കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റും അടുത്ത സഹായിയുമായ ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി സുവേന്ദു അധികാരി. ഇതൊരു ആസൂത്രിതമായ കൊലപാതകം ആണെന്നും സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും സുവേന്ദുആരോപിച്ചു.
ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമിൽ വെച്ചാണ് ചന്ദ്രനാഥ് രഥ് ആക്രമിക്കപ്പെട്ടത്. ബൈക്കുകളിലും കാറിലുമായെത്തിയ അക്രമിസംഘം ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ചന്ദ്രനാഥിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാല് മോട്ടോർ സൈക്കിളുകളിലായി എത്തിയ ഹെൽമെറ്റ് ധരിച്ച എട്ടുപേരടങ്ങുന്ന സംഘമാണ് വെടിവെപ്പ് നടത്തിയത്. ചന്ദ്രനാഥ് സഞ്ചരിച്ചിരുന്ന സ്കോർപ്പിയോ കാറിനെ സിലിഗുരി രജിസ്ട്രേഷനുള്ള (WB 74) മറ്റൊരു കാർ തടയുകയും, വാഹനം സ്ലോ ആയ നിമിഷം അക്രമികൾ അടുത്തുവന്ന് വെടിയുതിർക്കുകയുമായിരുന്നു. നെഞ്ചിലും വയറിലും വെടിയേറ്റ ചന്ദ്രനാഥ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം. ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന ബുദ്ധദേബ് എന്നയാൾക്കും വെടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തിന് ഉപയോഗിച്ച കാറിൽ ഉണ്ടായിരുന്നത് വ്യാജ നമ്പർ പ്ലേറ്റാണെന്ന് പശ്ചിമ ബംഗാൾ ഡി.ജി.പി സിദ്ധ് നാഥ് ഗുപ്ത അറിയിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. സുവേന്ദു അധികാരിയുടെ രാഷ്ട്രീയ യാത്രകളിൽ കഴിഞ്ഞ പത്ത് വർഷമായി നിഴലുപോലെ കൂടെയുണ്ടായിരുന്ന വ്യക്തിയായിരുന്നു ചന്ദ്രനാഥ് രഥ്. സംഭവമറിഞ്ഞ് സുകാന്ത മജുംദാർ, അർജുൻ സിങ് തുടങ്ങിയ മുതിർന്ന ബി.ജെ.പി നേതാക്കളും ആശുപത്രിയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.