വീണത്. രണ്ട് തൂണുകൾക്കിടയിലെ 100 അടി നീളം വരുന്ന രണ്ട് കോൺക്രീറ്റ് ഗിർഡറുകളാണ് തകർന്നു വീണത്.

തിങ്കളാഴ്ച രാത്രി 9.45ഓടെയായിരുന്നു സംഭവം. പ്ര​ദേശത്ത് കനത്ത മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു. പ്രദേശത്തെ രണ്ട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായാണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. 2016ൽ പ്രദേശത്തെ എം.എൽ.എയായ പുട്ട മധുവാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി 49 കോടി രൂപ അനുവദിക്കുകയും ചെയ്തു.

ഒരു വർഷത്തിനകം പാലത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്നാണ് അന്ന് അറിച്ചിരുന്നത്. എന്നാൽ, പിന്നീട് പണി നീണ്ടു പോവുകയായിരുന്നു. സർക്കാറിൽ നിന്നും കൃത്യമായി പണം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് പാലത്തിന്റെ കോൺട്രാക്ടർ തന്നെ പണി നിർത്തിവെക്കുകയായിരുന്നു.

പാലം പണി പൂർത്തിയാകാത്തതിനാൽ ഇതിന് അടിയിലൂടെയുള്ള ചെളി നിറഞ്ഞ റോഡാണ് ഗ്രാമീണർ ഗതാഗതത്തിനായി ഉപയോഗിക്കുന്നത്. പാലം തകർന്ന് വീഴുന്നതിന് തൊട്ടു മുമ്പ് ഈ വഴിയിലൂടെ 60ഓളം പേരുമായി ടൂറിസ്റ്റ് ബസ് കടന്നുപോയെന്നും തലനാരിഴക്കാണ് അവർ രക്ഷപ്പെട്ടതെന്നും ഗ്രാമീണർ പറഞ്ഞു. ഇതേ കോൺട്രാക്ടർ തന്നെ നിർമിച്ച തെലങ്കാനയിലെ മറ്റൊരു പാലവും സമാനരീതിയിൽ തകർന്നിരുന്നു. 2021ലാണ് പാലം തകർന്നു വീണത്.

Tags:    
News Summary - Telangana Bridge, Under Construction For 8 Years, Gone With The Wind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.