ന്യൂഡൽഹി: ഹസ്രത്ത് സത്പീർ സയ്യിദ് ബാബ ദർഗയുടെ നിർമിതികൾ പൊളിച്ചുനീക്കാൻ നാസിക് മുനിസിപ്പൽ കോർപറേഷൻ (എൻ.എം.സി) പുറപ്പെടുവിച്ച നോട്ടീസ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഏപ്രിൽ ഒന്നിന് നൽകിയ നോട്ടീസിനെതിരെ നൽകിയ ദർഗ ട്രസ്റ്റിന്റെ ഹരജി പട്ടികപ്പെടുത്താതിരുന്നത് സംബന്ധിച്ച് ബോംബെ ഹൈകോടതി രജിസ്ട്രാർ ജനറൽ വിശദീകരണം നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
അനധികൃത നിർമാണമെന്ന് ആരോപിച്ചാണ് എൻ.എം.സി ദർഗ ട്രസ്റ്റിന് പൊളിക്കൽ നോട്ടീസ് നൽകിയത്. തുടർന്ന് ട്രസ്റ്റ് ഏപ്രിൽ ഏഴിന് ബോംബെ ഹൈകോടതിയിൽ ഹരജി നൽകി. ഏപ്രിൽ 15ന് അധികൃതർ ദർഗ പൊളിച്ചുനീക്കാനാരംഭിച്ചു. ഇതോടെ മേഖലയിൽ സംഘർഷം ഉടലെടുത്തു. തുടർന്ന് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതി പൊളിക്കൽ നടപടി നിർത്തിവെക്കാൻ ഉത്തരവിടുകയായിരുന്നു. ബോംബെ ഹൈകോടതിയിൽ നൽകിയ ഹരജി ഫയലിൽ സ്വീകരിക്കാൻ വിസമ്മതിച്ചെന്ന് ട്രസ്റ്റിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ നവീൻ പഹ്വ ചൂണ്ടിക്കാട്ടി.
ഇത് ഗുരുതര ആരോപണമാണെന്ന് ജസ്റ്റിസുമാരായ പി.എസ്. നർസിംഹ, ജയ് മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി. ബോംബെ ഹൈകോടതി രജിസ്ട്രാർ ജനറലിൽനിന്ന് വിശദീകരണം തേടിയ കോടതി ഹരജി ഏപ്രിൽ 21ന് വാദം കേൾക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.