ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയിട്ടും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കഴിയാതെ ഉഴലുന്ന ഡൽഹി ബി.ജെ.പിയിലെ അനിശ്ചിതത്വം ബുധനാഴ്ച അവസാനിക്കും. രാജ്യതലസ്ഥാനം ഭരിക്കുന്നത് ആരെന്ന് ഇന്ന് അറിയാം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ബി.ജെ.പി നിയമസഭാകക്ഷി യോഗം ബുധനാഴ്ച നടക്കും.
പുതിയ മുഖ്യമന്ത്രിയുടെ പേര് പാർട്ടിയുടെ നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനിക്കും. ഇതിനുശേഷം, സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച രാംലീല മൈതാനിയിൽ നടക്കും. ഫെബ്രുവരി 18ന് നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിനെ തോൽപിച്ച ജാട്ട് വിഭാഗത്തിൽ നിന്നുള്ള നേതാവ് പർവേഷ് വർമ, മുതിർന്ന നേതാക്കളായ വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ എന്നിവർക്കാണ് കൂടുതൽ സാധ്യത കൽപിക്കുന്നത്.
മുൻ മേയർ രേഖ ഗുപ്ത, ശിഖ റായ് എന്നിവരും പട്ടികയിലുണ്ട്. നീണ്ട 27 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത്. 70ൽ 48 സീറ്റുകൾ നേടിയാണ് 27 വർഷത്തിനുശേഷം ബി.ജെ.പി ഡൽഹി പിടിച്ചത്. തുടർച്ചയായി മൂന്നുതവണ അധികാരത്തിലുണ്ടായിരുന്ന ആം ആദ്മി പാർട്ടിക്ക് 22 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി മുഖ്യമന്ത്രിമാര്‍, എന്‍.ഡി.എ നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍, സിനിമ- ക്രിക്കറ്റ് താരങ്ങള്‍, ആത്മീയ നേതാക്കള്‍ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.