ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് ബി.ജെ.പി മന്ത്രി വിജയ് ഷാ നടത്തിയ വർഗീയ പരാമർശത്തിൽ മധ്യപ്രദേശ് ഹൈകോടതിയോട് നടപടികൾ അവസാനിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.
സുപ്രീംകോടതിയിൽ കേസുണ്ടായിരിക്കെ മന്ത്രിക്കെതിരെ ഹൈകോടതിയിൽ സമാന്തര നടപടികൾ നടക്കുന്നുണ്ടെന്ന് മധ്യപ്രദേശ് സർക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചപ്പോഴാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
കേസിൽ അന്വേഷണത്തിന് മൂന്നംഗ സമിതി രൂപവത്കരിച്ച് സുപ്രീംകോടതി മേയ് 19ന് ഉത്തരവിട്ടിരുന്നു. തൽസ്ഥിതി റിപ്പോർട്ട് മേയ് 28ന് നൽകാനും അതുവരെ വിജയ് ഷായുടെ അറസ്റ്റ് തടയുകയും ചെയ്തു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിച്ച കോടതി അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല സ്റ്റേയും നീട്ടി. അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാൽ കൂടുതൽ സമയം നൽകണമെന്ന് മധ്യപ്രദേശ് സർക്കാർ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി, കേസ് ജൂലൈ രണ്ടാംവാരം പരിഗണിക്കുമ്പോൾ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.