ന്യൂഡൽഹി: സുപ്രീംകോടതിയിലെ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം, ചീഫ് ജസ്റ്റിസിനെ കൂടാതെ, 33ൽ നിന്ന് 37 ആയി ഉയർത്തി രാഷ്ട്രപതി ദ്രൗപദി മുർമു ഓർഡിനൻസ് പുറപ്പെടുവിച്ചു. സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ പരിഹരിച്ച് നീതി ലഭ്യമാക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.
പുതിയ ഓർഡിനൻസ് പുറത്തിറക്കിയതോടെ സുപ്രീംകോടതിയിലെ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 38 ആയി ഉയർന്നു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ സമൂഹമാധ്യമമായ എക്സിലൂടെയാണ് വിവരം പുറത്തുവിട്ടത്.
പാർലമെന്റ് സമ്മേളനങ്ങൾ ഇല്ലാത്തപ്പോൾ ഓർഡിനൻസുകൾ പുറപ്പെടുവിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ഭരണഘടനയുടെ 123-ാം അനുച്ഛേദം പ്രകാരമാണ് ഓർഡിനൻസ് പുറപ്പെടുവിച്ചത്. 1956 ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) നിയമത്തിലെ സെക്ഷൻ 2 ഭേദഗതി ചെയ്ത് അതിലെ ‘33’ എന്ന വാക്ക് ‘37’ ആക്കി മാറ്റുന്നതിനായി ‘സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ഓർഡിനൻസ് 2026’ പുറപ്പെടുവിക്കുകയായിരുന്നു.
1950ൽ സുപ്രീം കോടതി രൂപീകരിക്കപ്പെട്ടപ്പോൾ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ എട്ട് ജഡ്ജിമാർ മാത്രമാണ് ഉണ്ടായിരുന്നത്. അവസാനമായി സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിച്ചത് 2019 ൽ ആയിരുന്നു. അന്ന് ചീഫ് ജസ്റ്റിസ് ഒഴികെ ജഡ്ജിമാരുടെ എണ്ണം 30ൽ നിന്ന് 33 ആയി ഉയർത്തി. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ 2026ൽ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം വീണ്ടും വർധിപ്പിച്ചിരിക്കുന്നത്. പുതിയ തസ്തികകളിലേക്കുള്ള നിയമനങ്ങൾ സുപ്രീംകോടതി കൊളീജിയം നടപടികളിലൂടെയായിരിക്കും നടക്കുക.
1956ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഓർഡിനൻസ് വരുന്നത്. മേയ് അഞ്ചിനാണ് സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 34 ൽ നിന്ന് 38 ആയി വർധിപ്പിക്കാനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.