കൃഷിക്ക് അനുവദിച്ച ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മിക്കാമോ –സുപ്രീംകോടതി

ന്യൂഡല്‍ഹി: മൂന്നാറില്‍ ഭൂമി കൈയേറ്റ കേസില്‍ റിസോര്‍ട്ട് മാഫിയയെ പ്രതിരോധത്തിലാക്കി സുപ്രീംകോടതിയുടെ പരാമര്‍ശം.  ഏലകൃഷിക്ക് അനുവദിച്ച ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മിച്ചത് എങ്ങനെയെന്ന് ചോദിച്ച കോടതി, പകര്‍പ്പ് നോക്കി ഭൂമിക്ക് ഉടമസ്ഥാവകാശവും റിസോര്‍ട്ടുകള്‍ക്ക് പ്രവര്‍ത്തനാനുമതിയും നല്‍കിയ  ഹൈകോടതി വിധി പുന$പരിശോധിക്കുമെന്നും വ്യക്തമാക്കി. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെ, ജസ്റ്റിസുമാരായ പി.സി. ഘോഷ്, എ.എം. സപ്രേ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചിന്നക്കനാലിലെ ക്ളൗഡ് നയന്‍, പള്ളിവാസലിലെ മൂന്നാര്‍ വുഡ്സ് എന്നീ റിസോര്‍ട്ടുകള്‍ക്കുനേരെ മൂന്നാര്‍ ദൗത്യസംഘം സ്വീകരിച്ച നടപടികള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈകോടതി റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ ഒഴിപ്പിക്കല്‍ നിയമവിരുദ്ധമാണെന്ന ഹൈകോടതി വിധി നിലനില്‍ക്കില്ളെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. 1936ല്‍ തിരുവിതാംകൂര്‍ ഏലം ചട്ടപ്രകാരം പ്രാഥമിക രജിസ്ട്രേഷന്‍ മാത്രമാണ് നടന്നിട്ടുള്ളത്. ഇവിടെ ഏലകൃഷി ചെയ്യാനാണ് സ്ഥലം നല്‍കിയത്. അതില്‍ മാറ്റം വരുത്താനോ നിര്‍മാണപ്രവര്‍ത്തനം നടത്താനോ അനുമതി നല്‍കിയിട്ടില്ല. മാത്രമല്ല, തെളിവുകളും രേഖകളും പരിശോധിച്ച് ഉടമസ്ഥാവകാശം പതിച്ചുനല്‍കേണ്ടത് സിവില്‍ കോടതിയാണ്.

റിസോര്‍ട്ട് ഉടമകള്‍ നല്‍കിയ പകര്‍പ്പുവെച്ചാണ് ഹൈകോടതി ഉടമസ്ഥാവകാശം പതിച്ചുനല്‍കിയതെന്നും സര്‍ക്കാര്‍ വാദിച്ചു. കേസ് രേഖകള്‍ പരിശോധിച്ച സുപ്രീംകോടതി ബെഞ്ച്, ഭൂമി അനുവദിച്ച ആവശ്യത്തിനല്ല  ഉപയോഗിക്കപ്പെട്ടതെന്ന് നിരീക്ഷിച്ചു. ഏലകൃഷി നടത്താന്‍ അനുവദിച്ച ഭൂമിയില്‍ എങ്ങനെയാണ് റിസോര്‍ട്ട് നിര്‍മിക്കാനാവുക.  സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതുപോലെ പകര്‍പ്പ് നോക്കിയാണ് ഭൂമിയുടെ ഉടമസ്ഥാവകാശം പതിച്ചുനല്‍കിയതെങ്കില്‍ ഹൈകോടതി വിധി പുന$പരിശോധിക്കപ്പെടേണ്ടതാണ്. സംസ്ഥാന സര്‍ക്കാറിന്‍െറ ഹരജില്‍ വിശദമായ വാദം കേള്‍ക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.   

വി.എസ് സര്‍ക്കാറിന്‍െറ കാലത്താണ് മൂന്നാറില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചത്. ഒഴിപ്പിക്കല്‍ നടപടിക്കെതിരെ റിസോര്‍ട്ട് ഉടമകള്‍ നല്‍കിയ ഹരജി പരിഗണിച്ച ഹൈകോടതി സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്ന് വിധിച്ചു. ക്ളൗഡ് നയന്‍, വുഡ്സ് റിസോര്‍ട്ടുകള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഏറ്റെടുത്ത ഭൂമി തിരികെ നല്‍കണമെന്നുമായിരുന്നു ഹൈകോടതി വിധി.  

ഇതിനെതിരെ സര്‍ക്കാര്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലത്തെിയത്. സര്‍ക്കാറിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷെ രാജന്‍ ശങ്കറും റിസോര്‍ട്ട് ഉടമകള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയും ഹാജരായി.

 

Tags:    
News Summary - supreme court verdict about resort building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.