ഒഡീഷയിൽ സെന്‍സസിനായി നിയോഗിച്ച അധ്യാപകരുടെ മരണം: സൂര്യാഘാതമെന്ന് സംശയം

ഭുവനേശ്വർ/ബാരിപദ: ഒഡീഷയിൽ സെൻസസിനായി നിയോഗിച്ച രണ്ട് അധ്യാപകർ മരിച്ചു. മരണകാരണം സൂര്യാഘാതമാണെന്നാണ് നിഗമനം. രണ്ട് ദിവസങ്ങളിലായി മയൂർഭഞ്ജ്, സുന്ദർഗഡ് ജില്ലകളിലെ അധ്യാപകരായ രാജ്കപൂർ ഹെംബ്രം,അനുരാഗ് എക്ക എന്നിവരാണ് മരിച്ചത്. ഈ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണിത്.

ബെട്നോട്ടി ബ്ലോക്കിലെ വൈദ്യനാഥ് ഹൈസ്കൂൾ അധ്യാപകനായ രാജ്കപൂർ ഹെംബ്രം ഞായറാഴ്ച വൈകുന്നേരം ബാരിപദയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വീടുതോറുമുള്ള സെൻസസ് സർവേ കഴിഞ്ഞ് മടങ്ങിയെത്തിയ ഇദ്ദേഹം ബോധരഹിതനായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തനിക്ക് സുഖമില്ലെന്ന് അറിയിച്ചിട്ടും ജോലി തുടരാൻ അധികൃതർ സമ്മർദ്ദം ചെലുത്തിയതായി കുടുംബാംഗങ്ങൾ ആരോപിച്ചു. സുന്ദർഗഡിലെ ജറഡ സർക്കാർ ഹൈസ്കൂൾ അധ്യാപകനായ അനുരാഗ് എക്ക ശനിയാഴ്ച സെൻസസ് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. പിന്നാലെയായിരുന്നു മരണം.

ഏപ്രിൽ 21ന് സോനാപൂർ ജില്ലയിൽ സെൻസസ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. താപനില ഉയർന്ന കാലാവസ്ഥയിൽ ജോലി ചെയ്യുന്ന സെൻസസ് ഉദ്യോഗസ്ഥർക്കായി സംസ്ഥാന സർക്കാർ ഇതിനകം തന്നെ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കരുതെന്ന് കർശന നിർദേശമുണ്ട്. ധാരാളം വെള്ളം കുടിക്കണമെന്നും ഫീൽഡ് വർക്കിന് പോകുമ്പോൾ ഒ.ആർ.എസ് കയ്യിൽ കരുതണമെന്നും ഉത്തരവിൽ പറയുന്നു. അധ്യാപകരുടെ മരണത്തെക്കുറിച്ച് ജില്ലാ കളക്ടർമാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഔദ്യോഗിക റിപ്പോർട്ട് ലഭിച്ചാലുടൻ കൃത്യമായ കാരണം വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Teachers deployed for census duty in Odisha die; heatstroke suspected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.