ലിംഗനിര്‍ണയ പരസ്യങ്ങള്‍ക്ക് സുപ്രീംകോടതിയുടെ കടിഞ്ഞാണ്‍

ന്യൂഡല്‍ഹി: ഗര്‍ഭസ്ഥശിശുവിന്‍െറ ലിംഗനിര്‍ണയം നടത്തുന്നതു സംബന്ധിച്ച ആശുപത്രികളുടെയും മറ്റു ക്ളിനിക്കുകളുടെയും പരസ്യങ്ങള്‍ക്ക് സുപ്രീംകോടതിയുടെ കടിഞ്ഞാണ്‍. ഇത്തരം പരസ്യങ്ങള്‍ സമൂഹത്തിലെ സ്ത്രീ-പുരുഷാനുപാത സന്തുലിതത്വം അട്ടിമറിച്ചുവെന്ന് നിരീക്ഷിച്ച കോടതി ഇവ ഇല്ലാതാക്കുന്നതിന് സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് ആരാഞ്ഞു.

മാധ്യമങ്ങളില്‍ വരുന്ന ലിംഗനിര്‍ണയ പരസ്യങ്ങളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പ്രത്യേക ഏജന്‍സിയെ നിയോഗിക്കണമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു. 36 മണിക്കൂറിനുള്ളില്‍ ഇതുസംബന്ധിച്ച ഇന്‍റര്‍നെറ്റ് സേര്‍ച് എന്‍ജിന്‍ പരസ്യങ്ങളും പിന്‍വലിക്കാന്‍ കോടതി ഉത്തരവിട്ടു. കേസ് അടുത്ത ഫെബ്രുവരി 17ന് വീണ്ടും പരിഗണിക്കും.

ലിംഗനിര്‍ണയ പരസ്യങ്ങള്‍ സമൂഹത്തില്‍ അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നെന്നും അതിനാല്‍ ഇവക്ക് നിയന്ത്രണം വേണമെന്നും ചൂണ്ടിക്കാട്ടി സാബു മാത്യു ജോര്‍ജ് എന്നയാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം. ഇന്‍റര്‍നെറ്റ് പരസ്യങ്ങള്‍ സ്ഥിതി കൂടുതല്‍ വഷളാക്കിയെന്നായിരുന്നു ഹരജിയിലെ പ്രധാന വാദം. ഇക്കാര്യം അംഗീകരിച്ച കോടതി, ജനിക്കുന്നത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന് മുന്‍കൂട്ടി അറിഞ്ഞതുകൊണ്ട് രാജ്യത്തിന് പ്രത്യേകിച്ച് ഗുണമൊന്നുമില്ളെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍, മുന്‍കൂട്ടി അറിയുന്നതുമൂലം ഭ്രൂണഹത്യ വര്‍ധിച്ചിട്ടുണ്ട്.  ഗര്‍ഭാവസ്ഥയില്‍ ലിംഗനിര്‍ണയം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി  മുമ്പ് ഉത്തരവ് പുറപ്പെടുവിച്ച കാര്യവും കോടതി ഓര്‍മിപ്പിച്ചു.

 ഇക്കാര്യം പരിശോധിക്കാന്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹയോട് കോടതി ചോദിച്ചു. വിഷയത്തില്‍ കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും സേര്‍ച് എന്‍ജിനുകള്‍ സ്വന്തം നിലക്ക് അവ നിയന്ത്രിക്കട്ടെയെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി. സേര്‍ച് എന്‍ജിനുകള്‍ സ്വയംനിയന്ത്രിക്കുന്നത് സംബന്ധിച്ച് സര്‍ക്കാറുമായി ധാരണയിലത്തെിയിട്ടുണ്ട്. ചില പ്രത്യേക വാക്കുകള്‍ (കീവേഡ്സ്) ഉപയോഗിച്ച് സേര്‍ച് എന്‍ജിനില്‍ തിരഞ്ഞാല്‍ സ്വയം ‘ബ്ളോക്ക്’ ചെയ്യുന്ന സംവിധാനം ഈ കമ്പനികള്‍ ഒരുക്കിയിട്ടുണ്ടെന്നും ഇത് ഫലപ്രദമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, കേസില്‍ ഗൂഗ്ള്‍ ഇന്ത്യ അടക്കമുള്ള പ്രമുഖ സേര്‍ച് എന്‍ജിനുകള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.

Tags:    
News Summary - supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.