പ്രതീകാത്മക ചിത്രം

തമിഴ്നാട്ടിൽ 1,427 കോടിയുടെ മണൽ ഖനന അഴിമതി; മുൻ ഡി.എം.കെ മന്ത്രി ദുരൈ മുരുകനും പ്രതിപ്പട്ടികയിൽ

ചെന്നൈ: തമിഴ്നാട്ടിൽ 1,427.34 കോടി രൂപയുടെ മണൽ ഖനന അഴിമതി നടന്നതായ ആരോപണത്തിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയരക്ടറേറ്റിന്റെ (ഡി.വി.എ.സി) അന്വേഷണം. സംസ്ഥാനത്തെ 28 ക്വാറികളിലെ ഖനനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

ഇതിൽ എച്ചമ്പാടി, കന്ദനേരി, മാധവപെരുമാൾ കോവിൽ, ഒരുവന്തൂർ എന്നീ നാല് കേന്ദ്രങ്ങളിൽ നടത്തിയ വിശദമായ പരിശോധനയിൽ മാത്രം 1.42 കോടി യൂനിറ്റ് മണൽ (4.04 കോടി ഘനമീറ്റർ) അനധികൃതമായി ഖനനം ചെയ്തതായി കണ്ടെത്തി.

മുൻ ഡി.എം.കെ സർക്കാരിൽ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന മുതിർന്ന നേതാവ് ദുരൈ മുരുകനാണ് കേസിലെ പ്രധാന പ്രതികളിലൊരാൾ. അനധികൃത ഖനനത്തിൽ അദ്ദേഹത്തിന് സജീവ പങ്കുണ്ടെന്നാണ് നവംബർ അഞ്ചിന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ ആരോപണം. ദുരൈ മുരുകന് പുറമെ നിലവിലുള്ളതും വിരമിച്ചതുമായ 16 സർക്കാർ ഉദ്യോഗസ്ഥർ, ഏഴ് സ്വകാര്യ വ്യക്തികൾ, മൂന്ന് കമ്പനികൾ ഉൾപ്പെടെ 26 പേരെയും പ്രതിചേർത്തിട്ടുണ്ട്.

സർക്കാർ നിശ്ചയിച്ച ഖനന നടപടിക്രമങ്ങൾ വ്യാപകമായി ലംഘിച്ചാണ് ക്രമക്കേടുകൾ നടത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തുറന്ന ടെൻഡർ നടപടികൾ ഒഴിവാക്കി ഖനനം, മണൽ ഗതാഗതം, ലോഡിങ് തുടങ്ങിയ ജോലികൾ ചെറിയ കരാറുകളായി വിഭജിച്ച് നൽകിയതായാണ് ആരോപണം. അനുവദിച്ച ഖനനപരിധിയും ആഴവും ലംഘിച്ചതിന് ഡ്രോൺ സർവേയിൽ തെളിവുകൾ ലഭിച്ചു.

സേലം ആസ്ഥാനമായുള്ള സ്ഥാപനവും ഐ.ഐ.ടി കാൺപൂരിൽ പ്രവർത്തിക്കുന്ന ടെറാക്വാ യു.എ.വി സൊല്യൂഷൻസും നടത്തിയ പരിശോധനകളിൽ അനുവദിച്ച പ്രദേശത്തിന് പുറത്തും പാട്ടക്കാലാവധി അവസാനിച്ച ശേഷവും ഖനനം നടന്നതായി കണ്ടെത്തി. കൊബെൽകോ, ജെ.സി.ബി കമ്പനികളുടെ യന്ത്രങ്ങളുടെ പ്രവർത്തനരേഖകളും ക്രമക്കേടുകൾ സ്ഥിരീകരിക്കുന്നതായാണ് ഇ.ഡിയുടെ അന്വേഷണത്തിലെ കണ്ടെത്തൽ.

2024 ജൂണിൽ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റാണ് (ഇ.ഡി) ആദ്യം കേസെടുത്തത്. 2025 ഡിസംബറിൽ ഡി.എം.കെ സർക്കാർ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകി. 2026 മേയിൽ ഡി.എം.കെ അധികാരത്തിൽനിന്ന് പുറത്തായതിനു പിന്നാലെ അധികാരത്തിലെത്തിയ ടി.വി.കെ സർക്കാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുകയായിരുന്നു. 28 കേന്ദ്രങ്ങളിലെയും അന്വേഷണം പൂർത്തിയായാൽ കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Tamil Nadu Sand Mining Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.