തമിഴ്‌നാട്ടിൽ സൈൻബോർഡിലെ ഹിന്ദി പേരുകൾ മായ്ച്ചു; രണ്ട് ഹൈവേ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
തൂത്തുക്കുടി: തമിഴ്‌നാട്ടിൽ സ്റ്റേറ്റ് ഹൈവേയിലെ ദിശാസൂചികാ ബോർഡിൽ ഹിന്ദി ഭാഷ ഉപയോഗിച്ചതിനെതിരെയുള്ള വ്യാപക ജനരോഷത്തിന് പിന്നാലെ ഹിന്ദി വാക്കുകൾ അധികൃതർ രാത്രിക്ക് രാത്രി മായ്ച്ചുകളഞ്ഞു. സംഭവത്തിൽ ഉത്തരവാദികളായ തമിഴ്‌നാട് നാഷണൽ ഹൈവേസ് വിംഗിലെ രണ്ട് അസിസ്റ്റന്റ് എൻജിനീയർമാരെ സർവീസിൽ നിന്ന് അടിയന്തരമായി സസ്‌പെൻഡ് ചെയ്തു. സംഭവത്തെ രൂക്ഷമായി അപലപിച്ച മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ, തമിഴ്‌നാടിന്റെ പ്രഖ്യാപിത ദ്വിഭാഷാ നയത്തിൽ വെള്ളം ചേർക്കാൻ തമിഴക വെട്രി കഴകം സർക്കാർ ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നൽകി.
തൂത്തുക്കുടി ജില്ലയിലെ ആൾവാർതിരുനഗരി-വള്ളിയൂർ സംസ്ഥാന പാത 93-ൽ ശാത്താൻകുളം വഴിയുള്ള റോഡ് സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഉപയോഗിച്ച് നവീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ശാത്താൻകുളത്തിന് സമീപമുള്ള വള്ളിയമ്മാൾപുരത്ത് നാഷണൽ ഹൈവേസ് വിഭാഗം സ്ഥാപിച്ച പുതിയ സൂചനാ ബോർഡിലാണ് തമിഴിനും ഇംഗ്ലീഷിനും പുറമെ ഹിന്ദിയും ഉൾപ്പെടുത്തിയത്. ബോർഡിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വൻ ഭാഷാ വിവാദത്തിന് ഇത് തിരികൊളുത്തി.
കേന്ദ്രത്തിന്റെ പണി ഇപ്പോൾ സംസ്ഥാന സർക്കാരും ചെയ്യുന്നുവെന്നും ഹിന്ദി അടിച്ചേൽപ്പിക്കാൻ ഒരുനിലക്കും അനുവദിക്കില്ലെന്നും എം.കെ. സ്റ്റാലിൻ വ്യക്തമാക്കി.
വിവാദം കനത്തതോടെ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി സ്റ്റേറ്റ് ഹൈവേ വകുപ്പ് അധികൃതർ സ്ഥലത്തെത്തി ബോർഡിലെ ഹിന്ദി പേരുകൾ കറുത്ത മഷി ഉപയോഗിച്ച് പൂർണമായി മായ്ച്ചുകളഞ്ഞു.
ഹിന്ദി ഭാഷ ഉൾപ്പെടുത്തിയ വിവരം മേലുദ്യോഗസ്ഥരെ കൃത്യമായി അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് പ്രോജക്ടിന്റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് ഡയറക്ടർ ഭൂമിനാഥൻ, അസിസ്റ്റന്റ് എൻജിനീയർ മുത്തുലക്ഷ്മി എന്നിവരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതെന്ന് ഹൈവേ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.