മതത്തെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല –സുപ്രീംകോടതി

ന്യൂഡല്‍ഹി: മതത്തെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ളെന്നും അത്തരം ഒറ്റപ്പെട്ട സംഭവം പോലും സമൂഹത്തിന് ദോഷകരമാകുമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. മതത്തിന്‍െറ പേരില്‍ വോട്ടുപിടിക്കുന്നത് തെരഞ്ഞെടുപ്പ് അഴിമതിയാകുമോ എന്ന് പരിശോധിക്കുന്നതിനിടയിലാണ് സുപ്രീംകോടതി ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. അതേസമയം, വിവാദ ഹിന്ദുത്വ വിധിയെ തുടര്‍ന്നുള്ള ഈ കേസില്‍ സി.പി.എമ്മും പുതുതായി കക്ഷി ചേര്‍ന്നു. മതത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കണമെന്നാണോ നിങ്ങള്‍ വാദിക്കുന്നതെന്ന് ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ ബി.ജെ.പി സര്‍ക്കാറുകള്‍ക്ക് വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാറിന്‍െറ അഡീഷനല്‍ സോളിസിറ്റര്‍ തുഷാര്‍ മത്തേയോട് സുപ്രീംകോടതി ചോദിച്ചു. 

മതത്തെ സ്ഥാനാര്‍ഥികള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യം മാറിയെന്നും പുതിയ സാഹചര്യത്തില്‍ വ്യവസ്ഥാപിതമായ രീതിയില്‍ മതം തെരഞ്ഞെടുപ്പില്‍ വിഷയമാകുന്നത് പുനഃപരിശോധിക്കേണ്ടതാണെന്നും മത്തേ വാദിച്ചപ്പോഴായിരുന്നു ഈ ചോദ്യം. അത് ഈ ഹരജിയില്‍ പറയേണ്ടതല്ളെന്നും അതിന് വേണമെങ്കില്‍ 123ാം വകുപ്പ് എടുത്തുകളയാന്‍ മറ്റൊരു ഹരജി നല്‍കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. മതത്തെ സമൂഹത്തില്‍ നിന്ന് വേര്‍പെടുത്താന്‍ കഴിയില്ളെന്നായിരുന്നു തുഷാര്‍ മത്തേ ഇതിന് നല്‍കിയ മറുപടി. തുടര്‍ന്ന് പാര്‍ലമെന്‍റ് ഇനി മതത്തെ കൂടി രാഷ്ട്രീയ പ്രകിയയില്‍ ഉള്‍പ്പെടുത്തണമെന്നാണോ നിങ്ങളുടെ ആവശ്യമെന്ന് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളോട് സുപ്രീംകോടതി ചോദിച്ചു. വ്യവസ്ഥാപിതമായും വ്യക്തിപരമായും മതത്തെ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഏതെങ്കിലും ഒരു വ്യക്തി വമിപ്പിക്കുന്ന വിഷം പോലും എല്ലായിടത്തും പരക്കുമെന്നും തെരഞ്ഞെടുപ്പിനെയാകെ ബാധിക്കുമെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു. സ്ഥാനാര്‍ഥിക്കും തെരഞ്ഞെടുപ്പ് ഏജന്‍റിനും മതത്തിന്‍െറ പേരില്‍ വോട്ടുപിടിക്കാന്‍ പാടില്ലാത്തതുപോലെ ആ സ്ഥാനാര്‍ഥിയെ ബാധിക്കുന്ന തരത്തില്‍ ആര് മതമുപയോഗിച്ചാലും അഴിമതിയാകുമെന്ന് സുപ്രീംകോടതി ബെഞ്ചിലെ ഏഴംഗങ്ങളും ഏകസ്വരത്തില്‍ പറഞ്ഞു. മറ്റു നേതാക്കളുടെ പ്രസംഗങ്ങള്‍ അതുപോലെ കാണരുതെന്ന തുഷാര്‍ മത്തേയുടെ വാദം ഏഴ് ജഡ്ജിമാരും തള്ളി.

പാര്‍ട്ടിയും ഭരണകൂടവും ഒന്നാണെന്ന തരത്തിലാണ് തുഷാര്‍ മത്തേയുടെ വാദമെന്നും അതിനെ രണ്ടായി കാണണമെന്നും കേസില്‍ കക്ഷി ചേര്‍ന്ന ടീസ്റ്റ സെറ്റല്‍വാദിന് വേണ്ടി ഹാജരായ അഡ്വ. ഇന്ദിര ജയ്സിങ് ബോധിപ്പിച്ചു. ഹിന്ദുത്വം ഉപയോഗിക്കുന്നത് ആരായാലും തെരഞ്ഞെടുപ്പ് അഴിമതിയുടെ പരിധിയില്‍പ്പെടുമെന്നും അവര്‍ വാദിച്ചു. മതം തെരഞ്ഞെടുപ്പില്‍ ഇടപെടുന്നത് എന്തുനിലക്കും തടഞ്ഞ് ജനപ്രാതിനിധ്യ നിയമത്തിന്‍െറ ചൈതന്യം കാത്തുസൂക്ഷിക്കണമെന്ന് കേസില്‍ വ്യാഴാഴ്ച കക്ഷിചേര്‍ന്ന സി.പി.എം ആവശ്യപ്പെട്ടു. ലോകത്ത് ആദ്യമായി ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റത് കേരളത്തിലാണെന്നും  ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ അതിന് സാധിച്ചത് രാജ്യത്തെ മതേതരമായ ജനാധിപത്യ പ്രക്രിയയിലൂടെയാണെന്നും സി.പി.എമ്മിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ ബോധിപ്പിച്ചു.
 

Tags:    
News Summary - supreme court hindutva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.